മൂലമറ്റം വെടിവെപ്പ്: നാട്ടുകാര്‍ വീട്ടിലേക്ക് അയച്ച പ്രതി തോക്കുമായി തിരിച്ചെത്തി, വെടിവെച്ചത് മോഷ്ടിച്ച തോക്ക് ഉപയോഗിച്ച്; പ്രതി അറസ്റ്റില്‍
കൊല്ലപ്പെട്ട സനല്‍ ബാബുവിന്റെ (34) കഴുത്തിലും നെഞ്ചിലുമാണ് വെടിയേറ്റത്
27 March 2022 2:01 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഇടുക്കി: ഇടുക്കി മൂലമറ്റത്ത് നാട്ടുകാര്‍ക്ക് നേരെ വെടിയുതിര്‍ത്ത യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളുടെ വെടിവെപ്പില്‍ നാട്ടുകാരനായ ബസ് ജീവനക്കാരന് കീരിത്തോട് സ്വദേശി സനല്‍ ബാബു മരിച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റ മൂലമറ്റം സ്വദേശി പ്രദീപ് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. പ്രതി ഫിലിപ്പ് മാര്ട്ടിന് (26) ആണ് അറസ്റ്റിലായത്.
നാട്ടുകാര്‍ക്ക് നേരെ വെടിയുതിര്‍ക്കാന്‍ ഇയാള്‍ ഉപയോഗിച്ച എയര്‍ ഗണ്‍ നേരത്തെ മോഷ്ടിച്ചതാണെന്ന് പൊലീസ് അറിയിച്ചു. വനിതകള്‍ നടത്തുന്ന തട്ടുകടയിലെത്തിയ ഫിലിപ്പ് മാര്ട്ടിന് ഭക്ഷണം ആവശ്യപ്പെട്ടെങ്കിലും ഭക്ഷണം തീര്‍ന്നുപോയെന്ന് അറിയിക്കുകയായിരുന്നു. ഇതില്‍ പ്രകോപിതനായ ഫിലിപ്പ് മാര്ട്ടിന് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചെങ്കിലും ഇയാളെ നാട്ടുകാര്‍ ചേര്‍ന്ന് വീട്ടിലേക്കയച്ചു. പിന്നീട് തോക്കുമായി തിരിച്ചെത്തിയ പ്രതി തട്ടുകടക്ക് സമീപം വീണ്ടും സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയും ആകാശത്തേക്ക് വെടിയുതിര്‍ക്കുയും ചെയ്തു.
പിന്നീട് ഇവിടെ നിന്നും മുന്നോട്ട് പോയ പ്രതി ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന സുഹൃത്തുകള്‍ക്ക് നേരെ വെടിവെക്കുയായിരുന്നു. കൊല്ലപ്പെട്ട സനല്‍ ബാബുവിന്റെ (34) കഴുത്തിലും നെഞ്ചിലുമാണ് വെടിയേറ്റത്. പെല്ലറ്റുകള്‍ കഴുത്തിലൂടെയും നെഞ്ചിലൂടെയും തുളച്ചു കയറി. സമീപത്തുള്ള സ്വകാര്യ ആശുുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. നാട്ടുകാര്‍ പ്രതിയെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും കടന്നു കളഞ്ഞു. മുട്ടം സേറ്റഷന് പരിധിയില്‍ വെച്ചാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. ഈ അടുത്താണ് ഫിലിപ്പ് മാര്ട്ടിന് വിദേശത്തു നിന്നും തിരിച്ചെത്തിയത്.
STORY HIGHLIGHTS: Moolamattom gunshot accused Philip Martin arrested