
നിരവധി കോമഡി, ആക്ഷൻ സിനിമകളിലൂടെ പ്രേക്ഷക മനം കവർന്ന ബോളിവുഡ് താരമാണ് അക്ഷയ് കുമാർ. അടുത്തകാലം വരെ നടന്റേതായി പുറത്തിറങ്ങുന്ന സിനിമകളൊക്കെയും വലിയ വിജയം നേടിയിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ച് കാലമായി അക്ഷയ് കുമാർ സിനിമകൾ എല്ലാം ബോക്സ് ഓഫീസിൽ തകർന്നടിയുകയാണ്. എന്നിരുന്നാലും നടന്റെ മുൻകാല സിനിമകൾക്കൊക്കെയും ഇന്നും വലിയ ഫാൻ ഫോളോയിങ് ഉണ്ട്. ഇപ്പോഴിതാ അക്ഷയ് കുമാറിന്റെ പഴയ സിനിമയിൽ നിന്നുള്ള ഒരു ആക്ഷൻ സീൻ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം.
ഖിലാഡി 420 എന്ന സിനിമയിൽ അക്ഷയ് കുമാർ നടത്തിയ സ്റ്റണ്ട് സീൻ ആണ് ഇപ്പോൾ വീണ്ടും വൈറലായിരിക്കുന്നത്. അക്ഷയ് കുമാർ ഓടി വന്ന് ഒരു പ്ലെയ്നിലേക്ക് ചാടി കയറി അതിന് മുകളിൽ നിന്നുകൊണ്ട് യാത്ര ചെയ്യുന്ന സീൻ ആണ് ട്രെൻഡ് ആകുന്നത്. ഡ്യൂപ്പിന്റെ സഹായമില്ലാതെയാണ് അക്ഷയ് ഈ സീൻ ചെയ്തിരിക്കുന്നത്.
Akki 🔥
— Christopher Kanagaraj (@Chrissuccess) June 1, 2025
pic.twitter.com/QJBMiavgip
ടോം ക്രൂസിന്റെതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ മിഷൻ ഇമ്പോസിബിൾ ഫൈനൽ റെക്കണിങ് എന്ന സിനിമയിൽ നടൻ ഒരു പ്ലെയ്നിൽ തൂങ്ങികിടന്നുകൊണ്ടുള്ള ഒരു ഫൈറ്റ് സീൻ ഉണ്ട്. ഈ ആക്ഷൻ സീനിന് മറുപടി നൽകിക്കൊണ്ടാണ് അക്ഷയ് ആരാധകർ രംഗത്തെത്തിയിരിക്കുന്നത്. ടോം ക്രൂസിനും വർഷങ്ങൾക്ക് മുൻപ് അക്ഷയ് കുമാർ ഈ സ്റ്റണ്ട് ചെയ്തിട്ടുണ്ടെന്നാണ് അവർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്.
നീരജ് വോറ സംവിധാനം ചെയ്ത ഖിലാഡി 420 യിൽ അക്ഷയ് കുമാർ, മഹിമ ചൗധരി, ഗുൽഷൻ ഗ്രോവർ, അലോക് നാഥ് എന്നിവരായിരുന്നു പ്രധാന വേഷങ്ങളിൽ എത്തിയത്. സമ്മിശ്ര പ്രതികരണമാണ് സിനിമ നേടിയതെങ്കിലും ബോക്സ് ഓഫീസിൽ സിനിമ വിജയിച്ചിരുന്നു. അതേസമയം, മികച്ച പ്രതികരണവുമായി മിഷൻ ഇമ്പോസിബിൾ തിയേറ്ററിൽ മുന്നേറുകയാണ്. ഗംഭീര തിയേറ്റർ എക്സ്പീരിയൻസ് ആണ് സിനിമ നൽകുന്നതെന്നും പതിവ് പോലെ ആക്ഷൻ സീനുകളിൽ ടോം ക്രൂസ് ഞെട്ടിച്ചെന്നുമാണ് പ്രതികരണം. സിനിമയിലെ അണ്ടർവാട്ടർ സീനുകളും പ്ലെയിൻ ഫൈറ്റ് സീനുമെല്ലാം ശ്വാസമടക്കിപ്പിച്ചു കാണേണ്ട അവസ്ഥയാണെന്നുമാണ് സിനിമ കണ്ട ഒരു പ്രേക്ഷകൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്.
Content Highlights: Akshay Kumar action scene goes viral