മെസിക്ക് പരിക്കേറ്റു എന്നത് തെറ്റായ പ്രചാരണം; മുഴുവൻ അർജന്റീന ടീമംഗങ്ങളെയും എത്തിക്കും; ഹെക്ടർ ഡാനിയൽ കബ്രേര

അര്‍ജന്റീന ടീമിന്റെ വരുവുമായി ബന്ധപ്പെട്ട് നടക്കുന്ന ഒരുക്കങ്ങളില്‍ തൃപ്തനാണെന്നും കബ്രേര പറഞ്ഞു

മെസിക്ക് പരിക്കേറ്റു എന്നത് തെറ്റായ പ്രചാരണം; മുഴുവൻ അർജന്റീന ടീമംഗങ്ങളെയും എത്തിക്കും; ഹെക്ടർ ഡാനിയൽ കബ്രേര
dot image

കൊച്ചി: അര്‍ജന്റീന ഫുട്‌ബോള്‍ താരം ലയണല്‍ മെസിക്ക് പരിക്കേറ്റു എന്നത് തെറ്റായ പ്രചാരണമെന്ന് അര്‍ജന്റീന ടീം മാനേജര്‍ ഹെക്ടര്‍ ഡാനിയല്‍ കബ്രേര. മെസിക്ക് മോശമായി ഒന്നും സംഭവിച്ചിട്ടില്ലെന്ന് കബ്രേര പറഞ്ഞു. മെസി കേരളത്തില്‍ എത്തുന്ന കാര്യത്തില്‍ യാതൊരു ആശയക്കുഴപ്പവുമില്ലെന്നും അദ്ദേഹം പറഞ്ഞു. മുഴുവന്‍ അര്‍ജന്റീന ടീമംഗങ്ങളെയും ഇവിടെ എത്തിക്കുമെന്നും കബ്രേര റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

അര്‍ജന്റീന ടീമിന്റെ വരുവുമായി ബന്ധപ്പെട്ട് നടക്കുന്ന ഒരുക്കങ്ങളില്‍ തൃപ്തനാണെന്നും കബ്രേര പറഞ്ഞു. സ്റ്റേഡിയം ഉള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളും കണ്ടു വിശദമായി വിലയിരുത്തിയെന്നും അദ്ദേഹം പറഞ്ഞു. അര്‍ജന്റീനയുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം വൈകാതെ ചേരുമെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. മുഖ്യമന്ത്രി ആയിരിക്കും മത്സരത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തുക. കായിക പ്രേമികള്‍ക്ക് വേണ്ടി ഫാന്‍സ് ഷോ ഒരുക്കും. എല്ലാവര്‍ക്കും മെസിയെ നേരിട്ട് കാണാനുള്ള അവസരം ഉണ്ടാകും. സ്റ്റേഡിയം നവീകരണം വേഗത്തില്‍ പൂര്‍ത്തിയാക്കും. എന്‍ഐടി ഉള്‍പ്പടെ സ്റ്റേഡിയം പരിശോധിക്കും. എതിര്‍ ടീമായി മത്സരിക്കാന്‍ ഓസ്ട്രേലിയ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ദിവസങ്ങള്‍ക്ക് മുന്‍പാണ് അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ കേരളത്തിലെ മത്സരം കൊച്ചിയില്‍ നടക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചത്. നേരത്തെ മെസിയും സംഘവും കേരത്തിലേക്ക് വരുമെന്ന കാര്യം അര്‍ജന്റീന ഫുട്‌ബോള്‍ ഫെഡറേഷന്‍ തന്നെ സ്ഥിരീകരിച്ചിരുന്നുവെങ്കിലും ഏത് സ്റ്റേഡിയത്തില്‍ കളിക്കുമെന്ന കാര്യത്തില്‍ വ്യക്തത കുറവുണ്ടായിരുന്നു. തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് നേരത്തെ തീരുമാനിച്ചിരുന്നുവെങ്കിലും ചില അസൗകര്യങ്ങളാല്‍ കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലേക്ക് മാറ്റുകയായിരുന്നു.

കൊച്ചി നേരത്തെ തന്നെ നിരവധി അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് വേദിയായിട്ടുണ്ട്. ഐഎസ്എല്‍ ക്ലബായ കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ട് കൂടിയാണ്. മുമ്പ് അണ്ടര്‍ 17 ലോകകപ്പ് സമയത്താണ് ഫിഫ നിലവാരത്തിലേക്ക് സ്റ്റേഡിയം ഉയര്‍ത്തിയത്. അതേസമയം സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച് സ്റ്റേഡിയത്തിലെ കാണികളുടെ എണ്ണം അടുത്തിടെ കുറച്ചിരുന്നു. നിശ്ചയിച്ച തീയതി അടുത്തിരിക്കെ എത്രയും പെട്ടെന്ന് സ്റ്റേഡിയം പൂര്‍ണ സജ്ജമാക്കാനാണ് നീക്കം.

നവംബര്‍ 10നും 18നും ഇടയിലുള്ള ദിവസങ്ങളിലാണ് അര്‍ജന്റീന ടീമിന്റെ കേരള സന്ദര്‍ശനം. ഫിഫ അനുവദിച്ച നവംബര്‍ വിന്‍ഡോയില്‍ ലുവാണ്ട, കേരളം എന്നിവിടങ്ങളില്‍ നവംബര്‍ 10നും 18നും ഇടയില്‍ അര്‍ജന്റീന ഫുട്‌ബോള്‍ ടീം കളിക്കുമെന്നാണ് എഎഫ്എ അറിയിച്ചിരിക്കുന്നത്. കേരള സര്‍ക്കാരുമായി ചേര്‍ന്ന് റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡാണ് ഫുട്ബോള്‍ ലോക ജേതാക്കളെ കേരളത്തിലെത്തിക്കുന്നത്.

Content Highlights- Argentina team manager hector Daniel Cabrera on messi and team kerala visit

dot image
To advertise here,contact us
dot image