അന്ന് എമ്പുരാനൊപ്പം ക്ലാഷ് വച്ച് പരാജയപ്പെട്ടു, ഇന്ന് ഒടിടിയിൽ എല്ലാവരുടെയും ഇഷ്ടചിത്രം; ചർച്ചയായി 'അഭിലാഷം'

വളരെ അണ്ടർറേറ്റഡ് ആയ നടനാണ് സൈജു കുറുപ്പെന്നും മികച്ച അഭിനയപ്രകടനമാണ് അഭിലാഷത്തിൽ നടൻ കാഴ്ചവച്ചിരിക്കുന്നത് എന്നാണ് സിനിമ കണ്ടവർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്

dot image

സൈജു കുറുപ്പിനെ നായകനാക്കി ഷംസു സൈബ സംവിധാനം ചെയ്ത റൊമാന്റിക് ഡ്രാമ ചിത്രമാണ് 'അഭിലാഷം'. മോഹൻലാൽ ചിത്രം എമ്പുരാനൊപ്പം മാർച്ചിൽ ആയിരുന്നു അഭിലാഷം തിയേറ്ററിലെത്തിയത്. കേരളത്തിലെ 90 ശതമാനം തിയേറ്ററുകളിലും എമ്പുരാൻ പ്രദർശനത്തിനെത്തിയപ്പോൾ വളരെ കുറച്ച് സ്ക്രീനുകൾ മാത്രമായിരുന്നു അഭിലാഷത്തിന് ലഭിച്ചത്. മോശമല്ലാത്ത പ്രതികരണം നേടിയിട്ടും ചിത്രത്തിന് അന്ന് തിയേറ്ററിൽ വിജയിക്കാനായിരുന്നില്ല.

ചിത്രം കഴിഞ്ഞ ദിവസം ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചിരുന്നു. മനോരമ മാക്‌സ്, ആമസോൺ പ്രൈം എന്നീ ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ഒടിടി റിലീസിന് ശേഷം ലഭിക്കുന്നത്. സിനിമയുടെ മേക്കിങ്ങിനും മ്യൂസിക്കിനും സൈജു കുറിപ്പിന്റെ പ്രകടനത്തിനും കയ്യടികൾ ലഭിക്കുന്നുണ്ട്. കഥയിൽ പുതുമകൾ ഒന്നും അവകാശപ്പെടാൻ ഇല്ലെങ്കിലും സിനിമയുടെ അവതരണം പ്രശംസ അർഹിക്കുന്നു എന്നാണ് കമന്റുകൾ. വളരെ അണ്ടർറേറ്റഡ് ആയ നടനാണ് സൈജു കുറുപ്പെന്നും മികച്ച പ്രകടനമാണ് അഭിലാഷത്തിൽ നടൻ കാഴ്ചവച്ചിരിക്കുന്നത് എന്നാണ് സിനിമ കണ്ടവർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്. ശ്രീഹരി കെ നായർ ഈണം നൽകിയ സിനിമയിലെ ഗാനങ്ങളും ശ്രദ്ധ നേടുന്നുണ്ട്.

'മണിയറയിലെ അശോകൻ' എന്ന സിനിമയ്ക്ക് ശേഷം ഷംസു സൈബ ഒരുക്കിയ സിനിമയാണ് 'അഭിലാഷം'. ജെനിത്ത് കാച്ചപ്പിള്ളി തിരക്കഥയെഴുതിയ സിനിമ നിർമിച്ചത് ആൻ സരിഗ ആൻ്റണിയും ശങ്കർ ദാസും ചേർന്നാണ്. അർജുൻ അശോകൻ, തൻവി റാം, നവാസ് വള്ളിക്കുന്ന്, ബിനു പപ്പു തുടങ്ങിയവരാണ് സിനിമയിലെ മറ്റു അഭിനേതാക്കൾ. എമ്പുരാനൊപ്പം അല്ലായിരുന്നു സിനിമയുടെ റിലീസെങ്കിൽ ചിത്രത്തിന് തിയേറ്ററിൽ വിജയിക്കാൻ സാധിച്ചേനെ എന്നും കമന്റുകൾ ഉയരുന്നുണ്ട്. എന്തായാലും ഒടിടി റിലീസിന് ശേഷം സിനിമാപ്രേമികൾ ഏറ്റെടുത്ത ചിത്രങ്ങളുടെ പട്ടികയിൽ അഭിലാഷവും ഇടംപിടിച്ചിരിക്കുകയാണ്.

Content Highlights: Saiju Kurup film Abhilasham gets good response on OTT

dot image
To advertise here,contact us
dot image