
Jul 12, 2025
12:05 PM
ന്യൂഡൽഹി: കേന്ദ്ര സർക്കാർ നടപ്പാക്കിയ അഗ്നിപഥ് പദ്ധതി പരിഷ്കരിക്കുന്നത് പരിഗണനയിൽ. കര, നാവിക, വ്യോമ സേനകളിൽ 4 വർഷത്തെ ഹ്രസ്വസേവനത്തിനായി നടപ്പാക്കിയ പദ്ധതിയാണ് അഗ്നിപഥ്. 4 വർഷത്തിനു ശേഷം 50% പേരെ സേനകളിൽ നിലനിർത്താനാണ് ആലോചന. നിലവിൽ ഇത് 25 ശതമാനമാണ്. കൊവിഡിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി റിക്രൂട്ട്മെന്റ് നടക്കാത്തതു മൂലം കരസേനയിൽ സൈനികരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. ഇതു കൂടി കണക്കിലെടുത്താണ് പകുതിപ്പേരെ സ്ഥിരപ്പെടുത്തുന്നത് പരിഗണിക്കുന്നത്.
4 വർഷ സേവനം പൂർത്തിയാക്കുന്നവരിൽ 75% പേരെ ഒഴിവാക്കുന്ന നിലവിലെ രീതിക്കെതിരെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വ്യാപക പ്രതിഷേധമുയർന്നിരുന്നു. പരിശീലനം പൂർത്തിയാക്കാതെ പദ്ധതി ഉപേക്ഷിക്കുന്നവരിൽ നിന്ന് അതുവരെയുള്ള ചെലവ് ഈടാക്കാൻ പ്രതിരോധ മന്ത്രാലയം നടപടിയെടുത്തേക്കും. പരിശീലനം പാതിവഴിയിൽ ഉപേക്ഷിക്കുന്നത് തടയാൻ ലക്ഷ്യമിട്ടാണിത്. കരസേനയിൽ അമ്പതോളം പേർ പരിശീലനം പൂർത്തിയാക്കാതെ മടങ്ങിയതായി റിപ്പോർട്ടുണ്ടായിരുന്നു. ഇതിന്റെകൂടെ പശ്ചാത്തലത്തിലാണ് തീരുമാനം.