
ലോക സിനിമാ-സീരീസ് പ്രേമികൾ ഒന്നടങ്കം കാത്തിരുന്ന ഒന്നായിരുന്നു നെറ്റ്ഫ്ലിക്സിന്റെ 'ടുഡും 2025' ഇവന്റ്. 2025 ലേക്കുള്ള നെറ്റ്ഫ്ലിക്സിന്റെ സീരീസുകളും സിനിമകളും ഈ ഇവന്റിലാണ് പ്രഖ്യാപിക്കുന്നത്. ഇന്ത്യൻ സമയം വെളുപ്പിന് 5.30 നായിരുന്നു 'ടുഡും 2025 ' ഇവന്റ് അരങ്ങേറിയത്. ഇപ്പോഴിതാ പ്രേക്ഷകർ ഒന്നടങ്കം കാത്തിരുന്ന സീരീസ് ആയ സ്‌ട്രെയ്ഞ്ചര്‍ തിങ്സിൻ്റെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്.
മൂന്ന് ഭാഗങ്ങളായിട്ടാണ് സ്‌ട്രെയ്ഞ്ചര്‍ തിങ്സ് 5 പുറത്തിറങ്ങുന്നത്. ഇതിൻ്റെ ആദ്യ ഭാഗം നവംബർ 27 നും രണ്ടാം ഭാഗം ക്രിസ്മസിനും അവസാന ഭാഗം 2026 പുതുവർഷ ദിനത്തിലുമായി പുറത്തിറങ്ങും. സ്‌ട്രെയ്ഞ്ചര്‍ തിങ്സിൻ്റെ അവസാന സീസണിന്റെ ടീസറും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. 2016 ജൂലൈ 15 നായിരുന്നു സ്‌ട്രെയ്ഞ്ചര്‍ തിങ്സിൻ്റെ ആദ്യ സീസൺ പുറത്തുവന്നത്. മികച്ച പ്രതികരണം നേടിയ സീരീസിലെ പ്രകടനങ്ങളും വിഷ്വൽസും കഥയും ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. തുടർന്ന് നാല് സീസണുകൾ ഈ സീരിസിന്റെതായി ഇറങ്ങി. 2022 മാർച്ച് 27 നായിരുന്നു സ്‌ട്രെയ്ഞ്ചര്‍ തിങ്സിൻ്റെ നാലാം സീസൺ പുറത്തിറങ്ങിയത്. രണ്ട് ഭാഗങ്ങളായിട്ടാണ് നാലാം സീസൺ റിലീസ് ചെയ്തത്.
മില്ലി ബോബി ബ്രൗൺ, വിനോന റൈഡർ, ഡേവിഡ് ഹാർബർ, ഫിൻ വുൾഫ്ഹാർഡ്, ഗെറ്റെൻ മറ്റാസോ, കാലേബ് മക്ലാഫ്ലിൻ, നതാലിയ ഡയർ തുടങ്ങിയവരാണ് സീരിസിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. സ്‌ട്രെയ്ഞ്ചര്‍ തിങ്സിനെ കൂടാതെ ഫ്രാങ്കെൻസ്റ്റൈൻ, മൈ ഓക്സ്ഫോർഡ് ഇയർ, ദി ആർഐപി, ഹാപ്പി ഗിൽമോർ 2, ദി ലൈഫ് ലിസ്റ്റ്, വേക്ക് അപ്പ് ഡെഡ് മാൻ: എ നൈവ്സ് ഔട്ട് മിസ്റ്ററി തുടങ്ങിയ സിനിമകളുടെ പ്രഖ്യാപനവും ടുഡും 2025 ഇവന്റിൽ നടത്തിയിരുന്നു.
Content Highlights: Stranger Things 5 release date announced