

വിജയ് ചിത്രം 'ഗോട്ട്' കാണുമ്പോൾ ഏതൊരു വിജയകാന്ത് ആരാധകനും അതൊരു വൈകാരിക നിമിഷമാണ്, കാരണം തങ്ങളുടെ പ്രിയനടനെ അവസാനമായി ഒന്നുകൂടി കാണാൻ കഴിയും എന്നത് തന്നെ. സിനിമയുടെ ആദ്യ രംഗങ്ങളിൽ എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് വിജയകാന്തിനെ വീണ്ടും അവതരിപ്പിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ മരണശേഷം ചിത്രീകരിച്ച രംഗങ്ങളിൽ നടന് ശബ്ദം നൽകിയത് നടൻ മണികണ്ഠനാണ്.
ജയ് ഭീം, ഗുഡ് നൈറ്റ്, ലൗവർ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ നടനാണ് മണികണ്ഠൻ. നല്ലൊരു മിമിക്രി കലാകാരൻ കൂടിയായ നടൻ പ്രതിഫലം ഒന്നും വാങ്ങാതെയാണ് വിജയകാന്തിന് ശബ്ദം നൽകിയത്. നടനുള്ള ആദര സൂചകമായാണ് മണികണ്ഠൻ പ്രതിഫലം വാങ്ങാതിരുന്നത് എന്നാണ് റിപ്പോർട്ട്.
അതേസമയം സെപ്റ്റംബർ അഞ്ചിന് റിലീസ് ചെയ്ത ചിത്രം ഇതിനകം ആഗോളതലത്തിൽ 300 കോടി കടന്നിരിക്കുകയാണ്. റിലീസിന് ശേഷമുള്ള ആദ്യ തിങ്കളാഴ്ച മാത്രം സിനിമ 17.50 കോടിയാണ് രാജ്യത്ത് നിന്ന് നേടിയത്. ഇതിൽ 13.50 കോടി തമിഴ്‌നാട്ടിൽ നിന്നായിരുന്നു. സിനിമയ്ക്ക് ആദ്യ ദിനം മുതൽ സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നതെങ്കിലും അതൊന്നും കളക്ഷനെ ബാധിക്കുന്നില്ലെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.
വിജയ്‌യുടെ കരിയറിലെ നാലാം 300 കോടി ക്ലബ് ചിത്രം കൂടിയാണ് ഗോട്ട്. ബിഗിൽ, വാരിസ്, ലിയോ എന്നീ സിനിമകളാണ് ഇതിന് മുന്നേ 300 കോടി ക്ലബിലെത്തിയ വിജയ് ചിത്രങ്ങൾ. അടുത്ത ദിവസങ്ങളിൽ തന്നെ ചിത്രം 400 കോടിയിലേക്ക് കടക്കുമെന്നാണ് അനലിസ്റ്റുകളുടെ നിഗമനം.