

തിരുവനന്തപുരം: പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുംവിധം ചാനല്‍ ചര്‍ച്ചകളില്‍ പ്രതികരിക്കരുതെന്ന സിപിഐഎം മുന്നറിയിപ്പിന് പിന്നാലെ ഫേസ്ബുക്കില്‍ പരിഹാസ പോസ്റ്റുമായി അഡ്വ. ബി എന്‍ ഹസ്‌കര്‍. ഇടത് നിരീക്ഷന്‍ എന്ന പദവി രാജിവെച്ചു എന്നായിരുന്നു ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ഹസ്‌കര്‍ പരിഹസിച്ചത്. ചാനല്‍ ചര്‍ച്ചകളിലെ മണിക്കൂറുകള്‍ നീളുന്ന അധ്വാനം ഒരു രാഷ്ട്രീയ പ്രവര്‍ത്തവമാണെന്ന് കരുതുന്നതുകൊണ്ട് താന്‍ ഇനി മുതല്‍ 'രാഷ്ട്രീയ നിരീക്ഷകന്‍' എന്ന് അറിയപ്പെടുമെന്നും പേടിച്ച് പോയെന്ന് പറഞ്ഞേക്കൂ എന്നും ഹസ്‌കര്‍ കുറിപ്പില്‍ പറഞ്ഞു.
ഹസ്‌കര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ്
രാജിവെച്ചു.
സംസ്ഥാന സര്‍ക്കാരും പാര്‍ട്ടിയും നല്‍കിയ 'ഇടതു നിരീക്ഷകന്‍' എന്ന പദവി ഞാന്‍ രാജി വച്ചിരിക്കുന്നു, ഇന്നുവരെ വാങ്ങിയ ശമ്പളവും മറ്റ് അനുകൂല്യങ്ങളും ഞാന്‍ സര്‍ക്കാര്‍ ഖജനാവിലേക്ക് തിരിച്ചടച്ചു, ഔദ്യോഗിക വാഹനം ഡ്രൈവര്‍ ഗണ്‍മാന്‍ എന്നിവ ഞാന്‍ തിരിച്ചയച്ചു, ഔദ്യോഗിക വസതിയും ഒഴിഞ്ഞു. ചാനല്‍ ചര്‍ച്ചകളിലെ മണിക്കൂറുകള്‍ നീളുന്ന അധ്വാനം ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണെന്ന് കരുതുന്നതുകൊണ്ട് ഞാന്‍ ഇനി മുതല്‍ 'രാഷ്ട്രീയ നിരീക്ഷകന്‍'. പേടിച്ചു പോയെന്ന് പറഞ്ഞേക്കൂ.
നേരത്തേ ഒരു ചാനല്‍ ചര്‍ച്ചയില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും ഹസ്‌കര്‍ വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹസ്‌കറിന് മുന്നറിയിപ്പുമായി സിപിഐഎം രംഗത്തെത്തിയത്. ഇടത് നിരീക്ഷകനെന്ന ലേബലില്‍ ഇത്തരം പ്രതികരണങ്ങള്‍ ഒഴിവാക്കണമെന്ന് ഹസ്‌കറിന് സിപിഐഎം മുന്നറിയിപ്പ് നല്‍കിയികുന്നു. അഭിഭാഷക ബ്രാഞ്ച് യോഗത്തില്‍ സംസ്ഥാന കമ്മിറ്റി അംഗം കെ സോമപ്രസാദായിരുന്നു മുന്നറിയിപ്പ് നല്‍കിയത്. എന്നാല്‍ കേന്ദ്ര കമ്മിറ്റി നിലപാടാണ് താന്‍ പറഞ്ഞതെന്നായിരുന്നു ഹസ്‌കറിന്റെ മറുപടി. തനിക്കെതിരെ നടപടിയെടുത്താല്‍ എ കെ ബാലനും രാജു എബ്രഹാമും നടപടിക്ക് അര്‍ഹരാണെന്നും ഹസ്‌കര്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഫേസ്ബുക്കില്‍ പാര്‍ട്ടിക്കെതിരെ പരിഹാസ കുറിപ്പുമായി ഹസ്‌കര്‍ രംഗത്തെത്തിയത്.
Content Highlights- Adv B N Haskar Facebook post against cpim