


 
            ഉന്നത വിദ്യാഭ്യാസത്തിനായി വിദേശരാജ്യങ്ങൾ തിരഞ്ഞെടുക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളിൽ വലിയ കുറവെന്ന് ബ്യൂറോ ഓഫ് ഇമ്മിഗ്രെഷന്റെ കണക്കുകൾ. യുഎസ്, യുകെ, കാനഡ എന്നീ രാജ്യങ്ങളിലേക്ക് ചേക്കേറുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിലാണ് വൻ കുറവുണ്ടായിട്ടുള്ളത്.
27 ശതമാനം ഇടിവാണ് ഈ രാജ്യങ്ങൾ തിരഞ്ഞെടുക്കുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ വന്നിട്ടുള്ളത്. വിസ നിയമങ്ങൾ കടുപ്പിച്ചത്, ഈ രാജ്യങ്ങളിലെ ഉയർന്ന ഫീസ്, നടപടികളിൽ തഴയപ്പെടാനുള്ള സാധ്യത, നയതന്ത്രപരമായ വിഷയങ്ങൾ എന്നിവയാണ് വിദ്യാർത്ഥികളെ ഈ രാജ്യങ്ങൾ തിരഞ്ഞെടുക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നത്. എന്നാൽ റഷ്യ, ജർമനി, ഉസ്‌ബെക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൾ തിരഞ്ഞെടുക്കുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ വലിയ വർധനവുമുണ്ടായിട്ടുണ്ട്.
യുകെ, യുഎസ്, കാനഡ എന്നീ രാജ്യങ്ങളിൽ പഠിക്കുന്ന കുട്ടികളിൽ എണ്ണത്തിൽ ഒരു വർഷത്തിൽ മാത്രം 1,64,370 വിദ്യാർത്ഥികളുടെ കുറവാണ് ഉണ്ടായത്. 41% ഇടിവാണ് കാനഡ രേഖപ്പെടുത്തിയത്. യുകെ 27%വും യുഎസ് 13% ഇടിവും രേഖപ്പെടുത്തി. ഇത്തരത്തിൽ രാജ്യത്തിന് പുറത്തേയ്ക്ക് പഠിക്കാൻ പോകുന്ന മൊത്തം വിദ്യാർത്ഥികളുടെ എണ്ണം 15% ഇടിഞ്ഞു.
വിസ, ഇമ്മിഗ്രെഷൻ നടപടികൾ കടുപ്പിച്ചതാണ് കാനഡയിലേക്കുള്ള ഇന്ത്യൻ വിദ്യാർത്ഥികളുടെ ഒഴുക്ക് കുറയാൻ കാരണം. വിദ്യാർഥികളുടെ ജോലി പെർമിറ്റുകള്‍ റദ്ദാക്കുക, വിസ അനുവദിക്കുന്നതില്‍ കർശന പരിശോധന, കാലാവധി കഴിഞ്ഞും ആളുകൾ രാജ്യത്ത് താമസിക്കുന്നുണ്ടോ എന്നതുസംബന്ധിച്ച പരിശോധന തുടങ്ങിയവയെല്ലാം കനേഡിയൻ ഉദ്യോഗസ്ഥർ ശക്തമാക്കിയതോടെയാണ് ഇന്ത്യൻ വിദ്യാർത്ഥികളുടെ കാനഡ മോഹത്തിന് തിരിച്ചടിയായത്. ഉയർന്ന ഫീസും മറ്റുമാണ് യുഎസിലും യുകെയിലുമുളള പ്രശ്നം. മാത്രമല്ല, അഡ്മിഷൻ നേടുന്ന യുണിവേഴ്സിറ്റികളിലെ പഠനനിലവാരവും മറ്റും കുട്ടികളെ പിന്നോട്ടടിക്കുന്നുണ്ട്.
Content Highlights: Indian students flying out for education decreased
 
                        
                        