നെറ്റ്ഫ്ലിക്സ് ഇങ്ങനെ പണി കൊടുക്കുമെന്ന് സൂര്യ കരുതി കാണില്ല; ചിരിപ്പിച്ച് 'കനിമ'യുടെ മലയാളം വേർഷൻ

ചിരിക്കണം എന്നുള്ളവർ കനിമയുടെ മലയാളം പതിപ്പ് കണ്ടോളൂ എന്നും പലരും എക്സിൽ കുറിക്കുന്നുണ്ട്

dot image

സൂര്യയെ നായകനാക്കി കാർത്തിക് സുബ്ബരാജ് ഒരുക്കിയ ചിത്രമായിരുന്നു റെട്രോ. ഒരു ആക്ഷൻ ഗ്യാങ്സ്റ്റർ ചിത്രമായി തിയേറ്ററിലെത്തിയ സിനിമയ്ക്ക് മോശം അഭിപ്രായങ്ങൾ ആയിരുന്നു ലഭിച്ചത്. അതേസമയം ചിത്രത്തിലെ 'കനിമ' എന്ന ഗാനം വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. സിംഗിൾ ഷോട്ടിൽ ചിത്രീകരിച്ച ഗാനത്തിന്റെ വിഷ്വലുകളും ഡാൻസും ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രം കഴിഞ്ഞ ദിവസം നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീമിങ് ആരംഭിച്ചിരുന്നു. മലയാളത്തിലും സിനിമ ലഭ്യമാണ്. ഇപ്പോഴിതാ മലയാളം പതിപ്പിലെ കനിമ ഗാനമാണ് വൈറലായിരിക്കുന്നത്.

മോശം വരികളും ആലാപനവും കൊണ്ട് ചിരിപ്പിക്കുന്ന തരത്തിലാണ് കനിമയുടെ മലയാളം വേർഷൻ എന്നാണ് കമന്റുകൾ. ചിരിക്കണം എന്നുള്ളവർ കനിമയുടെ മലയാളം പതിപ്പ് കണ്ടോളൂ എന്നും പലരും എക്സിൽ കുറിക്കുന്നുണ്ട്. മലയാളം ഗാനത്തിന്റെ വീഡിയോയും പലരും എക്സിലൂടെ പങ്കുവെക്കുന്നുണ്ട്. സൂര്യ, പൂജ ഹെഗ്‌ഡെ എന്നിവരുടെ കിടിലൻ നൃത്തച്ചുവടുകൾ തന്നെയാണ് ഗാനത്തിന്റെ ഹൈലൈറ്റ്. കാര്‍ത്തിക് സുബ്ബരാജിന്റെ സംവിധാനത്തില്‍ മെയ് ഒന്നിനാണ് റെട്രോ തിയേറ്ററുകളിലെത്തിയത്. സിനിമയുടെ ആഗോള കളക്ഷന്‍ 235 കോടി കടന്നിരിക്കുകയാണെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.

അതേസമയം, റെട്രോക്ക് മികച്ച പ്രതികരണമാണ് ഒടിടിയിൽ ലഭിക്കുന്നത്. സിനിമയിലെ ചില രംഗങ്ങളിലെ സൂര്യയുടെ പ്രകടനം എടുത്ത് പറഞ്ഞു പ്രശംസിക്കുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയ. സിനിമ തിയേറ്ററിൽ കാണാതിരുന്നത് വലിയ നഷ്ടമായെന്ന് ആരാധകര്‍ പറയുന്നു. ശാരീരികക്ഷമത നിലനിർത്തുന്ന സൂര്യയ്ക്ക് അഭിനന്ദനവും നിറയുന്നുണ്ട്. സിനിമയിലെ സ്റ്റണ്ടുകളും ആരാധകരുടെ കണ്ണിൽ ഉടക്കുന്നുണ്ട്.

പൂജ ഹെഗ്‍ഡെ നായികയാവുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്, ജയറാം, കരുണാകരന്‍, നാസര്‍, പ്രകാശ് രാജ്, സുജിത്ത് ശങ്കര്‍, തരക് പൊന്നപ്പ, തമിഴ്, കൃഷ്‍ണകുമാര്‍ ബാലസുബ്രഹ്മണ്യൻ, പ്രേം കുമാര്‍ എന്നിവരും കഥാപാത്രങ്ങളായി എത്തിയിരുന്നു. ശ്രേയസ് കൃഷ്‍ണയാണ് ചിത്രത്തിൻ്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരുന്നത്. ചിത്രത്തിൻ്റെ സംഗീത സംവിധാനം നിർവഹിച്ചത് സന്തോഷ് നാരായണനാണ്.

Content Highlights: Retro Kanimaa malayalam version goes viral

dot image
To advertise here,contact us
dot image