
മോഹൻലാൽ നായകനായ തുടരും എന്ന സിനിമയിലെ പുതിയ ബിടിഎസ് പുറത്തുവിട്ട് അണിയറപ്രവർത്തകർ. തിയേറ്ററിൽ ഏറെ കയ്യടി കിട്ടിയ 'പൊലീസ് സ്റ്റേഷൻ' ഫൈറ്റിന്റെയും ക്ലൈമാക്സ് ഫൈറ്റിന്റെയും ഉൾപ്പടെയുള്ള സംഘട്ടന രംഗങ്ങളുടെ ബിടിഎസ്സാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ഈ സംഘട്ടന രംഗങ്ങളുടെ ചിത്രീകരണ അനുഭവം സംവിധായകൻ തരുൺ മൂർത്തിയും നിർമാതാവ് എം രഞ്ജിത്തും ഛായാഗ്രാഹകൻ ഷാജി കുമാറും എഡിറ്റർ ഷഫീഖും സംഗീത സംവിധായകൻ ജേക്സ് ബിജോയിയും ഓഡിയോഗ്രാഫർ വിഷ്ണു ഗോവിന്ദും പങ്കുവെക്കുന്നുമുണ്ട് ഈ വീഡിയോയിൽ.
ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഇതിനകം വൈറലായി കഴിഞ്ഞു. സംഘട്ടന രംഗങ്ങളിലെ മോഹൻലാലിന്റെ മെയ്വഴക്കം തന്നെയാണ് ഈ ബിടിഎസ്സിന്റെ ഹൈലൈറ്റായി ആരാധകർ ചൂണ്ടിക്കാട്ടുന്നത്. ഒപ്പം സംഘട്ടന രംഗങ്ങളുടെ ചിത്രീകരണത്തിന് ശേഷം സഹപ്രവർത്തകരോടുള്ള നടന്റെ കരുതലും വീഡിയോയിൽ ആരാധകർ ചൂണ്ടിക്കാട്ടുന്നുണ്ട്.
അതേസമയം കഴിഞ്ഞ ദിവസം മുതൽ ചിത്രം ഒടിടി സ്ട്രീമിങ് ആരംഭിച്ചിരുന്നു. ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് തുടരും ഒടിടി സ്ട്രീം ചെയ്യുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും സിനിമ ലഭ്യമാണ്. സിനിമയ്ക്ക് ഒടിടിയിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന സിനിമയിൽ പ്രകാശ് വർമ, ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, തോമസ് മാത്യു, ഇർഷാദ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ എത്തുന്നുണ്ട്. കെ ആര്‍ സുനിലിന്റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും ചേര്‍ന്നാണ് തുടരുമിന്റെ തിരക്കഥ ഒരുക്കിയത്.
Content Highlights: Mohanlal movie Thudarum fight scenes BTS