റെട്രോ ഹിറ്റാകാൻ തിരുപ്പതിയിൽ സ്പെഷ്യൽ പൂജ നടത്തി കാർത്തിക് സുബ്ബരാജ്

കേരളത്തിലും കർണാടകയിലും സിനിമയ്ക്ക് നേട്ടമുണ്ടാക്കാൻ സാധിക്കുമെന്ന സൂചനയാണ് അഡ്വാൻസ് ബുക്കിംഗ് കണക്കുകളിലൂടെ ലഭിക്കുന്നത്.

dot image

സൂര്യയെ നായകനാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം നിർവ്വഹിക്കുന്ന ചിത്രമാണ് റെട്രോ. ആക്ഷനും റൊമാൻസും കൂടിക്കലർന്ന ചിത്രം സൂര്യയുടെ ഒരു വമ്പൻ തിരിച്ചുവരവാകും എന്നാണ് ആരാധകരുടെ പ്രതീക്ഷ. കങ്കുവയിലൂടെ സൂര്യയ്ക്ക് ഉണ്ടായ ക്ഷീണം റെട്രോ മാറ്റുമെന്നാണ് പരക്കെയുള്ള സംസാരം. ഇപ്പോഴിതാ സിനിമയുടെ വിജയത്തിന് വേണ്ടി സ്പെഷ്യൽ പൂജ നടത്തിയിരിക്കുകയാണ് സംവിധായകൻ കാർത്തിക് സുബ്ബരാജ്. തിരുപ്പതി ക്ഷേത്രത്തിലാണ് കാർത്തിക് പൂജ നടത്തിയിരിക്കുന്നത്. ക്ഷേത്രത്തിൽ നിന്നുള്ള വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നുണ്ട്.

'മനസു നിറയെ റെട്രോ ആണ്. സിനിമയുടെ വിജയത്തിന് ശേഷം മാത്രമേ മറ്റെന്തിനെക്കുറിച്ചും ആലോചനയുള്ളൂ. സിനിമ വിജയിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു,' എന്നാണ് കാർത്തിക് വിഡിയോയിൽ പറയുന്നത്. മികച്ച അഡ്വാൻസ് സെയിൽസ് ആണ് ബുക്കിംഗ് ആരംഭിച്ചതിന് ശേഷം സിനിമയ്ക്ക് ലഭിക്കുന്നത്. തമിഴ്നാട്ടിൽ നിന്നും ചിത്രം ഇതുവരെ 2.70 കോടി റെട്രോ അഡ്വാൻസ് ബുക്കിങ്ങിൽ നേടിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കേരളത്തിലും കർണാടകയിലും സിനിമയ്ക്ക് നേട്ടമുണ്ടാക്കാൻ സാധിക്കുമെന്ന സൂചനയാണ് അഡ്വാൻസ് ബുക്കിംഗ് കണക്കുകളിലൂടെ ലഭിക്കുന്നത്.

സൂര്യയുടെ 44-ാം ചിത്രമായി ഒരുങ്ങുന്ന സിനിമയാണ് റെട്രോ. 1980കളില്‍ നടക്കുന്ന കഥയാണ് റെട്രോയുടേതെന്നാണ് സൂചന. പൂജ ഹെഗ്‌ഡെയാണ് സിനിമയിലെ നായിക. ജോജു ജോര്‍ജ്, ജയറാം, നാസര്‍, പ്രകാശ് രാജ്, സുജിത് ശങ്കര്‍, കരുണാകരന്‍, പ്രേം കുമാര്‍, രാമചന്ദ്രന്‍ ദുരൈരാജ്, സന്ദീപ് രാജ്, മുരുകവേല്‍, രമ്യ സുരേഷ് തുടങ്ങിയവരും റെട്രോയില്‍ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സൂര്യയുടെ 2ഡി സിനിമാസും കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺബെഞ്ചും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന് സംഗീതം പകരുന്നത് സന്തോഷ് നാരായണനാണ്.

നെറ്റ്ഫ്ലിക്സ് ആണ് റെട്രോയുടെ സ്ട്രീമിം​ഗ് അവകാശം വാങ്ങിയിരിക്കുന്നത്. 80 കോടി രൂപയ്ക്കാണ് ഇവർ ചിത്രം വാങ്ങിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. സൂര്യ ചിത്രങ്ങളിലെ റെക്കോർഡ് തുകയാണിത്. ചിത്രം തിയേറ്ററിൽ റിലീസ് ചെയ്ത് എട്ട് ആഴ്ചയ്ക്ക് ശേഷമാകും ഒടിടിയിൽ എത്തുകയെന്നും റിപ്പോർട്ടുണ്ട്.

dot image
To advertise here,contact us
dot image