എറണാകുളം ബെല്‍റ്റ് എന്നായിരുന്നു ഞാനും മമ്മൂട്ടിയും ജോഷിയും ആ സിനിമയ്ക്ക്‌ശേഷം അറിയപ്പെട്ടത്;കലൂര്‍ ഡെന്നീസ്

തങ്ങളുടെ സങ്കല്പത്തിലെ ഭർത്താവിന്റെ നേർസ്വരൂപമായിട്ടാണ് മമ്മൂട്ടിയുടെ ആ കഥാപാത്രത്തെ അന്നത്തെ സ്ത്രീസമൂഹം കണ്ടിരുന്നത്

dot image

മലയാള സിനിമാപ്രേമികൾക്ക് ഏറെ പ്രിയപ്പെട്ട നിരവധി സിനിമകൾക്ക് തൂലിക ചലിപ്പിച്ച തിരക്കഥാകൃത്താണ് കലൂർ ഡെന്നീസ്. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജഗദീഷ് തുടങ്ങിയവർക്കൊപ്പം നിരവധി ഹിറ്റ് സിനിമകൾ അദ്ദേഹം ചെയ്തിട്ടുണ്ട്. ഇതിൽ തന്നെ കലൂർ ഡെന്നീസിന്റെ തിരക്കഥയിൽ ഏകദേശം 24 സിനിമകളിലാണ് മമ്മൂട്ടി നായകനായി അഭിനയിച്ചിട്ടുള്ളത്. ഇപ്പോഴിതാ മമ്മൂട്ടി-കലൂർ ഡെന്നിസ്-ജോഷി കൂട്ടുകെട്ട് സിനിമാക്കാർക്കിടയിൽ 'എറണാകുളം ബെൽറ്റ്' എന്നറിയപ്പെടാൻ തുടങ്ങിയതിന്റെ കഥ വിവരിക്കുകയാണ് കലൂർ ഡെന്നീസ്.

തന്റെ തിരക്കഥയിൽ മമ്മൂട്ടിയെ നായകനാക്കി ജോഷി സംവിധാനം ചെയ്ത ചിത്രമായ 'ആ രാത്രി' പുറത്തിറങ്ങുന്നതോടെയാണ് മമ്മൂട്ടി കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട നായക നടനായി മാറുന്നതെന്ന് കലൂർ ഡെന്നിസ് പറയുന്നു. തങ്ങളുടെ സങ്കല്പത്തിലെ ഭർത്താവിന്റെ നേർസ്വരൂപമായിട്ടാണ് മമ്മൂട്ടിയുടെ ആ കഥാപാത്രത്തെ അന്നത്തെ സ്ത്രീസമൂഹം കണ്ടിരുന്നത്. ഇതേ കൂട്ടുകെട്ടിൽ വന്‍വിജയമായ 'സന്ദർഭം' എന്ന സിനിമ ഇറങ്ങിയതിന് പിന്നാലെ ജോഷി-മമ്മൂട്ടി-കലൂര്‍ ഡെന്നീസ് കൂട്ടുകെട്ടിനെ സിനിമക്കാര്‍ 'എറണാകുളം ബെൽറ്റ്' എന്ന് വിളിക്കാൻ തുടങ്ങിയെന്നും കലൂർ ഡെന്നീസ് സമകാലിക മലയാളത്തിലെ 'എന്റെ നായക സ്വരൂപങ്ങൾ' എന്ന പംക്തിയിൽ കുറിച്ചു.

കലൂർ ഡെന്നീസിന്റെ എഴുത്തിന്റെ പൂർണരൂപം :

'കെ.ജി. ജോർജിന്റെ 'മേള'യും പി.ജി. വിശ്വംഭരൻ്റെ 'സ്ഫോടന‌'വും ഐ.വി. ശശി യുടെ 'തൃഷ്ണ'യും വന്നതോടെ മമ്മൂട്ടിയെന്ന നടനെ ജനം ശ്രദ്ധിക്കാൻ തുടങ്ങി. 1982-ൽ പുറത്തിറങ്ങിയ 'യവനിക'യാണ് മമ്മൂട്ടിയെ താരമൂല്യമുള്ള നായക നടനാക്കി ഉയർത്തിയത്. ആ സമയത്താണ് ജൂബിലിക്കുവേണ്ടി ഒരു സിനിമ ചെയ്യണമെന്നുള്ള ആഗ്രഹവുമായി കോട്ടയത്തുള്ള ജോയ് തോമസ് വരുന്നത്.

'രക്ത'വും 'കർത്തവ്യ'വും കഴിഞ്ഞ് ഞാനും ജോഷിയും കൂടി മധുസാറിനെവെച്ചുതന്നെ അടുത്ത പടം ചെയ്യാൻ വേണ്ടിയുള്ള തയ്യാറെടുപ്പുകൾ നടക്കുന്നതിനിടയിലാണ് പുതുമയുള്ള വ്യത്യസ്തമായ ഒരു കുടുംബ കഥയുയായി ജോയിയുടെ പെട്ടെന്നുള്ള വരവ്. കഥ കേട്ടുകഴിഞ്ഞപ്പോൾ ഇത് മധു സാറിന് പറ്റിയ റോളല്ലെന്ന് എനിക്കും ജോഷിക്കും തോന്നി. അപ്പോഴാണ് യവനികയിലെ മമ്മൂട്ടിയെക്കുറിച്ച് ഞാനോർത്തത്.

