

തിരുവനന്തപുരം: പെരുമ്പാവൂരില്‍ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് ഇടഞ്ഞുനിന്നിരുന്ന എല്‍ദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാന്‍ രമേശ് ചെന്നിത്തല. എല്‍ദോസുമായി രമേശ് ചെന്നിത്തല കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരത്തുവെച്ചായിരുന്നു കൂടിക്കാഴ്ച. കടുത്ത തീരുമാനങ്ങള്‍ എടുക്കരുതെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. രമേശ് ചെന്നിത്തലയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം താന്‍ സ്വതന്ത്രനാകാനില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളി പ്രതികരിച്ചു.
സീറ്റ് നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ് താന്‍ ചെയ്തതെന്നും എല്‍ദോസ് പറഞ്ഞു. പെരുമ്പാവൂരില്‍ തന്നെ സ്‌നേഹിക്കുന്ന പ്രവര്‍ത്തകര്‍ വേദനയിലാണ്. സമാനമായി അര്‍ഹതയുള്ളവര്‍ വന്നപ്പോഴാണ് മറ്റൊരാളെ പരിഗണിച്ചത്. കേരളത്തിലെ നേതൃത്വം തന്നെയാണ് പരിഗണിച്ചത്. ദേശീയ നേതൃത്വം വിജയ സാധ്യത കണ്ട് മറ്റൊരാളെ തെരഞ്ഞെടുക്കുകയായിരുന്നു. യുഡിഎഫിന് വേണ്ടി പ്രവര്‍ത്തിക്കും. അമ്മയെ പോലെയാണ് താന്‍ പ്രസ്ഥാനത്തെ സ്‌നേഹിക്കുന്നതെന്നും എല്‍ദോസ് പറഞ്ഞു.
സീറ്റ് കിട്ടാത്തതില്‍ വേദനയുണ്ടെന്ന് എല്‍ദോസ് ആവര്‍ത്തിച്ചു. താന്‍ അധികാര മോഹിയല്ല. ഏത് മുന്നണിയില്‍ നിന്നാലും പെരുമ്പാവൂരില്‍ താന്‍ ജയിക്കും. എന്നാല്‍ പാര്‍ട്ടിയോട് അനുസരണയുള്ള കുഞ്ഞാടാണ് താന്‍. മനോജ് മൂത്തേടന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും എല്‍ദോസ് കുന്നപ്പിള്ളി കൂട്ടിച്ചേര്‍ത്തു.
പെരുമ്പാവൂരില്‍ സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു എല്‍ദോസ് കുന്നപ്പിള്ളി. എന്നാല്‍ മനോജ് മൂത്തേടനായിരുന്നു നറുക്ക് വീണത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നതോടെ അമര്‍ഷം പരസ്യമാക്കി എല്‍ദോസ് കുന്നപ്പിള്ളി രംഗത്തെത്തിയിരുന്നു. കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും അടക്കമുള്ളവര്‍ സിറ്റിങ് എംഎല്‍എമാര്‍ക്ക് സീറ്റ് ഉണ്ടാകുമെന്ന് വാക്ക് നല്‍കിയിരുന്നു. എന്നാല്‍ പ്രഖ്യാപനം വന്നപ്പോള്‍ സീറ്റില്ല. സീറ്റ് ലഭിക്കാത്തതില്‍ വേദനയുണ്ടെന്നും എന്നാല്‍ പ്രതിഷേധിക്കില്ലെന്നും എല്‍ദോസ് പ്രതികരിച്ചിരുന്നു. സീറ്റ് ലഭിക്കുമെന്ന് കരുതി നാമനിര്‍ദേശ പത്രിക തയ്യാറാക്കിയിരുന്നുവെന്നും എല്‍ദോസ് പറഞ്ഞിരുന്നു.
Content Highlights- Ramesh Chennithala met Eldhose Kunnappilly as part of ongoing political discussions within the Congress in Kerala