
സൂരി, ഐശ്വര്യ ലക്ഷ്മി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രശാന്ത് പാണ്ഡ്യരാജ് സംവിധാനം ചെയ്ത സിനിമയാണ് മാമൻ. ഒരു ഫാമിലി ഡ്രാമ സ്വഭാവത്തിൽ പുറത്തിറങ്ങിയ സിനിമക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. വിടുതലൈ, ഗരുഡൻ എന്നീ സിനിമകൾക്ക് ശേഷം സൂരി നായകനായി എത്തിയ സിനിമയാണ് മാമൻ. സിനിമയ്ക്ക് മികച്ച കളക്ഷനും തമിഴ്നാട്ടിൽ നിന്ന് നേടാനാകുന്നുണ്ട്.
റിലീസ് ചെയ്ത് ആറ് ദിവസങ്ങൾ പിന്നിടുമ്പോൾ റിപ്പോർട്ടുകൾ പ്രകാരം 14.49 കോടിയാണ് സിനിമയുടെ കളക്ഷൻ. പത്ത് കോടി ബഡ്ജറ്റിലാണ് സിനിമ ഒരുങ്ങിയത്. അങ്ങനെയെങ്കിൽ ഈ വർഷത്തെ മറ്റൊരു ഹിറ്റ് സിനിമയായി മാമൻ മാറും. ആദ്യ ദിനം തമിഴ്നാട്ടിൽ നിന്നും 1.75 കോടിയാണ് സിനിമ നേടിയത്. എന്നാൽ തുടർന്നുള്ള ദിവസങ്ങളിൽ മികച്ച നേട്ടം ഉണ്ടാക്കാൻ സിനിമയ്ക്ക് സാധിച്ചു. സൂരിയുടെ പ്രകടനത്തിനും സിനിമയുടെ മ്യൂസിക്കിനും മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. ഹൃദയം അടക്കമുള്ള ചിത്രങ്ങളിലെ ഗാനങ്ങള്‍ കൊണ്ട് ശ്രദ്ധേയനായ ഹിഷാം അബ്ദുള്‍ വഹാബ് ആണ് സംഗീത സംവിധാനം.
രാജ്കിരൺ, സ്വാസിക, ബാല ശരവണൻ തുടങ്ങിയവരാണ് സിനിമയിലെ മറ്റു അഭിനേതാക്കൾ. ദിനേശ് പുരുഷോത്തമന്‍ ആണ് ചിത്രത്തിന്‍റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. കലാസംവിധാനം ജി ദുരൈരാജ്, എഡിറ്റിംഗ് ഗണേഷ് ശിവ, സ്റ്റണ്ട് ഡയറക്റ്റര്‍ മഹേഷ് മാത്യു, നൃത്തസംവിധാനം ബാബ ബാസ്കര്‍, കോസ്റ്റ്യൂമര്‍ എം സെല്‍വരാജ്, വരികള്‍ വിവേക്, കോസ്റ്റ്യൂം ഡിസൈനര്‍ ഭാരതി ഷണ്‍മുഖം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ഗോപി ധനരാജ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആര്‍ ബാല കുമാര്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് ഹരി വെങ്കട് സി, പ്രൊഡക്ഷന്‍ മാനേജര്‍ ഇ വിഗ്നേശ്വരന്‍, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍ മനോജ്, സ്റ്റില്‍സ് ആകാശ് ബി, പിആര്‍ഒ യുവരാജും ആണ്. വൻ ഹിറ്റായ വെബ് സിരീസ് വിലങ്ങിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് പ്രശാന്ത് പാണ്ഡ്യരാജ്.
Content Highlights: Soori film Maaman tamil nadu collection report