'കൂടെ നിൽക്കുന്നവരാണ് ചങ്ക്, കോമാളിത്തരം കാണിക്കുന്നവരല്ല'; മേജർ രവിക്ക് മറുപടിയുമായി മോഹൻലാൽ ഫാൻസ്‌

'സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി അഭിപ്രായങ്ങളും തീരുമാനങ്ങളും ഇടയ്‌ക്കിടെ മാറ്റുന്നവർക്കുള്ള വിളിപ്പേര് 'ചങ്ക്' എന്നല്ല'

'കൂടെ നിൽക്കുന്നവരാണ് ചങ്ക്, കോമാളിത്തരം കാണിക്കുന്നവരല്ല'; മേജർ രവിക്ക് മറുപടിയുമായി മോഹൻലാൽ ഫാൻസ്‌
dot image

സംവിധായകൻ മേജർ രവി നടത്തിയ പ്രതികരണങ്ങളിൽ മറുപടിയുമായി മോഹൻലാൽ ഫാൻസ്‌ അസോസിയേഷൻ. കഴിഞ്ഞ ദിവസം മോഹൻലാൽ ഫാൻസ്‌ അസോസിയേഷൻ പങ്കുവെച്ച പോസ്റ്റിന്റെ താഴെ ഒരു പരാമര്‍ശം കണ്ടിരുന്നു. വിശ്വശാന്തി ഫൗണ്ടേഷനെ കുറിച്ച്, അതിന്റെ ഡ്രാഫ്റ്റ് ആരാണ് എഴുതിക്കൊടുത്തത് എന്ന് തനിക്ക് അറിയാമെന്നായിരുന്നു മേജർ രവി പറഞ്ഞത്. മോഹൻലാൽ ഫാൻസ് ഒഫീഷ്യൽ ആയി പുറത്ത് വിട്ട ഒരു കുറിപ്പ് മറ്റാരുടെയോ ഡ്രാഫ്റ്റാണെന്ന് എന്ത് അടിസ്ഥാനത്തിലാണ് പറയുന്നത് എന്ന് അസോസിയേഷൻ ചോദിച്ചു.

മോഹൻലാലുമായി തനിക്ക് ഏറെ നാളത്തെ പരിചയമുണ്ടെന്നും 'മേജര്‍ രവി മോഹന്‍ലാലിന്‍റെ ചങ്കാണ്, അതിനി മോഹന്‍ലാലിന് വേണ്ടെങ്കിലും' എന്നും മേജർ രവി പ്രതികരിച്ചിരുന്നു.

മോഹൻലാലിന്റെ സുഹൃത്താണ് രവി എന്ന് പറയുന്നത് എന്ത് അർത്ഥത്തിലാണ്, ഒപ്പമുള്ളയാൾക്ക് എന്തെങ്കിലും ഒരു ബുദ്ധിമുട്ട് വന്നാൽ അവരോടൊപ്പം നിൽക്കാതെ നേരെ മറിച്ച് സ്വന്തം വ്യക്തി താൽപര്യത്തിനു വേണ്ടി, സ്വന്തം രാഷ്ട്രീയ താൽപര്യങ്ങൾക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ വന്ന് ഇത്തരം ഒരു കോമാളിത്തരം കാണിക്കുന്ന വ്യക്തി സുഹൃത്തായിരിക്കില്ല എന്നും മോഹൻലാൽ ഫാൻസ്‌ കുറിച്ചു.

മോഹൻലാൽ ഫാൻസ്‌ അസോസിയേഷന്റെ കുറിപ്പിന്റെ പൂർണ്ണരൂപം:

ഇന്ന് സംവിധായകൻ രവി ഉന്നയിച്ച ഒരു പരാമർശം ശ്രദ്ധയിൽ പെട്ടു. മോഹൻലാൽ ഫാൻസ് ഒഫീഷ്യൽ ആയി പുറത്ത് വിട്ട ഒരു കുറിപ്പ് ആരുടെയോ ഡ്രാഫ്റ്റ് ആണ് എന്ന് പറഞ്ഞ് ന്യായീകരിക്കാൻ ശ്രമിച്ച സംവിധായകൻ ഒന്ന് കൂടി വ്യക്തമാക്കണം. ആരുടെ ഡ്രാഫ്റ്റ് ആണ് എന്നും എന്ത് അടിസ്ഥാനത്തിൽ ആണ് അങ്ങനെ പറഞ്ഞത് എന്നും. സത്യത്തെ വീണ്ടും വളച്ചൊടിച്ച് വ്യക്തി ഹത്യക്ക് ശ്രമിക്കുന്ന അദ്ദേഹം ഒരു മൈക്ക് കിട്ടിയാൽ എന്ത് കാര്യവും തോന്നുന്ന രീതിയിൽ വിളിച്ചു പറഞ്ഞാൽ പറയുന്നത് എല്ലാം സത്യമാകും എന്ന് ജനങ്ങൾ വിശ്വസിക്കും എന്ന് കരുതരുത്.

