
അല്ലു അർജുനെ നായകനാക്കി സുകുമാർ സംവിധാനം ചെയ്ത ചിത്രമാണ് 'ആര്യ'. ഒരു റൊമാന്റിക് ഡ്രാമ ഴോണറിൽ എത്തിയ സിനിമ മികച്ച പ്രതികരണങ്ങൾ നേടുകയും ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തിരുന്നു. അല്ലു അർജുന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമയായിട്ടാണ് ആര്യയെ ആരാധകർ കണക്കാക്കുന്നത്. കേരളത്തിൽ അല്ലു അർജുന് സ്വീകാര്യത ഉണ്ടാക്കിക്കൊടുക്കുന്നതിൽ വലിയ പങ്കുവഹിച്ച സിനിമയാണ് ആര്യ.
സിനിമയുടെ വൻവിജയത്തെത്തുടർന്ന് സുകുമാർ ചിത്രത്തിന് രണ്ടാം ഭാഗവും ഒരുക്കിയിരുന്നു. ഇതും വലിയ വിജയമായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ മൂന്നാം ഭാഗം ഒരുങ്ങുന്നു എന്ന റിപ്പോർട്ടുകളാണ് വരുന്നത്. തെലുങ്കിലെ പ്രശസ്ത നിർമാതാവായ ദിൽ രാജു 'ആര്യ 3' എന്ന ടൈറ്റിൽ അടുത്ത സിനിമയ്ക്കായി രജിസ്റ്റർ ചെയ്തു എന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് മൂന്നാം ഭാഗത്തെക്കുറിച്ചുള്ള വാർത്തകൾ ഉയർന്നുകേട്ടത്. എന്നാൽ ആദ്യ രണ്ട് ഭാഗങ്ങളിൽ നായകനായി എത്തിയ അല്ലു അർജുൻ ഈ മൂന്നാം ഭാഗത്തിൽ ഉണ്ടാകില്ലെന്നും പകരം ആശിഷ് എന്ന നായകനാണ് സിനിമയിൽ പ്രധാന റോളിൽ എത്തുന്നതെന്നുമാണ് റിപ്പോർട്ട്. സുകുമാറിന് പകരം മറ്റൊരാളായിരിക്കും സിനിമ സംവിധാനം ചെയ്യുക എന്നും സൂചനകളുണ്ട്.
#DilRaju's #SVC registered title #Aarya3 for his nephew #Ashish. pic.twitter.com/xhunSk0wSn
— Censor Media (@CensorMedia) May 28, 2025
Recently #SVC registered the title #Aarya3. It is for #DilRaju’s nephew #Ashish. #Arya3
— 𝐁𝐡𝐞𝐞𝐬𝐡𝐦𝐚 𝐓𝐚𝐥𝐤𝐬 (@BheeshmaTalks) May 28, 2025
ലവ് മി, റൗഡി ബോയ്‌സ് തുടങ്ങിയ സിനിമകൾ അഭിനയിച്ച നടനാണ് ആശിഷ്. നിർമാതാവ് ദിൽ രാജുവിന്റെ അനന്തരവൻ കൂടിയാണ് ആശിഷ്. ഏപ്രിലിൽ അല്ലുവിന്റെ പിറന്നാൾ പ്രമാണിച്ച് ആര്യ 2 റീ റിലീസ് ചെയ്തിരുന്നു. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് റീ റിലീസിലും ലഭിച്ചത്. കാജൽ അഗർവാൾ, നവദീപ്, അജയ്, മുകേഷ് ഋഷി എന്നിവരായിരുന്നു സിനിമയിലെ മറ്റു അഭിനേതാക്കൾ. സിനിമയിലെ അല്ലുവിൻ്റെ ഡാൻസൊക്കെ ഇന്നും യുവാക്കൾക്കിടയിൽ പ്രശസ്തമാണ്. ടി.പ്രകാശ്, ചന്ദ്രശേഖർ ടി.രമേഷ് എന്നിവരായിരുന്നു സിനിമയ്ക്കായി തിരക്കഥ ഒരുക്കിയത്. ദേവി ശ്രീ പ്രസാദ് ഈണം നൽകിയ സിനിമയിലെ ഗാനങ്ങൾ എല്ലാം ഇന്നും പ്രേക്ഷകപ്രിയങ്കരമാണ്.
Content Highlights: Aarya 3 coming soon but not with Allu Arjun