
മോഹന്‍ലാല്‍-തരുണ്‍ മൂര്‍ത്തി ചിത്രം തുടരും മികച്ച പ്രതികരണങ്ങളുമായി തീയേറ്ററില്‍ മുന്നേറുകയാണ്. സിനിമയില്‍ പ്രേക്ഷകരെ കോരിത്തരിപ്പിച്ച സീനുകളില്‍ ഒന്നായിരുന്നു പൊലീസ് സ്റ്റേഷനിലെ മോഹന്‍ലാലിന്റെ ഫൈറ്റ് സീന്‍. ഇതിൽ ചില്ലു പൊട്ടിച്ച് ചാടി വരുന്ന മോഹൻലാലിൻറെ സീനിന് മികച്ച കയ്യടിയായിരുന്നു തിയേറ്ററിൽ ലഭിച്ചിരുന്നത്. ഈ ഷോർട്ട് എടുത്തതിനെ കുറിച്ച് പറയുകയാണ് തരുൺ. ലാലേട്ടൻ ചാടും എന്ന് അറിയാമായിരുന്നെങ്കിലും ഇത് പെർഫെക്റ്റ് ഷോട്ട് ആയിരുന്നുവെന്ന് തരുൺ പറഞ്ഞു. ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'ചില്ലു പൊട്ടിച്ച് ചാടണം എന്നാണ് നമ്മൾ പറഞ്ഞത്. ലാലേട്ടൻ ചാടും എന്നത് നമ്മൾക്ക് അറിയാം. അദ്ദേഹത്തിന്റെ മറ്റു സിനിമകളിൽ അദ്ദേഹം ചെയ്യുന്നത് കണ്ടിട്ടുണ്ട്. ബിനുവിനെ എടുത്തെറിഞ്ഞ് പുള്ളി ചില്ലും പൊട്ടിച്ച് ചാടും എന്ന സിറ്റുവേഷനിൽ ഞാൻ മോണിറ്ററിന് പുറകിൽ നിന്നു. ചില്ലു പൊട്ടിച്ചതിന് ശേഷമാണ് ആ വാതിലിലൂടെ ചാടേണ്ടത്. ഈ ഒരു ചാട്ടത്തിന് വേണ്ടി പോലീസ് സ്റ്റേഷൻ അങ്ങനെ ഡിസൈൻ ചെയ്യിപ്പിച്ചതാണ്. എല്ലാം സേഫ് ആക്കി വെക്കാനും പൊട്ടിച്ച ചില്ലുകൾ അവിടെ നിന്ന് മാറ്റാനും വേണ്ടി പറഞ്ഞു. കാരണം ചാടുമ്പോൾ അദ്ദേഹത്തിന് ഒന്നും പറ്റരുത്.
ലാലേട്ടൻ ചാടി വരുമ്പോൾ മുണ്ട് അടക്കം ഒരു റാ പോലെ ആണ് വന്നത്. നമ്മുക് ചാടാൻ മാത്രമേ പറയാൻ സാധിക്കുകയുള്ളൂ ബാക്കി ഒന്നും പറയാൻ പറ്റില്ല. പക്ഷെ ആ ചാട്ടത്തിന് മുണ്ട് പോലും അദ്ദേഹത്തിന്റെ ഒപ്പം നിന്നു. നമ്മൾ മോണിറ്ററിന് പുറകിൽ നിന്ന് കാണുമ്പോൾ പ്രതീക്ഷിച്ചതിലും അപ്പുറത്ത് ലാലേട്ടൻ ചെയ്തു. ഇതാണ് ആ മനുഷ്യന്റെ ഓറ എന്ന് പറയുന്നത്,' തരുൺ മൂർത്തി പറഞ്ഞു.
അതേസമയം, ബോക്സ് ഓഫീസിൽ മുന്നേറുകയാണ് തുടരും. ചിത്രം ഇതിനോടകം 100 കോടി ക്ലബ്ബിൽ ഇടം പിടിച്ചുകഴിഞ്ഞു. തുടരും പത്ത് ദിവസം കൊണ്ട് കേരളത്തിൽ നിന്ന് മാത്രം നേടിയത് 66.10 കോടിയാണ്. തമിഴ്, തെലുങ്ക് പ്രേക്ഷകരിൽ നിന്നും സിനിമയ്ക്ക് വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്നും 14.70 കോടി സ്വന്തമാക്കിയ സിനിമയുടെ ഡൊമസ്റ്റിക് കളക്ഷൻ 80.80 കോടിയാണ്. നോർത്ത് അമേരിക്ക, ഓസ്ട്രേലിയ, ജിസിസി മാർക്കറ്റ്, യൂറോപ്പ് തുടങ്ങിയ വിദേശ രാജ്യങ്ങളിലും തുടരും കളക്ഷനിൽ മുന്നിലാണ്. നോർത്ത് അമേരിക്കയിൽ നിന്നുമാത്രം ചിത്രം ഒരു മില്യൺ ഡോളർ ഇതിനോടകം നേടിക്കഴിഞ്ഞു.
സിനിമയിൽ ഒരു ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. നടന്റെ പ്രകടനത്തിന് മികച്ച പ്രതിക
രണമാണ് ലഭിക്കുന്നത്. ആക്ഷൻ രംഗങ്ങളിലെ മോഹൻലാലിൻറെ പ്രകടനത്തിന് തിയേറ്ററുകളിൽ വലിയ കയ്യടി തന്നെ കിട്ടുന്നുണ്ട്. സിനിമയിലെ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച പ്രകാശ് വർമ്മയുടെ പ്രകടനത്തിനും വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്.
Content Highlights: tharun moorthy talks about Mohanlal's police station scene in thudarum cinema