അടുത്ത വെടിക്കെട്ടിനൊരുങ്ങി തരുൺ മൂർത്തി; ഒപ്പം ഫഹദും നസ്‌ലെനും അർജുൻ ദാസും;പുതിയ ചിത്രം പ്രഖ്യാപിച്ചു

സുഷിന്‍ ശ്യാമാണ് ചിത്രത്തിനായി സംഗീതമൊരുക്കുന്നത്

dot image

മോഹൻലാൽ ചിത്രം തുടരും തിയേറ്ററുകളിൽ മികച്ച പ്രകടനം നടത്തി മുന്നേറവെ പുതിയ ചിത്രം പ്രഖ്യാപിച്ച് സംവിധായകൻ തരുൺ മൂർത്തി. വമ്പൻ താരനിരയുമായാണ് ചിത്രം എത്തുന്നത്. ടോർപിഡോ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ അനൗൺസ്‌മെന്റ് പോസ്റ്ററാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.

ഫഹദ് ഫാസിൽ, നസ് ലെൻ, ഗണപതി, അർജുൻ ദാസ് എന്നിവരാണ് സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. ആഷിഖ് ഉസ് മാൻ നിർമിക്കുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ബിനു പപ്പുവാണ്.

ബിനു പപ്പുവിന്റെ രചനയിലാണ് അടുത്ത സിനിമ സംവിധാനം ചെയ്യാൻ ഒരുങ്ങുന്നതെന്ന് നേരത്തെ തന്നെ തരുൺ മൂർത്തി പറഞ്ഞിരുന്നു. ഓപ്പറേഷൻ ജാവ മുതൽ തുടരുന്ന കൂട്ടുകെട്ട് ഇനിയും തുടരുമെന്ന് ബിനു പപ്പുവും പറഞ്ഞിരുന്നു.

ജിംഷി ഖാലിദ് ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിനായി സംഗീതമൊരുക്കുന്നത് സുഷിൻ ശ്യാമാണ്. വിവേക് ഹർഷനാണ് എഡിറ്റിങ്. വിഷ്ണു ഗോവിന്ദ് സൗണ്ട് ഡിസൈനും ഗോകുൽ ദാസ് ആർട്ട് ഡയറക്ടഷനും നിർവഹിക്കുന്നു.

അതേസമയം, തുടരും തിയേറ്ററുകളിൽ വലിയ വിജയമാണ് സ്വന്തമാക്കി കൊണ്ടിരിക്കുന്നത്. ആറ് ദിവസത്തിനുള്ളിൽ ചിത്രം 100 കോടി സ്വന്തമാക്കി. ഒരു മാസത്തിനുള്ളിൽ 100 കോടി ക്ലബിൽ ഇടം നേടുന്ന രണ്ടാമത്തെ മോഹൻലാൽ ചിത്രം കൂടിയാണിത്. നേരത്തെ പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ എന്ന ചിത്രവും 100 കോടി ക്ലബിൽ ഇടം നേടിയിരുന്നു.

ഫാമിലി ഡ്രാമ സ്വഭാവത്തിൽ ഒരുങ്ങുന്ന തുടരും എന്ന സിനിമയിൽ ഒരു ടാക്‌സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. നടന്റെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആക്ഷൻ രംഗങ്ങളിലെ മോഹൻലാലിൻറെ പ്രകടനത്തിന് തിയേറ്ററുകളിൽ വലിയ കയ്യടി തന്നെ കിട്ടുന്നുണ്ട്.

സിനിമയിലെ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച പ്രകാശ് വർമ്മയുടെ പ്രകടനത്തിനും വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, തോമസ് മാത്യു, ഇർഷാദ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ എത്തുന്നുണ്ട്.

Content Highlights: Tharun Moorthy announces new movie with Fahadh Faasil, Naslen,Ganapathy and Arjun Das

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us