

പൃഥ്വിരാജ് സുകുമാരന്റെ ബോളിവുഡിലേക്കുള്ള അരങ്ങേറ്റ ചിത്രമായിരുന്നു അയ്യ. റാണി മുഖർജിയായിരുന്നു സിനിമയിൽ നായിക. 2012-ൽ പുറത്തിറങ്ങിയ ചിത്രം ഇന്നും സംസാര വിഷയമാകാറുണ്ട്. ഇപ്പോഴിതാ അയ്യ ഇന്നാണ് ഇറങ്ങിയതെങ്കിൽ സിനിമ 'ജെൻസി'കൾ ഏറ്റെടുത്ത് വിജയിപ്പിക്കുമെന്ന് പറയുകയാണ് റാണി മുഖർജി. ചിത്രത്തിന്റെ ഷൂട്ടിങ് സമയത്തുണ്ടായ രസകരമായ അനുഭവങ്ങളെക്കുറിച്ചും സിനിമ നൽകുന്ന സന്ദേശത്തെക്കുറിച്ചും സൂമിന് നൽകിയ അഭിമുഖത്തിൽ നടി പങ്കുവെക്കുന്നു.
'എനിക്ക് 'അയ്യ' ഒരുപാട് ഇഷ്ടമാണ്. ഈ സിനിമയുടെ ചിത്രീകരണ വേളയാണ് ഞാൻ ഏറ്റവും കൂടുതൽ ആസ്വദിച്ചത്. പൂനെയിലായിരുന്നു ഷൂട്ടിങ്. മറാത്തി സിനിമയിലെ മികച്ച കുറച്ച് അഭിനേതാക്കളെ അവിടെ വച്ച് പരിചയപ്പെടാൻ സാധിച്ചു. അവർ വളരെയധികം കഴിവുള്ളവരാണ്. വളരെ വ്യത്യസ്തമായ ഒരു കഥയായിരുന്നു അത്. നല്ല മണമുള്ള ഒരാളോട് പ്രണയം തോന്നുക എന്നത് സങ്കൽപ്പിക്കുക! അത് വളരെ രസകരവും കാലത്തിന് മുൻപേ സഞ്ചരിച്ച ഒരു കഥയുമായിരുന്നു.
ഇന്നത്തെ കാലത്താണ് അത് ഇറങ്ങിയതെങ്കിൽ 'ജെൻ സി' ഇതിനെ വലിയ വിജയമാക്കുമായിരുന്നു എന്ന് ഞാൻ കരുതുന്നു. കാരണം, ഒരു സ്ത്രീക്ക് സങ്കൽപ്പലോകത്ത് വിഹരിക്കാൻ കഴിയുമെന്ന് ആദ്യമായി കാണിച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു അത്. അങ്ങനെ ചെയ്യുന്നത് തെറ്റല്ല എന്ന് ആ സിനിമ പറയുന്നു. ഇന്നത്തെ തലമുറയ്ക്ക് ഇത് സാധാരണ കാര്യമായിരിക്കാം. എന്നാൽ അക്കാലത്ത് അങ്ങനെയായിരുന്നില്ല. സ്ത്രീകൾക്ക് സങ്കൽപ്പങ്ങൾ ഉണ്ടാകുന്നതും മനോഹരമായ മറ്റൊരു ശരീരത്തോട് ആകൃഷ്ടരാകുന്നതും തെറ്റല്ല എന്ന് ആ സിനിമ പറഞ്ഞു വെച്ചു, റാണി കൂട്ടിചേർത്തു.
Content Highlights: Rani Mukerji discusses her role in the Prithviraj starrer Ayya.