
മോഹൻലാൽ-തരുൺ മൂർത്തി ചിത്രം തുടരും തികച്ച പ്രതികരണത്തോടെ പ്രദർശനം തുടരുകയാണ്. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക് പ്രേക്ഷകർക്കിടയിലും സിനിമയ്ക്ക് മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു വീഡിയോ ഗാനം പുറത്തെത്തിയിരിക്കുകയാണ്. മമ്മൂട്ടിയുടെ 'ജോണി വാക്കർ' സിനിമയിലെ 'ശാന്തമീ രാത്രിയിൽ' എന്ന ഗാനത്തിന് മോഹൻലാൽ സിനിമയിൽ നൃത്തം ചെയ്തിരുന്നു. ഈ വീഡിയോ സോങ് ആണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.
സിനിമയിൽ ഒരു കല്യാണ വീട്ടിലെ ഗാനമേളയില്‍ ആലപിക്കുന്ന തരത്തിലാണ് ഈ ഗാനത്തിന്‍റെ അവതരണം. മോഹന്‍ലാല്‍, പ്രകാശ് വര്‍മ്മ, ബിനു പപ്പു, ഫര്‍ഹാന്‍ ഫാസില്‍ തുടങ്ങിയവരൊക്കെ ഈ ഗാനരംഗത്തിലും എത്തുന്നുണ്ട്. ഒറിജനല്‍ ഗാനരംഗത്തിലെ മമ്മൂട്ടിയുടെ സ്റ്റെപ്പ് അനുകരിക്കുന്ന മോഹന്‍ലാലിനെയും പ്രകാശ് വര്‍മ്മയെയും ഈ രംഗത്തിൽ കാണാം. തിയേറ്ററിൽ കാണികൾ നിറഞ്ഞ കയ്യടി നൽകിയ സീനുകളിൽ ഒന്നായിരുന്നു ഇത്.
ഏപ്രിൽ 25 നാണ് തുടരും തിയേറ്ററുകളിലെത്തിയത്. ആദ്യദിനത്തിൽ മാത്രം ചിത്രം ആഗോളതലത്തിൽ 17 കോടിയിലധികം രൂപയാണ് നേടിയത്. മൂന്ന് ദിവസം കൊണ്ട് ചിത്രം 69 കോടിയിലധികം രൂപ കളക്ട് ചെയ്യുകയുമുണ്ടായി. ആറുദിവസം കൊണ്ട് ആഗോളതലത്തിൽ 100 കോടി ക്ലബിൽ കയറിയ ചിത്രം ജൈത്രയാത്ര തുടരുകയാണ്.
സിനിമയിൽ ഒരു ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. നടന്റെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആക്ഷൻ രംഗങ്ങളിലെ മോഹൻലാലിൻറെ പ്രകടനത്തിന് തിയേറ്ററുകളിൽ വലിയ കയ്യടി തന്നെ കിട്ടുന്നുണ്ട്. സിനിമയിലെ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച പ്രകാശ് വർമ്മയുടെ പ്രകടനത്തിനും വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്.
Content Highlights: Mohanlal with Mammootty's super steps thudarum video song out