പരിശോധന ഒഴിവാക്കാൻ 'വളഞ്ഞ വഴി'; തിരുവനന്തപുരം വിമാനത്താവളത്തിൽ ലഹരിവേട്ട, ഡോക്ടർമാർ പിടിയിൽ

വുഹാൻ സർവകലാശാലയിൽ എംബിബിഎസ് പഠനം പൂർത്തിയാക്കിയ ഡോക്ടർമാരാണ് പ്രതികൾ

പരിശോധന ഒഴിവാക്കാൻ 'വളഞ്ഞ വഴി'; തിരുവനന്തപുരം വിമാനത്താവളത്തിൽ ലഹരിവേട്ട, ഡോക്ടർമാർ പിടിയിൽ
dot image

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ ലഹരിമരുന്ന് വേട്ട. 1.86 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് കടത്തിയ കേസിൽ കൊല്ലം സ്വദേശി ആനന്ദ് ജയപ്രകാശ്(34), കണ്ണൂർ സ്വദേശി ലിബിൻ ദാസ് (27) എന്നിവരാണ് പിടിയിലായത്. ചൈനയിലെ വുഹാൻ സർവകലാശാലയിൽ എംബിബിഎസ് പഠനം പൂർത്തിയാക്കിയ ഡോക്ടർമാരാണ് പ്രതികൾ. മാർച്ച് 19ന് നടന്ന പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെടുത്തത്.

Also Read:

ബാങ്കോക്കിൽ നിന്നെത്തിയ ആനന്ദ് ജയപ്രകാശ്, കസ്റ്റംസ് പരിശോധന ഒഴിവാക്കാനായി തന്റെ ബാഗേജ് സിംഗപ്പൂരിൽ നിന്നെത്തിയ ലിബിൻ ദാസിനെ ഏൽപ്പിക്കുകയായിരുന്നു. ബാങ്കോക്കിൽ നിന്നുള്ള യാത്രക്കാരെ കസ്റ്റംസ് കർശനമായി നിരീക്ഷിക്കുമെന്നതിനാലാണ് ഇത്തരമൊരു തന്ത്രം പ്രയോഗിച്ചത്. എന്നാൽ പരിശോധനയിൽ ലഗേജിനുള്ളിൽ നിന്നും മയക്കുമരുന്ന് കണ്ടെത്തുകയായിരുന്നു.

ഒരാഴ്ച മുമ്പ് തായ്‌ലൻഡിലെത്തിയ ആനന്ദ് ജയപ്രകാശ് അവിടെനിന്നും ഹൈബ്രിഡ് കഞ്ചാവ് വാങ്ങി ബാങ്കോക്ക് വഴി സിങ്കപ്പൂരിലെത്തി. വിമാനത്താവളത്തിൽവെച്ച് തന്റെ ജൂനിയർ ആയി പഠിച്ചിരുന്ന ലിബിൻ ദാസിനെ കണ്ടു. ലിബിനോട് തന്റെ ബാഗിൽ ലഹരിയുണ്ടെന്നും അത് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ ശേഷം പുറത്ത് എത്തിക്കണമെന്നും ആവശ്യപ്പെട്ടു. തായ്‌ലൻഡിൽ നിന്ന് എത്തുന്നവരുടെ ബാഗുകൾ കർശന പരിശോധന നടത്തുന്നുണ്ടെന്നത് ചൂണ്ടിക്കാട്ടിയാണ് ആനന്ദ് ഈ ആവശ്യം ലിബിനുമുന്നിൽവെച്ചത്. തുടർന്ന് വ്യാഴാഴ്ച രാത്രിയോടെ ഇരുവരും സ്‌കൂട്ട് എയർലൈൻസിന്റെ വിമാനത്തിൽ തിരുവനന്തപുരത്ത് എത്തി.

ലിബിന്റെ ബാഗുമായി ആനന്ദ് കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം പുറത്തുകടന്നു. എന്നാൽ ലിബിനെ സംശയത്തിന്റെ അടിസ്ഥാനത്തിൽ അധികൃതർ പരിശോധിച്ചു. ഇതോടെ ആനന്ദിന്റെ ബാഗ് കൈവശം വെച്ച ലിബിൻ കുടുങ്ങി. ചോദ്യം ചെയ്യലിന് ശേഷം ലിബിനെ കസ്റ്റംസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ശേഷം മൊഴിയുടെ അടിസ്ഥാനത്തിൽ ആനന്ദിനെ കസ്റ്റംസിന്റെ പ്രത്യേക അന്വേഷണ സംഘം പിന്നീട് പിടികൂടി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു

Content Highlights: two doctors arrested at Thiruvananthapuram

dot image
To advertise here,contact us
dot image