'മലയാള സിനിമയുടെ തലവര മാറ്റിയ വിജയം'; പുലിമുരുകന്റെ എട്ടാം വാർഷികം ആഘോഷമാക്കി മോഹൻലാൽ ആരാധകർ

#8YearsOfIHPulimurugan എന്ന ഹാഷ്ടാഗും സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങായി കഴിഞ്ഞു

'മലയാള സിനിമയുടെ തലവര മാറ്റിയ വിജയം'; പുലിമുരുകന്റെ എട്ടാം വാർഷികം ആഘോഷമാക്കി മോഹൻലാൽ ആരാധകർ
dot image

'കേട്ടറിവിനേക്കാൾ വലുതാണ് മുരുകൻ എന്ന സത്യം' ടീസറിൽ ഈ ഡയലോഗ് വന്നപ്പോൾ ട്രോൾ ചെയ്തവർ പോലും തിയേറ്ററുകളിൽ ആവേശത്തോടെ കയ്യടിച്ചിട്ട് ഇന്നേക്ക് എട്ട് വർഷം തികയുന്നു. മലയാള സിനിമാ ചരിത്രത്തിലെ ആദ്യ 100 കോടി ചിത്രമായ പുലിമുരുകന്റെ എട്ടാം വാർഷികം സമൂഹ മാധ്യമങ്ങളിലൂടെ ആഘോഷമാക്കുകയാണ് മോഹൻലാൽ ആരാധകർ. നിരവധി ആരാധകരാണ് സിനിമയുടെ ചിത്രങ്ങളും ദൃശ്യങ്ങളും പങ്കുവെച്ചുകൊണ്ട് എട്ടാം വാർഷികം ആഘോഷിക്കുന്നത്.

'കാലമേ ഇനി പിറക്കുമോ ഇത്പോലെ ഓളം ഉണ്ടാക്കിയ ഒരു ഐറ്റം', 'മലയാള സിനിമയുടെ തലവര മാറ്റിയെഴുതിയ മലയാള സിനിമക്കും 100 കോടി സാധ്യമാണ് എന്ന് തെളിയിച്ച ചിത്രം', 'ഒരിക്കലും മറക്കാൻ കഴിയാത്ത തിയേറ്റർ എക്സ്പീരിയൻസ്' എന്നിങ്ങനെ പോകുന്നു പുലിമുരുകനെക്കുറിച്ചുള്ള ആരധകരുടെ ഓർമ്മകൾ. ഒപ്പം ആദ്യദിനത്തിൽ സിനിമ കാണാൻ പോയപ്പോഴുണ്ടായ തിരക്കിൻെറയും ആഘോഷങ്ങളുടെയും ഓർമ്മകളും പലരും പങ്കുവെക്കുന്നുണ്ട്. #8YearsOfIHPulimurugan എന്ന ഹാഷ്ടാഗും സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങായി കഴിഞ്ഞു.

2016 വൊക്ടോബർ ഏഴിനായിരുന്നു പുലിമുരുകൻ റിലീസ് ചെയ്തത്. ഉദയകൃഷ്ണയുടെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തിന് റിലീസിന് മുന്നേ പല തരത്തിലുള്ള ട്രോളുകൾ നേരിടേണ്ടി വന്നിരുന്നു. എന്നാൽ റിലീസിന് ശേഷം സിനിമ തിയേറ്ററുകളിൽ വലിയ വിജയമാവുകയായിരുന്നു. പീറ്റർ ഹെയ്‌ൻ ഒരുക്കിയ ആക്ഷൻ രംഗങ്ങൾക്ക് വലിയ സ്വീകാര്യതയും ലഭിച്ചിരുന്നു. ചിത്രം 150 കോടിയിലധികം രൂപയാണ് ആഗോളതലത്തിൽ സ്വന്തമാക്കിയത്.

മോഹൻലാൽ പുലിമുരുകൻ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സിനിമയിൽ തെന്നിന്ത്യൻ നടൻ ജഗപതി ബാബുവായിരുന്നു പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത്. കാമിലിനി മുഖർജി, ലാൽ, വിനു മോഹൻ, ബാല, സുരാജ് വെഞ്ഞാറമൂട്, നോബി, ഹരീഷ് പേരടി തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മുളകുപ്പാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടമാണ് ചിത്രം നിർമ്മിച്ചത്.

Content Highlights: Mohanlal Movie Pulimurugan Eighth Anniversary celebrated by fans in Social Media

dot image
To advertise here,contact us
dot image