
ഹൃത്വിക് റോഷനെ നായകനാക്കി അയൻ മുഖർജി ഒരുക്കുന്ന സ്പൈ ആക്ഷൻ ചിത്രമാണ് വാർ 2 . തെലുങ്ക് സൂപ്പർതാരം ജൂനിയർ എൻടിആറും സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബോളിവുഡിലെ ഹിറ്റ് സിനിമാറ്റിക് യൂണിവേഴ്‌സ് ആയ യഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്‌സിലെ ഏറ്റവും പുതിയ ചിത്രമാണ് ഇത്. സിനിമയുടെ ടീസർ നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ സിനിമയിലെ ഹൃത്വികിന്റെയും ജൂനിയർ എൻടിആറിൻ്റെയും പ്രതിഫലങ്ങളെ സംബന്ധിച്ച റിപ്പോർട്ടാണ് പുറത്തുവരുന്നത്.
കൊയ്‌മോയിയുടെ റിപ്പോര്‍ട്ട് പ്രകാരം ജൂനിയർ എൻടിആറിന് 60 കോടിയാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ഇത് അദ്ദേഹത്തിന്റെ മുൻചിത്രമായ ആർആർആറിന് ലഭിച്ച പ്രതിഫലത്തേക്കാൾ കൂടുതലാണ്. 45 കോടിയാണ് ജൂനിയർ എൻടിആറിന് ആർആർആറിൽ ലഭിച്ചത്. അതേസമയം, ഹൃത്വിക് റോഷന് 48 കോടിയാണ് പ്രതിഫലമായി ലഭിച്ചിരിക്കുന്നത്. നായികയായി എത്തുന്ന കിയാരാ അദ്വാനിക്ക് 15 കോടിയാണ് പ്രതിഫലം. ഇതുവരെയുള്ള കിയാരയുടെ ഏറ്റവും വലിയ പ്രതിഫലമാണ് ഇത് എന്നാണ് റിപ്പോർട്ട്. ടീസറിലെ കിയാരായുടെ രംഗങ്ങൾ ഇതിനോടകം വൈറലായിക്കഴിഞ്ഞു. അതേസമയം സിനിമയുടെ ടീസറിന് മോശം പ്രതികരണങ്ങളാണ് ലഭിക്കുന്നത്.
ചിത്രത്തിന്റെ മേക്കിങ്ങിനും വിഎഫ്എക്സിനും ആക്ഷൻ സീനുകൾക്കും വിമർശനങ്ങൾ ഉയരുന്നുണ്ട്. ഈ സ്പൈ യൂണിവേഴ്സിന്റെതായി നേരത്തെ പുറത്തിറങ്ങിയ സിനിമകളെ ഓർമിപ്പിക്കുന്ന തരത്തിലുള്ള മേക്കിങ് ആണ് വാറിന്റേതെന്നും ഔട്ട്ഡേറ്റഡ് ആയി തോന്നുന്നു എന്നുമാണ് പ്രേക്ഷകരുടെ കമന്റ്. മൗണ്ടെൻ ഡ്യൂ പരസ്യം പോലെയാണ് ടീസർ ഉള്ളതെന്നും അഭിപ്രായങ്ങളുണ്ട്. ആക്ഷൻ സീനുകളിൽ ഗ്രീൻ സ്ക്രീനുകൾ തെളിഞ്ഞ് കാണാമെന്നും സിനിമയിലെങ്കിലും വിഎഫ്എക്സ് നന്നായി വരട്ടെയെന്നും കമൻ്റുകൾ വരുന്നുണ്ട്. അതേസമയം, ഹൃത്വിക് റോഷന് കയ്യടികൾ ലഭിക്കുന്നുണ്ട്.
ആഗസ്റ്റ് 14 ന് വാർ 2 ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. മേജർ കബീർ ധലിവാൾ എന്ന റോ ഏജന്റിനെയാണ് ചിത്രത്തിൽ ഹൃതിക് റോഷൻ അവതരിപ്പിക്കുന്നത്. യഷ് രാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ആദിത്യ ചോപ്രയാണ് 'വാർ 2' നിർമിക്കുന്നത്. ജൂനിയർ എൻടിആറിന്റെ ആദ്യ ബോളിവുഡ് ചിത്രമാണിത്. സ്പൈ യൂണിവേഴ്സിലെ ആറാമത്തെ ചിത്രമാണ് 'വാർ 2'. 'ബ്രഹ്മാസ്ത്ര' എന്ന ചിത്രത്തിന് ശേഷം അയൻ മുഖർജി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സിനിമയിൽ ഷാരൂഖ് ഖാന്റെ പത്താനും സൽമാൻ ഖാന്റെ ടൈഗറും കാമിയോ വേഷങ്ങളിലെത്തുമെന്ന റിപ്പോർട്ടുകളുമുണ്ട്.
Content Highlights: Hrithik Roshan and Jr NTR fees in War 2