Top

ഇംഗ്ലണ്ടിനെതിരായ സന്നാഹം ഇന്ന്; ഇന്ത്യ മൂന്നു പരീക്ഷണങ്ങള്‍ക്ക്, ഇഷാന്‍ ഓപ്പണറായേക്കും?

ആറു മാസത്തിനു ശേഷമാണ് ടീം ഇന്ത്യ ഒരു ട്വന്റി 20 മത്സരത്തിനിറങ്ങുന്നത്. ദുബായിയില്‍ ഇന്നു രാത്രി 7:30-ന് ആരംഭിക്കുന്ന മത്സരം സ്റ്റാര്‍ സ്‌പോര്‍ട്‌സ് ഒന്നില്‍ തത്സമയം.

18 Oct 2021 7:54 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇംഗ്ലണ്ടിനെതിരായ സന്നാഹം ഇന്ന്; ഇന്ത്യ മൂന്നു പരീക്ഷണങ്ങള്‍ക്ക്, ഇഷാന്‍ ഓപ്പണറായേക്കും?
X

ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പില്‍ പാകിസ്താനെതിരേ 24-ന് നടക്കുന്ന ആദ്യ മത്സരത്തിനു മുമ്പായി ഇന്ത്യ ഇന്ന് ആദ്യ സന്നാഹ മത്സരത്തിനിറങ്ങും. ദുബായിയില്‍ ഇന്നു രാത്രി 7:30-ന് ആരംഭിക്കുന്ന മത്സരത്തില്‍ ഇംഗ്ലണ്ടാണ് എതിരാളികള്‍. ആറു മാസത്തിനു ശേഷമാണ് ടീം ഇന്ത്യ ഒരു ട്വന്റി 20 മത്സരത്തിനിറങ്ങുന്നത്.

ഇതിനിടെ ശ്രീലങ്കയില്‍ ട്വന്റി 20 പരമ്പര കളിച്ചിരുന്നെങ്കിലും പ്രധാന ടീമിലെ താരങ്ങള്‍ ഇംഗ്ലണ്ട് പര്യടനത്തിലായിരുന്നതിനാല്‍ ഇടംപിടിച്ചിരുന്നില്ല. അതിനാല്‍ത്തന്നെ ടീമിന്റെ ഒത്തിണക്കം ലക്ഷ്യമിട്ടാകും ഇന്ന് ഇംഗ്ലണ്ടിനെതിരേ കോഹ്ലിപ്പട ഇറങ്ങുക.

ഇംഗ്ലണ്ടിനെതിരേ മൂന്നു പരീക്ഷണങ്ങള്‍ക്കാണ് ഇന്ത്യ ഒരുങ്ങുന്നത്. മികച്ച ഫോമില്‍ അല്ലാത്ത ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്കു പകരം പരിഗണിക്കുന്ന യുവതാരം ഷാര്‍ദ്ദൂല്‍ താക്കൂറിന് അവസരം നല്‍കിയേക്കും. നേരത്തെ റിസര്‍വ് ടീമിലായിരുന്ന താരം അവസാന നിമിഷമാണ് ലോകകപ്പ് ടീമില്‍ ഇടംപിടിച്ചത്.

ഇന്ത്യയ്ക്കായി ഇതുവരെ 22 ടി20 മത്സരങ്ങള്‍ കളിച്ചിട്ടുള്ള താക്കൂര്‍ 69 റണ്‍സാണ് നേടിയിട്ടുള്ളത്. അഞ്ചു ഇന്നിങ്‌സുകളില്‍ മാത്രമാണ് ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചത്. അതിനാല്‍ ഷാര്‍ദ്ദൂലിന് ഇന്ന് ബാറ്റിങ് ഓര്‍ഡറില്‍ പ്രൊമോഷന്‍ നല്‍കാനും സാധ്യതയുണ്ട്. 22 മത്സരങ്ങളില്‍ നിന്ന് 31 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്.

മറ്റൊരു ശ്രദ്ധേയ പരീക്ഷണം ഓപ്പണിങ് സ്ഥാനത്താണ്. രോഹിത് ശര്‍മയും കെ.എല്‍. രാഹുലുമാണ് ടീമിന്റെ മുഖ്യ ഓപ്പണര്‍മാര്‍. ഇവരിലൊരാള്‍ക്കു പകരം ഇന്നു യുവതാരം ഇഷാന്‍ കിഷനെ പരീക്ഷിക്കാനും ടീം മുതിര്‍ന്നേക്കും. ഇഷാനെ റിസര്‍വ് ഓപ്പണറായാണ് ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നു നായകന്‍ വിരാട് കോഹ്ലി ഇക്കഴിഞ്ഞ ഐ.പി.എല്ലിനിടെ വെളിപ്പെടുത്തിയിരുന്നു. ഐ.പി.എല്ലില്‍ അവസാനത്തെ രണ്ട് മത്സരങ്ങളിലും ഓപ്പണറായിറങ്ങി ഇഷന്‍ മുംബൈക്ക് വേണ്ടി അര്‍ധശതകങ്ങള്‍ നേടിയിരുന്നു.

ഇതുകൂടാതെ നാലു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഇന്ത്യയുടെ ട്വന്റി 20 ടീമില്‍ ഇടംപിടിച്ച സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്റെ മടങ്ങിവരവിനും ഇന്നു ദുബായ് സാക്ഷ്യം വഹിച്ചേക്കും. അശ്വിനും വരുണ്‍ ചക്രവര്‍ത്തിയുമായിരിക്കും മത്സരത്തിലെ സ്പിന്നര്‍മാര്‍. മറ്റൊരു സ്പിന്നര്‍ രാഹുല്‍ ചഹാര്‍ ഇന്നു പുറത്തിരിക്കും.




Next Story

Popular Stories