Top

സെഞ്ചുറിക്ക് 'ഒരു പൂജ്യം' കുറവ്; പന്തിന് ആരാധകരുടെ 'പ്രശംസ', സഞ്ജുവിന്റെ അസാന്നിധ്യം തിരിച്ചറിയണം

ന്യൂസിലാന്‍ഡിനെതിരായ രണ്ട് ട്വന്റി-ട്വന്റി മത്സരങ്ങളില്‍ നിന്ന് 17 റണ്‍സ് മാത്രമാണ് പന്ത് നല്‍കിയ സംഭാവന.

30 Nov 2022 6:24 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സെഞ്ചുറിക്ക് ഒരു പൂജ്യം കുറവ്; പന്തിന് ആരാധകരുടെ പ്രശംസ, സഞ്ജുവിന്റെ അസാന്നിധ്യം തിരിച്ചറിയണം
X

ക്രൈസ്റ്റ് ചര്‍ച്ച്: ട്വന്റി ട്വന്റി ലോകകപ്പിന് പിന്നാലെ ന്യൂസിലാന്‍ഡ് പര്യടനത്തിലും ഫോമിലേക്ക് ഉയരാന്‍ കഴിയാതെ വിഷമിക്കുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്തിനെതിരെ ട്രോള്‍ പൂരം. ഇന്ന് നടന്ന ന്യൂസിലാന്‍ഡിനെതിരായ മത്സരത്തില്‍ 10 റണ്‍സ് മാത്രമാണ് പന്തിന് നേടാനായത്. നേരത്തെ ഫോമിലേക്ക് ഉയരാത്ത പന്തിനെ മാറ്റി മലയാളി താരം സഞ്ജു സാംസണിന് അവസരം നല്‍കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. പര്യടനത്തിലെ ആദ്യ മത്സരത്തില്‍ സഞ്ജുവിനും പന്തിനും അവസരം ലഭിച്ചിരുന്നു. 38 പന്തില്‍ 36 റണ്‍സെടുത്ത് സഞ്ജു ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെക്കുകയും ചെയ്തു.

45.4 ഓവറിലാണ് മത്സരത്തില്‍ സഞ്ജു പുറത്താവുന്നത്. ആറാമനായി ഇറങ്ങി അവസാന ഓവറുകളില്‍ റണ്‍റേറ്റ് ഉയര്‍ത്താനുള്ള ശ്രമത്തിനിടെയായിരുന്നു പുറത്താകല്‍. മത്സരത്തില്‍ വെറും 15 റണ്‍സ് മാത്രമാണ് പന്തിന് നേടാനായത്. 300 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്തിട്ടും ആദ്യ ഏകദിനത്തില്‍ ഇന്ത്യ തോറ്റു. ഇതോടെ ആറ് ബൗളര്‍മാരെ കളിപ്പിക്കാന്‍ ടീം നിര്‍ബന്ധിതാരാവുകയും ചെയ്തു. ദീപക് ഹുഡയെ പരിഗണിച്ച നായകന്‍ ധവാന്‍ സഞ്ജുവിനെ പുറത്തിരുത്തി. ന്യൂസിലാന്‍ഡിലെ സാഹചര്യത്തില്‍ തിളങ്ങാന്‍ സാധ്യതയുള്ള താരമാണ് ഹുഡ. എന്നാല്‍ സഞ്ജുവിനെ പുറത്താക്കിയതിന് കാരണം അവ്യക്തമാണ്.

പന്തിനെക്കാള്‍ മികച്ച രീതിയില്‍ കളിക്കുന്ന സഞ്ജുവിനെ പുറത്തിരുത്താനുള്ള നീക്കങ്ങള്‍ സെലക്ടര്‍മാര്‍ നടത്തുന്നുവെന്ന് നേരത്തെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ട്വന്റി-ട്വന്റി, ഏകദിന ഫോര്‍മാറ്റുകളില്‍ പന്ത് തുടര്‍ച്ചയായി പരാജയപ്പെടുകയാണെന്ന് വാസ്തവം മനപൂര്‍വ്വം കണ്ടില്ലെന്നു നടിക്കുകയാണ് മാനേജ്‌മെന്റെന്നും വിമര്‍ശനമുണ്ട്. ന്യൂസിലാന്‍ഡിനെതിരായ രണ്ട് ട്വന്റി-ട്വന്റി മത്സരങ്ങളില്‍ നിന്ന് 17 റണ്‍സ് മാത്രമാണ് പന്ത് നല്‍കിയ സംഭാവന. ഏകദിനത്തിലെ രണ്ട് ഇന്നിംഗ്‌സുകളില്‍ നിന്ന് 25 റണ്‍സ് മാത്രമെ നേടാനായുള്ളുവെന്നത് താരത്തിനെതിരായ വിമര്‍ശനത്തിന്റെ ആക്കം കൂട്ടുന്നു.

ക്രൈസ്റ്റ് ചര്‍ച്ചില്‍ പുരോഗമിക്കുന്ന ന്യൂസിലാന്‍ഡിനെതിരായ മൂന്നാം ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ സ്‌കോര്‍ 219 റണ്‍സിന് അവസാനിച്ചിട്ടുണ്ട്. നാലാമനായി ക്രീസിലെത്തിയ പന്ത് വെറും പത്ത് റണ്‍സാണ് നേടിയത്. അര്‍ധസെഞ്ച്വറി നേടിയ ഓള്‍റൗണ്ടര്‍ വാഷിംഗ്ടണ്‍ സുന്ദറും(51 റണ്‍സ്), ശ്രേയസ് അയ്യറും (49 റണ്‍സ്) എന്നിവര്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചത്.

Story Highlights: Social media troll against Indian cricketer Rishabh Pant

Next Story