
ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിൽ മാറ്റത്തിന് സാധ്യത. ഓൾറൗണ്ടറുമാരായ നിതീഷ് കുമാർ റെഡ്ഡി, വാഷിങ്ടൺ സുന്ദർ എന്നിവർ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിലേക്ക് കടന്നുവരുമെന്നാണ് റിപ്പോർട്ടുകൾ. ആദ്യ ടെസ്റ്റിൽ മുൻനിര മികച്ച രീതിയിൽ സ്കോർ ചെയ്തിട്ടും ലോവർ ഓഡർ തകർന്നത് ഇന്ത്യയ്ക്ക് തിരിച്ചടിയായിരുന്നു. തുടർന്നാണ് നിതീഷ് കുമാർ റെഡ്ഡിയെ ഇലവനിൽ ഉൾപ്പെടുത്താനുള്ള നീക്കമുണ്ടാകുന്നത്.
രണ്ട് സ്പിന്നർമാരെ ടീമിൽ ഉൾപ്പെടുത്തി എഡ്ജ്ബാസ്റ്റണിൽ ഇറങ്ങാനാണ് ഇന്ത്യൻ ടീമിന്റെ ആലോചന. അതിനാൽ രവീന്ദ്ര ജഡേജയ്ക്കൊപ്പം ബാറ്റിങ്ങിലും സംഭാവന ചെയ്യാൻ കഴിയുന്ന വാഷിങ്ടൺ സുന്ദറിനെ ടീമിൽ ഉൾപ്പെടുത്തുമെന്നാണ് റിപ്പോർട്ടുകൾ. നെറ്റ്സിൽ പരിശീലനത്തിനിടെ സുന്ദർ മികച്ച നിലയിൽ ബാറ്റുകൊണ്ട് സംഭാവന ചെയ്തിരുന്നു. അങ്ങനെയെങ്കിൽ കുൽദീപ് യാദവിന് കളിക്കളത്തിലെത്താൻ കാത്തിരിക്കേണ്ടി വരും. ജൂലൈ രണ്ട് മുതലാണ് എഡ്ജ്ബാസ്റ്റണിൽ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ടെസ്റ്റ് ആരംഭിക്കുക.
ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം: ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), റിഷഭ് പന്ത് (വൈസ് ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), യശസ്വി ജയ്സ്വാൾ, കെ എൽ രാഹുൽ, സായി സുദർശൻ, അഭിമന്യൂ ഈശ്വരൻ, കരുൺ നായർ, നിതീഷ് കുമാർ റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറേൽ (വിക്കറ്റ് കീപ്പർ), വാഷിങ്ടൺ സുന്ദർ, ഷാർദുൽ താക്കൂർ, ജസ്പ്രീത് ബുംമ്ര, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, അർഷ്ദീപ് സിങ്, കുൽദീപ് യാദവ്.
Content Highlights: Nitish Reddy, Washington Sundar likely to play in second test