Top

'ഗുണ്ട ജയനൊപ്പം താളം പിടിച്ച് കുറുപ്പ്'; ഉണ്ടകണ്ണന്‍ കല്ല്യാണ പാട്ടിനൊപ്പം ദുൽഖറിന്റെ റീല്‍സ് വീഡിയോ

ഒപ്പം സണ്ണി വെയ്നും സൈജു കുറുപ്പുമുണ്ട്.

12 Feb 2022 2:31 PM GMT
ഫിൽമി റിപ്പോർട്ടർ

ഗുണ്ട ജയനൊപ്പം താളം പിടിച്ച് കുറുപ്പ്; ഉണ്ടകണ്ണന്‍ കല്ല്യാണ പാട്ടിനൊപ്പം ദുൽഖറിന്റെ റീല്‍സ് വീഡിയോ
X

സൈജു കുറുപ്പിന്റെ കരിയറിലെ നൂറാം ചിത്രം എന്ന വിശേഷണവുമായാണ് 'ഉപചാരപൂർവ്വം ഗുണ്ടജയൻ' റീലിസിന് എത്തുന്നത്. കഴിഞ്ഞദിവസം ആയിരുന്നു ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം റിലീസ് ചെയ്തത്. അജിത് പി വിനോദൻ രചിച്ച 'ഗുണ്ട ഗുണ്ട ഗുണ്ട ജയൻ' എന്ന ഗാനത്തിന് ശബരീഷ് വർമ്മ, ജയദാസൻ എന്നിവർ ചേർന്നാണ് ഈണം പകർന്നത്. ശബരീഷ് വർമ്മ തന്നെയാണ് ഗാനം ആലപിച്ചത്. ഇപ്പോൾ ഈ ഗാനത്തിന്റെ റീൽസ് ചലഞ്ചുമായി എത്തിയിരിക്കുകയാണ് നിർമാതാവ് കൂടിയായ ദുൽഖർ സൽമാൻ. 'ഗുണ്ട ഗുണ്ട ഗുണ്ട ജയൻ' എന്ന വരികൾക്കൊപ്പം താളം പിടിക്കുകയാണ് ദുൽഖർ സൽമാൻ. ഒപ്പം, സണ്ണി വെയ്നും സൈജു കുറുപ്പുമുണ്ട്.


ഫെബ്രുവരി 25ന് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യും. അരുൺ വൈഗ സംവിധാനം ചെയ്തിരിക്കുന്ന കോമഡി എന്ററൈനെർ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് രാജേഷ് വർമ്മയാണ്. കുറുപ്പ് എന്ന ബ്ലോക്ക്ബസ്റ്റർ വിജയത്തിന് ശേഷം യുവതാരം ദുൽഖർ സൽമാൻ നിർമ്മിച്ച ചിത്രമാണ് 'ഉപചാരപൂർവ്വം ഗുണ്ടജയൻ'. വേഫെയര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും മൈ ഡ്രീംസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സെബാബ് ആനിക്കാടും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സൈജു കുറുപ്പിനൊപ്പം മലയാളത്തിലെ ഒരു വലിയ താരനിര തന്നെ ഈ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. സിജു വില്‍സണ്‍, ശബരീഷ് വര്‍മ്മ, ജോണി ആന്റണി, സാബുമോന്‍, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, ബൈജു എഴുപുന്ന, തട്ടിം മുട്ടിം ഫെയിം സാഗര്‍ സൂര്യ, വൃന്ദ മേനോന്‍, നയന, പാര്‍വതി എന്നിവരാണ് ഇതിലെ കഥാപാത്രങ്ങൾക്ക് ജീവൻ പകർന്നിരിക്കുന്നത്.

എൽദോ ഐസക് കാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തത് കിരൺ ദാസും ഇതിലെ മറ്റു ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത് ബിജിപാലും ആണ്. ഒരു പക്കാ കോമഡി എന്റെർറ്റൈനെർ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രം പ്രേക്ഷകരെ ആദ്യവസാനം ചിരിപ്പിക്കുന്ന ഒരു സിനിമാനുഭവം ആയിരിക്കുമെന്നാണ് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നത്. ഏതായാലും ഇപ്പോൾ പുറത്തു വന്നിരിക്കുന്ന ഈ വീഡിയോ ഗാനം മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിയെടുക്കുന്നത്.

Next Story