ഞങ്ങളുടെ അസോസിയേഷൻ ഭാരവാഹികൾ മുഴുവനും ചേർന്ന് ചർച്ച ചെയ്തെടുത്ത ഒരു കുറിപ്പാണ് ഞങ്ങൾ ഷെയർ ചെയ്തിരുന്നത്. ഏതെങ്കിലും ഒരു വ്യക്തിയുടെ പേഴ്സണൽ ആവശ്യങ്ങൾ നിറവേറ്റാൻ ഉള്ള ഒന്നല്ല ഞങ്ങളുടെ ഈ അസോസിയേഷൻ എന്ന് കൃത്യമായ ബോധ്യത്തോടുകൂടിയാണ് ഞങ്ങൾ പ്രവർത്തിച്ചു വരുന്നത്. മോഹൻലാലിന്റെ ചങ്കാണ് എന്ന് മാധ്യമങ്ങൾ വഴി വിളിച്ചു പറയുന്നത് എന്ത് അർഥത്തിൽ ആണ്?

നമ്മുടെ ഒരു ചങ്ക് എന്ന് പറയുന്ന വ്യക്തിക്ക് എന്തെങ്കിലും ഒരു ബുദ്ധിമുട്ട് വന്നാൽ അവരോടൊപ്പം നിൽക്കാതെ നേരെ മറിച്ച് സ്വന്തം വ്യക്തി താൽപര്യത്തിനു വേണ്ടി, സ്വന്തം രാഷ്ട്രീയ താൽപര്യങ്ങൾക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ വന്ന് ഇത്തരം ഒരു കോമാളിത്തരം ഒരു ചങ്കും കാണിക്കും എന്ന് ഞങ്ങൾ കരുതുന്നില്ല. സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി അഭിപ്രായങ്ങളും തീരുമാനങ്ങളും ഇടയ്‌ക്കിടെ മാറ്റുന്നവർക്കുള്ള വിളിപ്പേര് 'ചങ്ക്' എന്നല്ല… അദ്ദേഹം ചങ്ക് എന്ന വാക്കിന് കൊടുത്ത അർത്ഥം എന്താണെന്ന് ഞങ്ങൾക്ക് മനസ്സിലാകുന്നില്ല…

ഇന്നും മറിച്ചല്ല നടന്നത് ഏതോ ഒരു വ്യക്തിയുടെ തലയിൽ എല്ലാം കെട്ടി വച്ച് ഞങ്ങൾ അന്ന് പറഞ്ഞതിൻ്റെ സാരം എന്തെന്ന് പോലും ഉൾക്കൊള്ളാതെ വീണ്ടും ചില ബാലിശമായ കാര്യങ്ങൾ ഉന്നയിച്ച് വിഷയത്തിൽ നിന്നും തെന്നി മാറിയിരിക്കുക ആണ് അദ്ദേഹം. മാധ്യമ പ്രവർത്തകരുടെ ഭാഗത്ത് നിന്നും വന്ന ബുള്ളറ്റുകൾ ആകുന്ന ചോദ്യങ്ങളിൽ നിന്നും വളരെ സമർത്ഥമായി തന്നെ അദ്ദേഹം ഒഴിഞ്ഞു മാറി.

ലാലേട്ടൻ ഇതിന് മുൻപും പറഞ്ഞിട്ടുണ്ട് 'ഒരു ബുദ്ധിമുട്ട് വരുമ്പോൾ എന്നും എനിക്ക് എൻ്റെ പിള്ളേര് ഉണ്ടെടാ' എന്ന്. അങ്ങനെ ഉള്ള ലക്ഷക്കണക്കിന് ആരാധകരാണ് ലാലേട്ടൻ്റെ ചങ്കുകൾ. വിവിധ ജാതി, മത, രാഷ്ട്രീയ വിശ്വാസങ്ങൾ ഉള്ള ലക്ഷക്കണക്കിന് ചങ്കുകൾ…. അതുകൊണ്ട് ആണ് ഞങ്ങൾ ഇപ്പോഴും പറയുന്നത്, "ലാലേട്ടൻ ഞങ്ങളുടെ ചങ്കല്ല, ചങ്കിടിപ്പാണ്."

Content Highlights: Mohanlal fans respond to Major Ravi

dot image
To advertise here,contact us
dot image