

ആലപ്പുഴ: പാചക വാതക സിലിണ്ടറിൽ പാചക വാതകത്തിന് പകരം പച്ചവെള്ളം. പുന്നപ്ര കുറവൻതോടിന് സമീപം ഫുഡ് പ്രോഡക്ട്സ് സ്ഥാപനം നടത്തുന്ന കബീർ റഹ്മാനിയയ്ക്കാണ്
പച്ചവെള്ളം നിറച്ച ഗ്യാസ് സിലിണ്ടർ ലഭിച്ചത്. കഴിഞ്ഞ ദിവസം ചപ്പാത്തി ഉണ്ടാക്കുന്നതിനായി സിലിണ്ടർ കത്തിച്ചപ്പോൾ ഓഫായി. തുടർന്ന് നടത്തിയ പരിശോധനയിലാണ് സിലിണ്ടറിൽ പച്ചവെള്ളം കണ്ടെത്തിയത്. മൂന്ന് ദിവസം മുൻപ് വാണിജ്യ ആവശ്യത്തിനുള്ള പാചക വാതകത്തിന് വില വർധിപ്പിച്ചിരുന്നു. പുതിക്കിയ നിരക്ക് അനുസരിച്ച് 1,880 രൂപയ്ക്ക് ഞായറാഴ്ചയായിരുന്നു കബീർ സിലിണ്ടർ വാങ്ങിയത്.
ഗ്യാസ് ഏജൻസി വിതരണം ചെയ്ത സിലിണ്ടറിന് 38.1 കിലോ തൂക്കമുണ്ട്. സിലിണ്ടറിന്റെ തൂക്കം 19 കിലോയാണ്. ബാക്കി 19.1 കിലോ പാചക വാതകം കാണേണ്ടതാണ്. ഒൻപത് കിലോ പാചക വാതകമാണ് ഉപയോഗിച്ചത്. ബാക്കി 10 കിലോ വെള്ളമാണ്.ആലപ്പുഴയിലെ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഏജൻസിയിൽ നിന്നാണ് സിലിണ്ടർ വാങ്ങിയത്. സിലിണ്ടറിൽ വെള്ളമാണെന്ന് പരാതി പറഞ്ഞപ്പോൾ തങ്ങൾക്കൊന്നും ചെയ്യാൻ കഴിയില്ലെന്നാണ് ഏജൻസി അധികൃതർ പറഞ്ഞതെന്നാണ് കടയുടമ പറയുന്നത്.
Content Highlights: water found in commercial cooking gas cylinder in Alappuzha