'ഈ റോൾ നമുക്ക് മമ്മൂട്ടിയെക്കൊണ്ട് ചെയ്യിച്ചാലോ? യവനികയിൽ അയാൾക്ക് നല്ല പേരാണ്', ഞാൻ പറഞ്ഞു. 'കൊള്ളാം. ഞാനും അത് ആലോചിക്കാതിരുന്നില്ല. മമ്മൂട്ടിയായിരിക്കും ആപ്റ്റ്', ജോഷിയും എന്നോട് ചേർന്നുനിന്നു. അങ്ങനെയാണ് 'ആ രാത്രി' ജനിക്കുന്നത്. മമ്മൂട്ടിയുടെ നായികയായി വന്നത് പൂർണിമ ജയറാമായിരുന്നു. കൂടാതെ സോമൻ, രതീഷ്, ലാലു അലക്സ്, കൊച്ചിൻ ഹനീഫ രോഹിണി തുടങ്ങിയവരായിരുന്നു മറ്റ് അഭിനേതാക്കൾ. ഇളയരാജയുടെതായിരുന്നു സംഗീതം. 1983 വിഷുവിനാണ് 'ആ രാത്രി' റിലീസ് ചെയ്തത്. ചിത്രം വലിയ പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തു. ഈ ചിത്രത്തോടു കൂടിയാണ് മമ്മൂട്ടി കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട നായക നടനായി മാറുന്നത്. തങ്ങളുടെ സങ്കല്പത്തിലെ ഭർത്താവിന്റെ നേർസ്വരൂപമായിട്ടാണ് മമ്മൂട്ടിയുടെ ആ കഥാപാത്രത്തെ അന്നത്തെ സ്ത്രീസമൂഹം കണ്ടിരുന്നത്.

'ആ രാത്രി'യുടെ വൻവിജയത്തിനുശേഷം ജൂബിലിക്ക് വേണ്ടിത്തന്നെയാണ് ഞങ്ങൾ അടുത്ത പടവും ചെയ്തത്. 'സന്ദഭ'മായിരുന്നു ആ ചിത്രം. മമ്മൂട്ടി, സരിത, ബേബി ശാലിനി, സീമ, സുകുമാരൻ, കൊച്ചിൻ ഹനിഫ തുടങ്ങിയവരായിരുന്നു അഭിനേതാക്കൾ. ഒരു വ്യാഴവട്ടക്കാലത്തിനിടയിൽ ഇത്രയധികം സ്ത്രീപ്രേക്ഷകർ തിയേറ്ററിലേയ്ക്ക് ഒഴുകിയെത്തിയ മറ്റൊരു സിനിമ വേറെ ഉണ്ടായിട്ടില്ലെന്നാണ് അന്നത്തെ നിരൂപകരും തിയേറ്ററുടമകളും വിതരണക്കാരുമൊക്കെ ഒരേ സ്വരത്തിൽ പറഞ്ഞിരുന്നത്.

'സന്ദർഭം' എറണാകുളം സരിതയിൽ ഓടിക്കൊണ്ടിരിക്കുമ്പോൾ നൂൺഷോ കാണാൻവേണ്ടി രാവിലെ 10 മുതൽ സ്ത്രീകളുടെ നീണ്ട നിര തിയേറ്ററിന്റെ ഗേറ്റും കഴിഞ്ഞ് മാർക്കറ്റ് റോഡുവരെ നിൽക്കുന്ന കാഴ്ചകണ്ട് ഞാൻ അത്ഭുതത്തോടെ നിന്നിട്ടുണ്ട്.

എറണാകുളം സരിത, തിരുവനന്തപുരം അഞ്ജലി തുടങ്ങിയ പ്രമുഖ കേന്ദ്രങ്ങളിൽ 150 ദിവസമാണ് 'സന്ദർഭം' നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ചത്. ഇതോടെയാണ് ജോഷി-മമ്മൂട്ടി-കലൂർ ഡെന്നീസ് ടീം എന്നൊരു പുതിയ കൂട്ടുകെട്ടുതന്നെ ഉണ്ടാകുന്നത്. 'എറണാകുളം ബെൽറ്റ്' എന്ന പേരിലായിരുന്നു ഞങ്ങളുടെ ഈ കൂട്ടുകെട്ട് സിനിമക്കാർക്കിടയിൽ പരക്കെ അറിയപ്പെട്ടിരുന്നത്', കലൂർ ഡെന്നിസ് എഴുതുന്നു.

Content Highlights: Kaloor Dennis shares the memory of Mammootty becoming a star

dot image
To advertise here,contact us
dot image