Top

വീണ്ടും വ്യാജ ഐപിഎൽ; പഞ്ചാബിന്റെ പേരിൽ കളി നടന്നത് യു പിയിൽ, ഇത്തവണയും പണം പോയത് റഷ്യക്കാർക്ക്

ഗുജറാത്തില്‍ മത്സരം സംഘടിപ്പിച്ചവർ തന്നെയാണ യു പിയിലും സംഘടിപ്പിച്ചതെന്ന് സൂചന

19 July 2022 1:04 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വീണ്ടും വ്യാജ ഐപിഎൽ; പഞ്ചാബിന്റെ പേരിൽ കളി നടന്നത് യു പിയിൽ, ഇത്തവണയും പണം പോയത് റഷ്യക്കാർക്ക്
X

ഹാപുർ: ​ഗുജറാത്തിൽ ഐപിഎൽ മാതൃകയിൽ വ്യാജ മത്സരം സംഘടിപ്പിച്ചതിന് പിന്നാലെ സമാനമായ സംഭവം ഉത്തർ പ്രദേശിലും. റഷ്യൻ വാതുവെപ്പുകാരിൽ നിന്ന് പണം തട്ടാനാണ് യു പിയിലും വ്യാജ ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചത്. സ്കൂൾ ​ഗ്രൗണ്ട് വാടകക്കെടുത്തായിരുന്നു തട്ടിപ്പ് മത്സരം നടത്തിയത്. മത്സരം സംഘടിപ്പിച്ചവരെ പൊലിസ് അറസ്റ്റ് ചെയ്തു. ​ഗുജറാത്തിലെ മോളിപൂരിലാണ് വ്യാജ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചതിന്റെ പേരിലുള്ള ആദ്യ അറസ്റ്റ് നടന്നത്.

യു പിയിലെ ഹാപുറിലാണ് മത്സരം സംഘടിപ്പിച്ചതെന്ന് ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നു. ബി​ഗ് ബാഷ് പഞ്ചാബ് ടി20 ലീ​ഗ് എന്ന പേരിലാണ് മത്സരം സംഘടിപ്പിച്ചത്. യൂടൂബിലൂടെ മത്സരം കാണിച്ച് വാതുവെപ്പുകാരിൽ നിന്ന് പണം തട്ടുകയായിരുന്നു ലക്ഷ്യം. ഇത്തരത്തിൽ റഷ്യൻ വാതുവെപ്പുകാരിൽ നിന്നും ഇവർ ലക്ഷക്കണക്കിന് രൂപ തട്ടിയതായിട്ടാണ് വിവരം. ഓരോ മത്സരത്തിനും 30,000 മുതൽ 40,000 രൂപ വരെ വാതുവെപ്പ് നടന്നു. ക്രിക്ക് ഹീറോസ് ആപ്പുവഴിയാണ് റഷ്യക്കാ‍ർ വാതുവെപ്പിൽ പങ്കെടുത്തിരുന്നത്. ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിലുള്ള വാതുവെപ്പുകാരെ ആകർഷിക്കാൻ സംഘം ശ്രമിച്ചിരുന്നു.

ഹാപുറിലെ സുധ സ്കൂൾ ​ഗ്രൗണ്ടില്‍ മത്സരം നടന്നുകൊണ്ടിരിക്കുമ്പോഴായിരുന്നു അറസ്റ്റ്. സ്കൂൾ ​ഗ്രൗണ്ട് വാടകക്കെടുത്തായിരുന്നു മത്സരം. ലൈവായി മത്സരം കാണിക്കുന്നതിനുള്ള ഉപകരണങ്ങളും പൊലിസ് പിടികൂടി. മത്സരത്തിനായി പ്രാദേശിക കളിക്കാരെയാണ് ഉപയോ​ഗിച്ചത്. അഞ്ച് മാസമായി മത്സരം നടക്കുകയായിരുന്നാണ് സൂചന. സംഘാടകരായ മീററ്റ് സ്വാദേശി ഷബാബു അഹമ്മദ്, ​ഗ്വാളിയോർ സ്വദേശി റിഷഭ് കുമാർ എന്നിവരാണ് പൊലിസ് പിടിയിലായത്. ​ഗുജറാത്തിൽ മത്സരം സംഘടിപ്പിച്ചവർ തന്നെയാണ് ഉത്തർ പ്രദേശിലും ടൂർണമെന്റ് സംഘടിപ്പിച്ചതെന്നാണ് വിവരം. ​ഗുജറാത്തിൽ സംഘത്തെ പിടികൂടിയപ്പോൾ തന്നെ ഉത്തർ പ്രദേശിലെ മത്സരത്തെക്കുറിച്ചും പൊലിസിന് സൂചന കിട്ടിയിരുന്നു. അന്ന് മീററ്റിലായിരുന്നു മത്സരം സംഘടിപ്പിച്ചതെന്നാണ് വിവരം ലഭിച്ചത്. ഇതുമായി ബന്ധപ്പെട്ട് രണ്ട് പേർ അറസ്റ്റ് നടന്നെന്നും വാർത്തകളുണ്ടായിരുന്നു. തുടർന്നായിരുന്നു ടൂർണമെന്റ് ഹാപൂറിലേക്ക് മാറ്റിയതെന്നും സൂചനയുണ്ട്.

story highlights : fake ipl again; two people arrested in Uttar Pradesh

Next Story