ബിജെപിക്ക് കോടികൾ സ്വീകരിക്കാൻ ചട്ടം മറികടന്ന് സര്ക്കാര്; നടപടി കര്ണാടക തിരഞ്ഞെടുപ്പിന് മുമ്പ്

2018ൽ കർണാടക തിരഞ്ഞെടുപ്പിന് മുമ്പാണ് നടപടിയുണ്ടായത്. ബോണ്ട് നൽകി 15 ദിവസത്തിനുള്ളിൽ പണം സ്വീകരിക്കണമെന്ന ചട്ടം ബിജെപിക്കായി കേന്ദ്രം ഇളവ് ചെയ്യുകയായിരുന്നു.

dot image

ഡൽഹി: ബിജെപിക്ക് കോടികളുടെ ഇലക്ട്രൽ ബോണ്ട് സ്വീകരിക്കാൻ കേന്ദ്ര സർക്കാർ ചട്ടം മറി കടന്ന് അനുമതി നൽകിയെന്ന് റിപ്പോർട്ട്. 2018ൽ കർണാടക തിരഞ്ഞെടുപ്പിന് മുമ്പാണ് നടപടിയുണ്ടായത്. ബോണ്ട് നൽകി 15 ദിവസത്തിനുള്ളിൽ പണം സ്വീകരിക്കണമെന്ന ചട്ടം ബിജെപിക്കായി കേന്ദ്രം ഇളവ് ചെയ്യുകയായിരുന്നു. ബംഗളൂരുവിൽ നിന്ന് 10 കോടിയുടെ ബോണ്ടാണ് ഇത്തരത്തിൽ ബിജെപിക്ക് ലഭിച്ചത്. റിപ്പോർട്ടേഴ്സ് കളക്ടീവാണ് ഇത് സംബന്ധിച്ച് റിപ്പോർട്ട് ചെയ്തത്.

അരുൺ ജെയ്റ്റ്ലിയുടെ നേതൃത്വത്തിലുള്ള ധനമന്ത്രാലയമാണ് ചട്ടത്തിൽ ഇളവ് നൽകിയത്. കാലാവധി കഴിഞ്ഞ ബോണ്ടുകളിൽ പണം സ്വീകരിക്കാൻ ബിജെപി അംഗങ്ങൾ ബാങ്ക് സന്ദർശിച്ചു. ചട്ടം അതിന് അനുവദിക്കില്ലെന്ന് ബാങ്ക് അറിയിച്ചതിനു പിന്നാലെ 10 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകൾ സ്വീകരിക്കാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ (എസ്ബിഐ) ധനമന്ത്രാലയം നിർബന്ധിച്ചെന്നാണ് റിപ്പോർട്ട്.

ഇതു സംബന്ധിച്ച റിപ്പോർട്ട് പാർട്ടിയുടെ പേര് വെളിപ്പെടുത്താതെ റിപ്പോർട്ടേഴ്സ് കളക്ടീവ് 2019ൽ തന്നെ പ്രസിദ്ധീകരിച്ചിരുന്നു. അന്ന് എസ്ബിഐക്ക് മാത്രമേ പാർട്ടി ഏതാണെന്ന് അറിയൂ എന്നായിരുന്നു റിപ്പോർട്ട്. ഇപ്പോൾ, പുറത്തുവന്ന ഇലക്ട്രൽ ബോണ്ട് വിവരങ്ങളിൽ നിന്നാണ് ആ പാർട്ടി ബിജെപിയാണെന്ന് വ്യക്തമായിരിക്കുന്നത്.

പുറത്തുവന്ന കണക്കുകൾ പ്രകാരം ഇലക്ട്രൽ ബോണ്ടുകളുടെ ഏറ്റവും വലിയ ഗുണഭോക്താവ് ബിജെപിയാണ്. ആകെ 16,518 കോടി രൂപയുടെ ബോണ്ടുകളിൽ നിന്ന് 8,251.8 കോടി രൂപ പാർട്ടിക്ക് ലഭിച്ചു. ബിജെപി വിറ്റ എല്ലാ ബോണ്ടുകളുടെയും 50% മാത്രമാണ് വീണ്ടെടുത്തിട്ടുള്ളത്. രണ്ടാം സ്ഥാനത്തുള്ള പാർട്ടി കോൺഗ്രസാണ്. 1,952 കോടി രൂപയുടെ ബോണ്ടുകൾ മാത്രമാണ് പാർട്ടി വീണ്ടെടുത്തിട്ടുള്ളത്. മൂന്നാം സ്ഥാനത്തുള്ള തൃണമൂൽ കോൺഗ്രസിന് 1,705 കോടിയാണ് ഇലക്ട്രൽ ബോണ്ടിലൂടെ ലഭിച്ചിട്ടുള്ളത്.

dot image
To advertise here,contact us
dot image