ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന് കീഴിലുള്ള സ്ഥിരപോസ്റ്റുകള്‍ അബോളിഷ് ചെയ്യുന്നു; പ്രതിഷേധിച്ച് എല്‍എസ്എ

പ്രശ്‌നത്തിന് പരിഹാരം കാണുന്നത് വരെ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകാനാണ് തീരുമാനം

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന് കീഴിലുള്ള സ്ഥിരപോസ്റ്റുകള്‍ അബോളിഷ് ചെയ്യുന്നു; പ്രതിഷേധിച്ച് എല്‍എസ്എ
dot image

കവരത്തി: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന് കീഴില്‍ ഒഴിഞ്ഞ് കിടക്കുന്ന 2,500ല്‍പരം സ്ഥിര പോസ്റ്റുകളിലേക്ക് നിയമനം നടത്താതെ പോസ്റ്റുകള്‍ അബോളിഷ് ചെയ്യുന്നതായി ആരോപിച്ച് പ്രതിഷേധവുമായി ലക്ഷദ്വീപ് സ്റ്റുഡന്‍സ് അസോസിയേഷന്‍. സംഘടനയുടെ കേന്ദ്ര കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലക്ഷദ്വീപിന്റെ തലസ്ഥാനമായ കവരത്തിയില്‍ സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. പ്രശ്‌നത്തിന് പരിഹാരം കാണുന്നത് വരെ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകാനാണ് തീരുമാനം.

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന് കീഴില്‍ ഒഴിഞ്ഞുകിടക്കുന്ന സ്ഥിര തസ്തികകളുടെ വിവരങ്ങള്‍ ശേഖരിക്കുകയും തൊഴിലില്ലാതെ ബുദ്ധിമുട്ടുന്ന ഉദ്യോഗാര്‍ത്ഥികളുടെ വിവരശേഖരണം നടത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് വിശദമായ നിവേദനം ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ അഡൈ്വസറിന് നല്‍കുകയും പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ഭരണകൂടം തയ്യാറായില്ലെന്നും പോസ്റ്റുകള്‍ അബോളിഷ് ചെയ്യുന്ന നടപടിയുമായി മുന്നോട്ട് പോവുകയാണെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. തൊഴില്‍ പരമായ അവകാശങ്ങള്‍ പലതും നിഷേധിക്കപ്പെടുന്നു എന്ന് ചൂണ്ടിക്കാണിച്ച് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍കും ദേശീയ മനുഷ്യാവകാശ കമ്മീഷനും ദേശീയ പട്ടികവര്‍ഗ്ഗ കമ്മീഷനും ലക്ഷദ്വീപ് സ്റ്റുഡന്‍സ് അസോസിയേഷന്‍ ലെറ്റര്‍ സമര്‍പ്പിച്ചിരുന്നു.

കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് നടത്തിയ പീരിയോഡിക് ലേബര്‍ ഫോഴ്‌സ് സര്‍വ്വേ പ്രകാരം, ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും അപേക്ഷിച്ച് ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത് ലക്ഷദ്വീപിലാണ്. യുവാക്കള്‍ക്കിടയില്‍ ലക്ഷദ്വീപിലെ തൊഴിലില്ലായ്മ നിരക്ക് 36.2 ശതമാനമാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ തൊഴിലില്ലായ് നിരക്കില്‍ രാജ്യത്ത് തന്നെ ഒന്നാം സ്ഥാനത്താണ് ലക്ഷദ്വീപ്. ലക്ഷദ്വീപ് നേരിടുന്നത് രാജ്യത്തെ തന്നെ ഏറ്റവും രൂക്ഷമായ തൊഴിലില്ലായ്മ പ്രതിസന്ധിയാണെന്ന് ഇതിലൂടെ തെളിയുന്നു. ലക്ഷദ്വീപിലെ യുവാക്കള്‍ നേരിടുന്ന ഈ തൊഴിലില്ലായ്മ പ്രശ്‌നം ഗുരുതരമായ സാമൂഹിക-സാമ്പത്തിക പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുന്നത്. ഇത് കുടുംബങ്ങളുടെ സുസ്ഥിരതയെയും മാനസികാരോഗ്യത്തെയും സാമൂഹിക ഐക്യത്തെയും ബാധിക്കുന്നു. കൂടാതെ, വിദ്യാസമ്പന്നരായ യുവാക്കളെ ദീര്‍ഘകാല തൊഴിലില്ലായ്മയിലേക്കോ നിര്‍ബന്ധിത കുടിയേറ്റത്തിലേക്കോ ഇത് തള്ളിവിടുന്നു. തദ്ദേശീയമായ ഭരണപരവും സാമൂഹികവുമായ ഘടനയെ ഇത് ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നുവെന്നും സംഘടന ആരോപിച്ചു.

Content Highlights: Permanent posts under Lakshadweep Administration to be abolished alleges lsa

dot image
To advertise here,contact us
dot image