
ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ പാകിസ്താനെ വീഴ്ത്തി ഇന്ത്യ ചാമ്പ്യന്മാർ. ദുബായില്‍ നടന്ന കലാശപ്പോരില്‍ അഞ്ച് വിക്കറ്റിനാണ് ഇന്ത്യ പാകിസ്താനെ വീഴ്ത്തിയത്. ഇന്ത്യയുടെ ഒന്‍പതാം ഏഷ്യാ കപ്പ് കിരീടമാണിത്.
പാകിസ്താനെ 147 റണ്‍സിന് എറിഞ്ഞൊതുക്കിയ ഇന്ത്യ രണ്ട് പന്തുകള്‍ ബാക്കിനില്‍ക്കെ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടന്നു. പുറത്താകാതെ 53 പന്തില്‍ 69 റണ്‍സെടുത്ത തിലക് വര്‍മയാണ് ഇന്ത്യയുടെ വിജയശില്‍പി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാകിസ്താൻ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാകിസ്താനെ 146 റണ്‍സിന് ഇന്ത്യ എറിഞ്ഞിട്ടു. തകര്‍പ്പന്‍ തുടക്കം ലഭിച്ചെങ്കിലും പാകിസ്താന്‍ 19.1 ഓവറില്‍ ഓള്‍ഔട്ടായി. നാല് വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവാണ് പാകിസ്താനെ എറിഞ്ഞിട്ടത്. വരുണ്‍ ചക്രവര്‍ത്തി, അക്സര്‍ പട്ടേല്‍, ജസ്പ്രിത് ബുംറ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി.
പാകിസ്താന് വേണ്ടി ഓപ്പണര്‍ സാഹിബ്‌സാദ ഫര്‍ഹാന്‍ അര്‍ധ സെഞ്ച്വറി നേടി. 38 പന്തില്‍ 57 റണ്‍സെടുത്ത സാഹിബ്‌സാദ ഫര്‍ഹാനാണ് പാകിസ്ഥാന്റെ ടോപ്സ് സ്‌കോറര്‍. ഫഖര്‍ സമാന്‍ 35 പന്തില്‍ 46 റണ്‍സെടുത്തു. മറ്റാര്‍ക്കും തിളങ്ങാന്‍ സാധിച്ചില്ല.
147 റണ്‍സ് പിന്തുടരാനിറങ്ങിയ ഇന്ത്യ കൂട്ടത്തകര്‍ച്ചയോടെയായിരുന്നു തുടങ്ങിയത്. 20 റണ്‍സെടുക്കുന്നതിനിടെ മൂന്ന് ടോപ് ഓര്‍ഡർ ബാറ്റര്‍മാരെയും നഷ്ടപ്പെട്ടു. രണ്ടാം ഓവറില്‍ അഭിഷേക് ശര്‍മയും മൂന്നാം ഓവറില്‍ സൂര്യകുമാര്‍ യാദവും നാലാം ഓവറില്‍ ശുഭ്മാന്‍ ഗില്ലും കൂടാരം കയറിയതോടെ ഇന്ത്യ പതറി. ആറ് പന്തില്‍ അഞ്ച് റണ്‍സെടുത്ത അഭിഷേകിനെയും, 10 പന്തില്‍ 12 റണ്‍സെടുത്ത ഗില്ലിനെയും ഫഹീം അഷ്‌റഫാണ് പുറത്താക്കി. അഞ്ച് പന്തില്‍ ഒരു റണ്‍സെടുത്ത സൂര്യകുമാര്‍ യാദവിനെ ഷഹീന്‍ അഫ്രീദിയും മടക്കി.
നാലാം വിക്കറ്റില്‍ ഒരുമിച്ച തിലക് വര്‍മയും സഞ്ജു സാംസണുമാണ് ഇന്ത്യയെ കൂട്ടത്തകർച്ചയിൽ നിന്ന് കരകയറ്റിയത്. 57 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പാണ് ഇരുവരും ഇന്ത്യയ്ക്ക് സമ്മാനിച്ചത്. ഇതിനിടെ 21 പന്തില്‍ 24 റണ്‍സെടുത്ത സഞ്ജുവിനെ അബ്രാര്‍ അഹമ്മദ് പുറത്താക്കിയതോടെ പാകിസ്താന്‍ വീണ്ടും മത്സരത്തിലേക്ക് തിരികെയെത്തി.
എന്നാല്‍ തുടര്‍ന്ന് ക്രീസിലെത്തിയ ശിവം ദുബെ കൂറ്റനടികളുമായി കളം നിറഞ്ഞതോടെ ഇന്ത്യയുടെ പ്രതീക്ഷകൾക്ക് ജീവൻ വെച്ചു. 22 പന്തില്‍ 33 റണ്‍സെടുത്താണ് ദുബെ മടങ്ങിയത്. ഹാരിസ് റൗഫ് എറിഞ്ഞ അവസാന ഓവറില്‍ ഇന്ത്യയ്ക്ക് വിജയിക്കാൻ 10 റണ്‍സായിരുന്നു വേണ്ടത്. എന്നാല്‍ ഭയമോ സമ്മർദ്ദമോ ഇല്ലാതെ ബാറ്റുവീശിയ തിലക് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. അവസാന ഓവറിലെ നാലാം പന്തില്‍ ബൗണ്ടറിയടിച്ച് റിങ്കു സിങാണ് ഇന്ത്യയുടെ വിജയറണ്‍ കുറിച്ചത്.
Content Highlights: Asia Cup 2025 Final: India beats Pakistan to clinch title