സ്വന്തം ഇൻഡസ്ട്രിയിലെ ചിലർ വേദനിപ്പിച്ചു, അഭിനന്ദിച്ചവർ കുറവ്, കമൽ സാറിന്റെ വാക്കുകൾ ഓസ്‌കാറിന് തുല്യം: ജോജു

'സ്വന്തം ഇന്‍ഡസ്ട്രിയിലെ ചില സഹപ്രവർത്തകരും മാധ്യമപ്രവർത്തകരും എന്നെ വേദനിപ്പിക്കുകയാണ് ചെയ്തത്. അങ്ങയുടെ പ്രശംസ എന്റെ ഹൃദയം നിറച്ചിരിക്കുന്നു'

dot image

തഗ് ലൈഫിന്റെ ഓഡിയോ ലോഞ്ചിൽ കമൽ ഹാസൻ ജോജുവിനെക്കുറിച്ച് പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ് ഇപ്പോൾ. ഇരട്ടയിലെ ജോജുവിന്റെ പ്രകടനം തന്നിൽ അസൂയ ഉണ്ടാക്കിയെന്നും ജോജു അസാധ്യ നടനാണെന്നും കമൽ പറഞ്ഞു. ഇപ്പോഴിതാ കമൽ ഹാസന്റെ വാക്കുകളോട് പ്രതികരിച്ച് ജോജു ജോർജ് എത്തിയിരിക്കുകയാണ്. കമൽ സാറിന്റെ വാക്കുകൾ തനിക്ക് ഓസ്കർ കിട്ടിയതിന് തുല്യമാണെന്ന് ജോജു ജോർജ് പറഞ്ഞു. തഗ് ലൈഫ് തനിക്ക് ജീവിതത്തിൽ മുന്നോട്ട് പോകാനുള്ള ആവേശം നൽകിയെന്നും ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ ജോജു പറഞ്ഞു.

'നന്ദി, കമൽ സാർ. ഇത് എനിക്ക് സ്വപ്നസാഫല്യമാണ്, വലിയ അവാർഡുകൾ ലഭിക്കണമെന്നുള്ളതായിരുന്നു എന്റെ സ്വപ്നം, എന്നാൽ എന്റെ അഭിനയത്തെ കുറിച്ച് നിങ്ങൾ പറഞ്ഞ വാക്കുകൾ എനിക്ക് ഓസ്കാർ കിട്ടിയത് പോലെയാണ്. നിങ്ങൾ അത്രവലിയ സൂപ്പർസ്റ്റാറാണ്, ഞങ്ങളുടെ യൂണിവേഴ്‌സൽ റോൾ മോഡലും. നിങ്ങളുടെ കടുത്ത ആരാധകനും ശിഷ്യനുമാണ് ഞാൻ. എന്റെ ഇൻഡസ്ട്രിയിൽ നിന്ന് പ്രശംസ കേൾക്കണമെന്ന് ഞാൻ ആഗ്രഹിച്ചിട്ടുണ്ട്. പലപ്പോഴും അതുണ്ടായിട്ടില്ല. എൻ്റെ റോളുകൾ മികച്ചതാക്കി മാറ്റാൻ ഞാൻ കഠിനമായി പരിശ്രമിച്ചു. എൻ്റെ എല്ലാ സിനിമകളിലും, ഞാൻ എങ്ങനെ ചെയ്തുവെന്ന് ഇൻഡസ്ട്രിയിൽ നിന്നുള്ള ആളുകൾ എന്നോട് പറയുമെന്ന് ഞാൻ എപ്പോഴും പ്രതീക്ഷിച്ചിരുന്നു. എന്നിരുന്നാലും, എൻ്റെ സ്വന്തം മേഖലയിൽ നിന്ന്, വളരെ കുറച്ചുപേർ മാത്രമേ എൻ്റെ റോളുകളും ജോലിയും അഭിനന്ദിച്ചിട്ടുള്ളൂ. ചില സഹപ്രവർത്തകരും മാധ്യമപ്രവർത്തകരും എന്നെ വേദനിപ്പിക്കുകയാണ് ചെയ്തത്. അങ്ങയുടെ പ്രശംസ എന്റെ ഹൃദയം നിറച്ചിരിക്കുന്നു'.

