എറണാകുളത്ത് ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

ആറുമണിയോടെ ജിമ്മിലെത്തിയവര്‍ ഉടന്‍ സിപിആര്‍ നല്‍കി ആരക്കുന്നത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു

dot image

കൊച്ചി: ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. മുളന്തുരുത്തി പെരുമ്പിളളി ചാലപ്പുറത്ത് രാജ് ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. രാവിലെ അഞ്ചരയോടെ മുളന്തുരുത്തി പാലസ് സ്‌ക്വയറിലുളള ജിമ്മിലെത്തിയ രാജ് വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഈ സമയം ജിമ്മില്‍ ആരുമുണ്ടായിരുന്നില്ല.

സാധാരണ രാവിലെ ആറുമണിയോടെയായിരുന്നു രാജ് ജിമ്മില്‍ എത്താറുളളത്. എന്നാല്‍ ഇന്ന് മറ്റ് ആവശ്യങ്ങളുളളതിനാല്‍ അഞ്ചുമണിയോടെ എത്തി ജിം തുറന്ന് വ്യായാമം ആരംഭിക്കുകയായിരുന്നു. അഞ്ചരയോടെ കുഴഞ്ഞുവീഴുന്നത് സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. അതിനു തൊട്ടുമുന്‍പ് രാജ് നെഞ്ചില്‍ കൈകള്‍ അമര്‍ത്തിക്കൊണ്ട് നടക്കുന്നതും പിന്നീട് ഇരിക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. ഒരുമിനിറ്റോളം ഇരുന്നശേഷം താഴേക്ക് കുഴഞ്ഞുവീഴുകയായിരുന്നു.

ഇരുപത് മിനിറ്റോളം രാജ് തറയില്‍ വീണ് കിടന്നു. ആറുമണിയോടെ ജിമ്മിലെത്തിയവര്‍ ഉടന്‍ സിപിആര്‍ നല്‍കി ആരക്കുന്നത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ചാലപ്പുറം എബ്രഹാമിന്റെയും ഗ്രേസിയുടെയും മകനാണ് രാജ്(42). ഭാര്യ ലിജി വിദേശത്ത് നഴ്‌സായി ജോലി ചെയ്യുകയാണ്.

Content Highlights:Young man collapsed and died while exercising at a gym in Ernakulam.

dot image
To advertise here,contact us
dot image