Top

മഹേന്ദ്രജാലം മൂന്നു സീസണ്‍ കൂടി; സൂപ്പര്‍ കിങ്‌സ് ഉടനടി 'തല' മാറ്റില്ല

2022 സീസണിലെ മെഗാ താരലേലത്തിനു മുന്നോടിയായി റിട്ടെന്‍ഷന്‍ കാര്‍ഡ് ഉപയോഗിച്ച് ചെന്നൈ ധോണിയെ മൂന്നു സീസണിലേക്കു കൂടി നിലനിര്‍ത്തിയതായി ദേശീയ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

25 Nov 2021 8:39 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മഹേന്ദ്രജാലം മൂന്നു സീസണ്‍ കൂടി; സൂപ്പര്‍ കിങ്‌സ് ഉടനടി തല മാറ്റില്ല
X

ആരാധകര്‍ക്ക് ഇനി ആശ്വസിക്കാം. ക്രിക്കറ്റില്‍ മഹേന്ദ്രജാലം മൂന്നു സീസണ്‍ കൂടി നേരില്‍ക്കാണാനാകും. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ മഹേന്ദ്ര സിങ് ധോണിയുടെ ഭാവി സംബന്ധിച്ച ഉയര്‍ന്ന രാധകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരവുമായി ചെന്നൈ സൂപ്പര്‍ കിങ്‌സ്. ഐ.പി.എല്ലില്‍ വരുന്ന മൂന്നു സീസണില്‍ക്കൂടി ധോണിയെ നിലനിര്‍ത്തി ചെന്നൈ.

2022 സീസണിലെ മെഗാ താരലേലത്തിനു മുന്നോടിയായി റിട്ടെന്‍ഷന്‍ കാര്‍ഡ് ഉപയോഗിച്ച് ചെന്നൈ ധോണിയെ മൂന്നു സീസണിലേക്കു കൂടി നിലനിര്‍ത്തിയതായി ദേശീയ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മൂന്നുൃ സീസണില്‍ക്കൂടി ടീമിനെ ധോണി തന്നെ നയിക്കുമെന്നും ഏറെക്കുറേ ഉറപ്പായി.

ധോണിക്കു പുറമേ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ, യുവ ഓപ്പണര്‍ റുതുരാജ് ഗെയ്ക്ക്‌വാദ് എന്നിവരാണ് ചെന്നൈ നിലനിര്‍ത്തിയ ഇന്ത്യന്‍ താരങ്ങള്‍. ഐ.പി.എല്‍. നിയമാവലിപ്രകാരം. മൂന്ന് ഇന്ത്യ താരങ്ങളും ഒരു വിദേശ താരവും അല്ലെങ്കില്‍ രണ്ടു വീതം ഇന്ത്യന്‍ താരങ്ങളും വിദേശ താരങ്ങളും എന്ന നിലയില്‍ നാലു താരങ്ങളെ മാത്രമേ ടീമുകള്‍ക്കു നിലനിര്‍ത്താനാകൂ.

മൂന്നു ഇന്ത്യന്‍ താരങ്ങളെ തീരുമാനിച്ച സ്ഥിതിക്ക് ഇനി ചെന്നൈയ്ക്ക് ഒരു വിദേശതാരത്തെക്കൂടി നിലനിര്‍ത്താനാകും. ആ സ്ഥാനത്തേക്ക് ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍മാരായ മൊയീന്‍ അലി, സാം കറന്‍ എന്നിവരെയാണ് പരിഗണിക്കുന്നത്. അലിക്കാണ് സാധ്യത കൂടുതലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മെഗാ ലേലത്തിനു മുമ്പ് ടീമിനുള്ള ആദ്യ റിട്ടന്‍ഷന്‍ കാര്‍ഡ് തന്നെ ഉപയോഗിച്ച് ധോണിയെ ടീമില്‍ നിലനിര്‍ത്തുമെന്നു നേരത്തെ തന്നെ ചെന്നൈ ടീം പ്രഖ്യാപിച്ചതാണ്. എന്നാല്‍ വ്യക്തമായ ഒരു ഉത്തരം നല്‍കാന്‍ ആ സമയം ധോണി തയാറായിരുന്നില്ല.

''ലീഗിലേക്ക് പുതിയ രണ്ടു ടീമുകള്‍ കൂടി വരുന്ന സാഹചര്യമാണ്. എന്തു തീരുമാനമായാലും അതു സി.എസ്.കെയുടെ ഗുണത്തിനായിരിക്കണം. എന്നെക്കുറിച്ചല്ല, ടീമിനെക്കുറിച്ച് ചിന്തിച്ചാകും തീരുമാനം കൈക്കൊള്ളുക. താരമായിട്ടോ അല്ലാതെയോ ഞാന്‍ ചെന്നൈയ്ക്കൊപ്പം ഉണ്ടാകും. ഏതു റോളാണെന്ന് ഇപ്പോള്‍ പറയാനാകില്ല''- എന്നായിരുന്നു ധോണിയുടെ മറുപടി.

ചെന്നൈയ്ക്കു പുറമേ ഡല്‍ഹി ക്യാപിറ്റല്‍സ്, മുംബൈ ഇന്ത്യന്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നീ ടീമുകളും നിലനിര്‍ത്തിയ താരങ്ങളുടെ പട്ടിക പുറത്തുവന്നിട്ടുണ്ട്. ഡല്‍ഹി നായകന്‍ റിഷഭ് പന്ത്, ഓപ്പണര്‍ പൃഥ്വി ഷാ, സ്പിന്നര്‍ അക്‌സര്‍ പട്ടേല്‍ എന്നീ ഇന്ത്യന്‍ താരങ്ങളെയും ദക്ഷിണാഫ്രിക്കന്‍ പേസര്‍ ആന്റ്‌റിച്ച് നോര്‍ക്യെയെയുമാണ് നിലനിര്‍ത്തിയത്.

മുംബൈ നായകന്‍ രോഹിത് ശര്‍മയെയും ജസ്പ്രീത് ബുംറയെയും നിലനിര്‍ത്താന്‍ തീരുമാനിച്ചു. നിലനിര്‍ത്തുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരം സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. ഇഷാന്‍ കിഷനും സൂര്യകുമാര്‍ യാദവുമാണ് പരിഗണനയില്‍. ഇഷാനെ നിലനിര്‍ത്തി സൂര്യകുമാറിനെ ലേലത്തില്‍ പിടിക്കാനാണ് മുംബൈ ശ്രമിക്കുന്നതെന്നും സൂര്യയെ വിട്ടുകളയാന്‍ ടീമിന് താല്‍പര്യമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കീറോണ്‍ പൊള്ളാര്‍ഡായിരിക്കും അവര്‍ നിലനിര്‍ത്തുന്ന വിദേശ താരമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നിലനിര്‍ത്താന്‍ തീരുമാനിച്ച താരങ്ങളില്‍ ആരും ഇന്ത്യക്കാരല്ല. വെസ്റ്റിന്‍ഡീസ് താരങ്ങളായ സുനില്‍ നരെയ്‌നിലും ആന്ദ്രെ റസലിലുമാണ് അവര്‍ വിശ്വാസമര്‍പ്പിച്ചിരിക്കുന്നത്. നിലനിര്‍ത്തു്ന്ന ഇന്ത്യന്‍ താരങ്ങളെ സംബന്ധിച്ച് തീരുമാനമായിട്ടില്ല.

Next Story

Popular Stories