'എന്നാൽ ഇന്ന്, കമൽ സാറിൽ നിന്ന് എനിക്ക് ഇത്രയും അഭിനന്ദനം ലഭിച്ചതിൽ ഞാൻ വളരെ സന്തോഷവാനാണ്, അത് എന്റെ ദിവസം ആഘോഷമാക്കി. തഗ് ലൈഫ് എനിക്ക് മറക്കാനാവാത്ത ഒരു അനുഭവമാണ്. തഗ് ലൈഫ് എനിക്ക് ജീവിതത്തിൽ മുന്നോട്ട് പോകാനുള്ള പ്രേരണ നൽകി. എന്നെ പിന്തുണച്ച എല്ലാവർക്കും ഈ അഭിനന്ദനം സമർപ്പിക്കുന്നു. നന്ദി, മണി സർ, എന്നെ വിശ്വസിച്ച് ഈ കഥാപാത്രവും നിങ്ങളോടൊപ്പം പ്രവർത്തിക്കാനുള്ള മികച്ച അവസരവും തന്നതിന്. ഞാൻ സിനിമയിൽ വിശ്വസിക്കുന്നു, എന്റെ യാത്ര തുടരുന്നു… എല്ലാവർക്കും നന്ദി, ദൈവത്തിന് നന്ദി', ജോജു ജോർജ് കുറിച്ചു.

ജോജു ജോര്‍ജ് എന്ന നടനെ തനിക്ക് നേരത്തെ അറിയില്ലായിരുന്നു എന്നും ഇരട്ട എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹത്തെ അറിയാന്‍ കഴിഞ്ഞത് എന്നുമായിരുന്നു കമല്‍ ഹാസന്‍ പറഞ്ഞത്. 'എനിക്ക് ആദ്യം ജോജു എന്ന നടനെ അറിയില്ലായിരുന്നു. ആദ്യമായാണ് അയാളെക്കുറിച്ച് കേൾക്കുന്നത്. ഏതൊക്കെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെന്ന് അറിയാൻ ഞാൻ അദ്ദേഹത്തിന്റെ സിനിമകൾ കണ്ടു. ഇരട്ട എന്നൊരു സിനിമയുണ്ട്. ഞാൻ എന്റെ കരിയറിൽ ഏകദേശം 30 സിനിമകളിൽ ഇരട്ട വേഷം ചെയ്തിട്ടുണ്ട്. പലതിലും വ്യത്യസ്തമായി മൂക്കും, കാതും മാറ്റി വേറെ ഗെറ്റപ്പിലാണ് ചെയ്തത്. മൈക്കൾ മദന കാമരാജ് എന്ന സിനിമയുടെ അവസാനത്തിലാണ് ഒരേ വേഷത്തിൽ വന്നത്. അതുമാത്രമേ വലിയ പെരുമയിൽ എനിക്ക് പറയാൻ സാധിക്കുകയുള്ളൂ.

എന്നാൽ തന്റെ ആരംഭകാലത്തിൽ തന്നെ ഇരട്ട വേഷത്തിൽ ജോജു അഭിനയിച്ചു. എനിക്ക് കണ്ടപ്പോൾ അസൂയ തോന്നി. കാരണം ഒരേ ഗെറ്റപ്പിൽ വന്നിട്ട് പോലും കഥാപാത്രങ്ങളെ വ്യത്യസ്തമായി മനസിലാക്കാൻ എനിക്ക് സാധിച്ചു. ഒരൊറ്റ പൊലീസ് സ്റ്റേഷനിലുള്ളിലാണ് ആ കഥ പ്രധാനമായും നടക്കുന്നത് എന്ന് കൂടി ആലോചിക്കണം. ജോജു നിങ്ങൾ ഒരു വലിയ നടനാണ്. പുതുതായി അഭിനയിക്കാൻ വരുന്നവർ പോലും എനിക്ക് എതിരാളി എന്ന് വിചാരിക്കുന്ന ആളാണ് ഞാൻ. പക്ഷെ അവരെ വരവേൽക്കേണ്ടത് എന്റെ കടമയാണെന്നും ഞാൻ കരുതുന്നു. നമ്മൾ എല്ലാരും ആ കടമ ചെയ്യണം,' കമല്‍ ഹാസന്‍ പറഞ്ഞു.

Content Highlights: Joju George responds to Kamal Haasan's word about him

dot image
To advertise here,contact us
dot image