
പാലക്കാട്: അവശനായ അച്ഛനെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടയിൽ മകന്റെ മർദ്ദനമേറ്റ അമ്മ മരിച്ചു. ബഹളത്തിനിടയിൽ അവശനിലയിലായിരുന്ന അച്ഛനും മരിച്ചു. പാലക്കാട് കാടാങ്കോട് അയ്യപ്പൻക്കാവ് സ്വദേശികളായ അപ്പുണി, ഭാര്യ യശോദ എന്നിവരാണ് മരിച്ചത്. സംഭവത്തിൽ ഇവരുടെ മകനായ അനൂപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന അപ്പുണി ഇന്നലെയാണ് കാടാങ്കോട്ടെ വീട്ടിൽ തിരിച്ചെത്തിയത്. ഉച്ചയോടെ വീണ്ടും അവശനായ അപ്പുണിയെ ബന്ധുക്കളുടെ സഹായത്തോടെ യശോദ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് മകൻ അനൂപ് ഇവരെ മാരകമായി മർദ്ദിച്ചത്. പരിക്കേറ്റ യശോദയെ ഉടൻ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ നഷ്ടപ്പെട്ടു. നാട്ടുകാരും പൊലീസും ഇവരുടെ വീട്ടിൽ പിന്നാലെ നടത്തിയ പരിശോധനയ്ക്കിടെയാണ് അപ്പുണിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
അസം സ്വദേശിയെ തട്ടിക്കൊണ്ടുപോയി പണം കവർന്നു; മരട് അനീഷിന്റെ കൂട്ടാളികൾ പിടിയിൽമദ്യലഹരിയിലായിരുന്ന അനൂപ് യശോദയെയും തന്നെയും മാരകമായി മർദ്ദിച്ചുവെന്ന് ഇവരുടെ ബന്ധുവായ തങ്കം പൊലീസിന് മൊഴി നൽകി. മദ്യപിച്ചെത്തി സ്ഥിരമായി നാട്ടുകാരുമായും, വീട്ടുകാരുമായും പ്രശ്നം ഉണ്ടാക്കുന്ന വ്യക്തിയാണ് അനൂപെന്നാണ് പരിസരവാസികളും പറയുന്നത്.സംഭവത്തിൽ അനൂപിനെ പാലക്കാട് സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. കസബ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കഞ്ചാവ് കേസിലെ പ്രതിയാണ് അനൂപ്. മരിച്ച അപ്പുണ്ണിയുടെയും, യശോദയുടെയും മൃതദേഹങ്ങൾ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ഇരുവരുടെയും മൃതദേഹം നാളെ ബന്ധുകൾക്ക് വിട്ടു നൽകും.