
മണിരത്നം-കമൽഹാസൻ ടീമിന്റെ തഗ് ലൈഫ് എന്ന സിനിമ റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ ടീസറും പാട്ടുകളുമെല്ലാം ഇതിനകം സമൂഹ മാധ്യമങ്ങളിൽ ഹിറ്റാണ്. നീണ്ട 37 വര്‍ഷങ്ങള്‍ക്ക് ശേഷം കമൽ ഹാസനും മണിരത്നവും ഒന്നിക്കുന്ന സിനിമയാണ് തഗ് ലൈഫ്. ഇപ്പോഴിതാ സിനിമയുടെ ടൈറ്റിൽ വന്ന വഴിയെക്കുറിച്ചും ചിത്രത്തിന്റെ ഴോണറിനെക്കുറിച്ചും മനസുതുറക്കുകയാണ് മണിരത്‌നം.
കമൽ ഹാസൻ ആണ് ഈ സിനിമയ്ക്ക് തഗ് ലൈഫ് എന്ന ടൈറ്റിൽ ഇട്ടതെന്ന് മണിരത്നം പറഞ്ഞു. 'കമൽ ഹാസൻ ആണ് തഗ് ലൈഫ് എന്ന ടൈറ്റിൽ സജസ്റ്റ് ചെയ്യുന്നത്. അത് ഞങ്ങൾക്ക് ഈ കഥയ്ക്ക് ചേരുന്നതായി തോന്നി. ജെൻ സി പ്രേക്ഷകർക്ക് ഈ ടൈറ്റിൽ പെട്ടെന്ന് വർക്ക് ആകും. ഒരു ക്രൈം ലോകത്ത് നടക്കുന്ന ഇമോഷണൽ ഡ്രാമയാണ് ഈ സിനിമ. അതിൽ ആക്ഷനും ഉൾപ്പെടും', മണിരത്‌നം പറഞ്ഞു. സിനിമയുടെ ട്രെയ്‌ലർ നേരത്തെ പുറത്തുവന്നിരുന്നു. മികച്ച അഭിപ്രായമാണ് ട്രെയ്‌ലറിന് ലഭിച്ചത്. ട്രെയ്‌ലർ പുറത്തിറങ്ങിയതിന് പിന്നാലെ മണിരത്‌നത്തിന്റെ സംവിധാനമികവും കമൽഹാസൻ, എസ്ടിആർ എന്നിവരുടെ കിടിലൻ പെർഫോമൻസും എ ആർ റഹ്മാന്റെ സംഗീതവും രവി കെ ചന്ദ്രന്റെ ഛായാഗ്രഹണവും ഉൾപ്പെടെ എല്ലാ മേഖലകൾക്കും പ്രശംസ ലഭിക്കുന്നുണ്ട്. എല്ലാ മേഖലകളും ഒരുപോലെ GOAT ലെവലിലാണെന്നാണ് പലരും കമന്റ് ചെയ്യുന്നത്. ജൂൺ അഞ്ചിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.
യു എ സർട്ടിഫിക്കറ്റ് ആണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. രണ്ട് മണിക്കൂർ 45 മിനിട്ടാണ് സിനിമയുടെ നീളം. ജോജു ജോർജ്, തൃഷ, അഭിരാമി, ഐശ്വര്യ ലക്ഷ്മി, നാസർ, അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.
മണിരത്നത്തിനൊപ്പം പതിവ് സഹപ്രവർത്തകരായ സംഗീതസംവിധായകൻ എ ആർ റഹ്മാനും എഡിറ്റർ ശ്രീകർ പ്രസാദും ഈ ചിത്രത്തിലും ഒരുമിക്കുന്നുണ്ട്. നേരത്തെ മണിരത്നത്തിന്റെ കന്നത്തിൽ മുത്തമിട്ടാൽ, ആയുധ എഴുത്ത് എന്നീ ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള ഛായാഗ്രാഹകൻ രവി കെ ചന്ദ്രനാണ് പുതിയ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. വിക്രം സിനിമയ്ക്കായി കമലുമായി സഹകരിച്ച അൻപറിവ് മാസ്റ്റേഴ്സാണ് ആക്ഷൻ കൊറിയോഗ്രാഫി ചെയ്യുന്നത്. തഗ് ലൈഫിന്റെ മേക്കപ്പ് രഞ്ജിത്ത് അമ്പാടിയും പ്രൊഡക്ഷൻ ഡിസൈനറായി ശർമ്മിഷ്ഠ റോയ്യും കോസ്റ്റ്യൂം ഡിസൈനറായി ഏകാ ലഖാനിയുമാണ് പ്രവർത്തിക്കുന്നത്.
Content Highlights: Thug Life name was suggested by kamal haasan says maniratnam