
ടൊവിനോയെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ചിത്രമാണ് നരിവേട്ട. പൊളിറ്റിക്കല്‍ സോഷ്യോ ത്രില്ലറായ 'നരിവേട്ട'യ്ക്ക് എങ്ങും വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ചിത്രത്തിലെ ടൊവിനോയുടെ പ്രകടനത്തെ പുകഴ്ത്തുകയാണ് സംവിധായകൻ അനുരാജ് മനോഹര്‍.
എന്തും ചെയ്യാൻ തയ്യാറായി നിൽക്കുന്ന നടനാണ് ടൊവിനോയെന്നും ഈ ചിത്രം നന്നാവണമെന്ന ആഗ്രഹം ടൊവിനോയുടെ ഉള്ളിൽ ഉണ്ടായിരുന്നെന്നും ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ അനുരാജ് പറഞ്ഞു.
'എന്തും ചെയ്യാൻ തയ്യാറായി നിൽക്കുന്ന നടനാണ് ടൊവിനോ. കഥ അദ്ദേഹത്തിന് വർക്ക് ആയാൽ നിങ്ങൾ എന്നെ ഉപയോഗിക്കൂ എന്ന നിലയിലാണ് അദ്ദേഹം നിൽക്കുന്നത്. ഈ സിനിമയെക്കുറിച്ച് ആലോചിക്കുന്ന കാലം മുതൽ ടൊവിനോയോട് അതിനെക്കുറിച്ച് ഡിസ്‌കസ് ചെയ്യുന്നുണ്ട്. ഈ സിനിമ നന്നാക്കണമെന്ന ആഗ്രഹം അവന്റെയുള്ളിൽ ഉള്ളപ്പോൾ നമുക്ക് കുറച്ച് പണിയെ ഉള്ളു. ഒരു നടന് ആ സിനിമ നന്നാക്കണമെന്ന് തോന്നിയാൽ നമുക്ക് പകുതി പണിയെ ഉണ്ടാകുകയുള്ളൂ. ടൊവിനോ ഈ സിനിമയിൽ ഫുൾ ഇൻ ആണ്, സീൻ പറഞ്ഞു കൊടുത്താല്‍ മാത്രം മതി നമുക്ക്,' അനുരാജ് മനോഹർ പറഞ്ഞു.
2018, എ ആർ എം എന്നീ ചിത്രങ്ങൾക്ക് ശേഷമിറങ്ങുന്ന ടോവിനോ ചിത്രമായ നരിവേട്ടക്ക് മികച്ച പ്രേക്ഷക - നിരൂപക പ്രശംസയും ഇതിനോടകം ലഭിച്ചുകഴിഞ്ഞു. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഷിയാസ് ഹസ്സൻ, ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിക്കുന്നത്. ആദ്യ ദിനം കേരള ബോക്സ് ഓഫീസിൽ തന്നെ 2.17 കോടി നേടി മികച്ച ഓപ്പണിങ് നേടിയിരിക്കുയാണ് ചിത്രം. രണ്ടാം ദിനം മികച്ച ബുക്കിങ്ങും ചിത്രത്തിന് ലഭിക്കുന്നുണ്ട്. സുരാജ് വെഞ്ഞാറമൂടും പ്രശസ്‍ത തമിഴ് സംവിധായകനും നടനുമായ ചേരനും ചിത്രത്തിലെ നിർണായകമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ടൊവിനോ തോമസ്, വർഗീസ് പീറ്റർ എന്ന പൊലീസ് കോൺസ്റ്റബിളിനെ അവതരിപ്പിക്കുമ്പോൾ സുരാജ് ഹെഡ് കോൺസ്റ്റബിൾ ബഷീർ അഹമ്മദ് എന്ന കഥാപാത്രത്തേയും ചേരൻ ഡിഐജി രഘുറാം കേശവ് എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു
'മറവികൾക്കെതിരായ ഓർമ്മയുടെ പോരാട്ടം' എന്ന ടാഗ് ലൈനോടെ എത്തിയ ചിത്രം അതിജീവനത്തിന്റെ ശക്തമായ പ്രതികരണം കൂടിയാണ് പങ്കുവെക്കുന്നത്. കേന്ദ്ര സാഹിത്യ ആക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ എന്നിവരും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Content Highlights: Anuraj Manohar talks about Tovino