

ബിഗ് ബാഷ് ടി20 ലീഗിനിടെ സ്റ്റീവ് സ്മിത്തും ബാബർ അസമും തമ്മിലുണ്ടായ ചില സംഭവങ്ങളാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ ചർച്ചാ വിഷയം. ലീഗില്‍ സിഡ്സി സിക്സേഴ്സും സിഡ്നി തണ്ടറും തമ്മിലുള്ള മത്സരത്തിനിടെ സിക്സേഴ്സ് താരമായ ബാബര്‍ അസമിന് ഉറപ്പായ സിംഗിള്‍ നിഷേധിച്ച സഹതാരം സ്റ്റീവ് സ്മിത്തിന്‍റെ നടപടിയെ അനുകൂലിച്ചും എതിർത്തും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. ഇപ്പോഴിതാ വിഷയത്തിൽ ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്‌ലിയുടെ പേരും വലിച്ചിഴക്കപ്പെടുകയാണ്.
പാകിസ്താന്റെ മുൻ താരമായ ബാസിത് അലിയാണ് ബാബർ-സ്മിത്ത് വിഷയത്തിൽ വിരാട്ടിന്റെ പേരും പരാമർശിച്ചത്. മറ്റൊരു മുൻ പാകിസ്ഥാൻ കളിക്കാരനായ കമ്രാൻ അക്മലുമായുള്ള യൂട്യൂബ് ചർച്ചയിലാണ് ബാസിത്തിന്റെ പ്രതികരണം. സിംഗിൾ എടുക്കാൻ വിസമ്മതിച്ച് ബാബറിനെ സ്ട്രൈക്കിൽ നിന്ന് മാറ്റിയ സ്മിത്തിന്റെ നടപടിയെ മുൻ താരം കമ്രാൻ അക്മൽ വിമർശിച്ചപ്പോൾ, ബാബറിന്റെ മെല്ലെപ്പോക്കിനെ ബാസിത് അലി പരിഹസിച്ചു.
'ബാബറിനെപ്പോലൊരു ലോകോത്തര താരത്തെ സ്ട്രൈക്ക് നൽകാതെ അപമാനിക്കരുതായിരുന്നു. ഇത്രയും പ്രശ്നമാണെങ്കിൽ ബാബറിനെ ടീമിൽ നിന്ന് പുറത്തിരുത്തണമായിരുന്നു. സ്ട്രൈക്ക് കൈമാറില്ലെന്ന് ബാബറിനോട് മുൻകൂട്ടി പറയാമായിരുന്നു. സ്മിത്തിനെപ്പോലെ തുടർച്ചയായി സിക്സറുകൾ അടിക്കാൻ ബാബറിന് കഴിയില്ല എങ്കിലും ബാബറും മികച്ച ബാറ്റ്‌സ്മാനാണ്', കമ്രാൻ അക്മൽ പറഞ്ഞു.
അതേസമയം കമ്രാൻ അക്മൽ പറഞ്ഞ വാദത്തെ ബാസിത് അലി എതിർത്തു. 'വിരാട് കോഹ്‌ലിയാണ് ആ സിംഗിൾ ചോദിച്ചതെങ്കിൽ സ്മിത്തിന്റെ അപ്പൻ പോലും അത് നൽകുമായിരുന്നു. തന്റെ കളിശൈലി കൊണ്ട് ബാബർ സ്വന്തം മൂല്യം കുറക്കുകയാണ് ചെയ്തത്. ഇതുകൊണ്ട് പാകിസ്താന്‍ ക്രിക്കറ്റിന്റെ പേരിന് ഒരിക്കലും കളങ്കം വരില്ല. അങ്ങനെ പറയുന്നവര്‍ വിഡ്ഢികളാണ്. അവര്‍ ക്ഷണിച്ചതുകൊണ്ട് മാത്രമാണ് ബാബര്‍ ബിഗ് ബാഷ് ലീഗില്‍ കളിക്കാന്‍ പോയത്', ബാസിത് അലി പറഞ്ഞു.
സിക്‌സേഴ്‌സിന്റെ ബാറ്റിങ്ങിനിടെ 11-ാം ഓവറിലെ മൂന്നും നാലും അഞ്ചും പന്തുകളിൽ ബാബറിന് സിംഗിളെടുക്കാൻ സാധിച്ചില്ല. അവസാന പന്ത് ബാബർ ലോംഗ് ഓണിലേക്ക് തട്ടിയിട്ട് സിംഗിളിന് ശ്രമിച്ചു. എന്നാൽ സ്മിത്ത് ഓടാൻ വിസമ്മതിച്ചു. ബാബർ ആവട്ടെ പിച്ചിന് പാതിവരെ ഓടിയെത്തിയിരുന്നു. ഓവറിന് ശേഷം എന്തുകൊണ്ട് ഓടിയില്ലെന്ന് ബാബർ സ്മിത്തിനോട് ചോദിക്കുന്നുണ്ട്.
Content Highlights: Basit Ali Dragged Virat Kohli Into Babar Azam-Steve Smith Controversy on Big Bash episode