

മങ്കട: കുട്ടി കാറിൽ കയറിയെന്ന് കരുതി കുടുംബം യാത്ര തുടർന്നത് അഞ്ചുകിലോമീറ്ററിലധികം. ഞായറാഴ്ച രാത്രി ഏഴിന് വെള്ളില ആയിരനാഴിപ്പടിയിലാണ് സംഭവം. നാട്ടുകാരുടെ സമയോചിതമായ ഇടപെടലിനു പിന്നാലെ നാലുവയസുകാരനെ സുരക്ഷിതമായി അമ്മക്കൊപ്പം പറഞ്ഞയക്കാനായി.
മഞ്ചേരിയിൽനിന്ന് ഒറ്റപ്പാലത്തേക്ക് കാറിൽ വരികയായിരുന്നു അമ്മയും മൂന്നു മക്കളുമടങ്ങുന്ന ഒറ്റപ്പാലം സ്വദേശികളായ കുടുംബം. യാത്രക്കിടയിൽ വെള്ളിലയിൽ കാർ നിർത്തിയിരുന്നു. കടയിൽനിന്നും സാധനം വാങ്ങി തിരികെ കയറുന്നതിനിടെ കുട്ടിയോട് മുൻസീറ്റിലിരിക്കാൻ അമ്മ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കുട്ടി മുൻസീറ്റിൽ കയറുന്നതിനിടെ ഡ്രൈവർ കാറെടുത്തു. കുട്ടി കാറിലുണ്ടെന്നാണ് പുറകിലിരുന്ന അമ്മ കരുതിയത്.
അതേസമയം കാർ പോയതോടെ കുട്ടി കരയാൻ തുടങ്ങി. ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ കുട്ടിയെ ആശ്വസിപ്പിച്ചു. വിവരങ്ങൾ അന്വേഷിച്ചതോടെയാണ് കാര്യങ്ങൾ മനസിലായത്. സാധനം വാങ്ങിയ കട കുട്ടി ഇവർക്ക് കാണിച്ചുകൊടുത്തതോടെ നാട്ടുകാർ കടക്കാരനോട് വിവരങ്ങൾ തിരക്കി. ഇയാൾ കുട്ടിയും കുടുംബവും സാധനങ്ങൾ വാങ്ങാനെത്തിയിരുന്നുവെന്ന് വ്യക്തമാക്കി.
നാട്ടുകാർ വിവരമറിയിക്കാനായി മങ്കട പോലീസ് സ്റ്റേഷനിൽ വിളിച്ചെങ്കിലും ഫോൺ എടുത്തില്ല. ഏകദേശം 20 മിനിറ്റിന് ശേഷം കുടുംബം സഞ്ചരിച്ച കാർ തിരികെയെത്തി. പിന്നാലെ അമ്മയെ കുട്ടി തിരിച്ചറിഞ്ഞു. കുട്ടി കാറിൽ കയറിയെന്ന് തെറ്റിദ്ധരിച്ചാണ് കാറിൽ പോയതെന്നും അബദ്ധം പറ്റിയതാണെന്നും അമ്മ പറഞ്ഞു. കാര്യങ്ങൾ ബോധ്യപ്പെട്ടതോടെ നാട്ടുകാർ കുട്ടിയെ അമ്മയുടെ കൂടെ വിട്ടയച്ചു.
Content Highlights: The family continued their journey for more than five kilometers, thinking the child had gotten into the car