
ബാംഗ്ലൂർ ഡേയ്സ്, മിന്നൽ മുരളി തുടങ്ങി നിരവധി സൂപ്പർഹിറ്റ് സിനിമകൾ ഒരുക്കിയ നിർമാതാക്കളാണ് വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ്. സിനിമ നിർമാണ രംഗത്ത് പത്ത് വർഷം പിന്നിടുന്ന വേളയിൽ സംവിധായകൻ അൻവർ റഷീദുമൊത്ത് ഒരു സിനിമ വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ് പ്രഖ്യാപിച്ചിരുന്നു. ബാംഗ്ലൂർ ഡേയ്സ് എന്ന സിനിമയ്ക്ക് ശേഷം ഇവർ അൻവറുമായി ഒന്നിക്കുന്ന സിനിമയാണിത്. ചിത്രത്തിൽ മോഹൻലാൽ ആണ് നായകനായി എത്തുന്നതെന്ന് നേരത്ത റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ അതിൽ പ്രതികരിക്കുകയാണ് നിർമാതാവ് സോഫിയ പോൾ.
അൻവർ റഷീദുമായുള്ള സിനിമയുടെ ഡിസ്കഷൻ നടക്കുകയാണെന്നും എന്നാൽ അതിൽ നായകൻ ആരാണെന്ന് തീരുമാനിച്ചിട്ടില്ലെന്നും സോഫിയ പോൾ പറഞ്ഞു. 'ഛോട്ടാ മുംബൈക്കൊക്കെ ശേഷം അൻവർ റഷീദ്-മോഹൻലാൽ കോംബോ നമുക്ക് വലിയ ഇഷ്ടമാണ്. തീർച്ചയായും അൻവർ റഷീദുമായി ഞങ്ങൾ ഒരു സിനിമ ചെയ്യുന്നുണ്ട്. നിലവിൽ അതിന്റെ ഡിസ്‌കഷനിലാണ്. ആദ്യം എല്ലാവർക്കും ഇഷ്ടമാകുന്ന ഒരു കഥയിലേക്ക് എത്തിച്ചേരണം എന്നിട്ട് ആരാണ് അഭിനയിക്കുന്നതെന്ന് തീരുമാനിക്കും. തീർച്ചയായും ലാലേട്ടൻ ആദ്യ ചോയ്സ് ആയി മനസിലുണ്ട്. പക്ഷെ ഞങ്ങൾ ഒന്നും തീരുമാനിച്ചിട്ടില്ല. അടുത്ത വർഷം അതൊരു പ്രോജക്ട് ആക്കാനുള്ള പ്ലാനിലാണ് ഞങ്ങൾ', സോഫിയ പോൾ പറഞ്ഞു.
2020 ൽ പുറത്തിറങ്ങിയ ഫഹദ് ഫാസിൽ ചിത്രമായ ട്രാൻസ് ആണ് അൻവർ റഷീദിന്റെ സംവിധാനത്തിൽ അവസാനമായി പുറത്തിറങ്ങിയ സിനിമ. സമ്മിശ്ര പ്രതികരണം നേടിയ സിനിമയ്ക്ക് ബോക്സ് ഓഫീസിൽ കാര്യമായ ചലനമുണ്ടാക്കാൻ സാധിച്ചിരുന്നില്ല. അതേസമയം, ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ആണ് ഇനി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിൻ്റേതായി പുറത്തിറങ്ങാനുള്ള ചിത്രം. മിന്നൽ മുരളിക്ക് ശേഷം വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമായി പുറത്തിറങ്ങുന്ന ചിത്രമാണ് ഇത്. ചിത്രം മെയ് 23 ന് പുറത്തിറങ്ങും. ധ്യാൻ ശ്രീനിവാസനൊപ്പം, സിജു വിൽസൺ, കോട്ടയം നസീർ, റോണി ഡേവിഡ് രാജ്, സീമ ജി നായർ കൂടാതെ സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ അമീൻ, നിഹാൽ നിസാം, നിബ്രാസ് നൗഷാദ്, ഷാഹുബാസ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
Content Highlights: Sofia paul about Mohanlal Anwar Rasheed movie