ചിന്നസ്വാമിയില്‍ കൊല്‍ക്കത്ത 'നൈറ്റ്'; നരൈന്‍-വെങ്കടേഷ് കൊടുങ്കാറ്റില്‍ ബെംഗളൂരു തകര്‍ന്നു

സുനില്‍ നരൈന്‍ നല്‍കിയ വെടിക്കെട്ട് തുടക്കമാണ് കൊല്‍ക്കത്തയുടെ വിജയം എളുപ്പമാക്കിയത്
ചിന്നസ്വാമിയില്‍ കൊല്‍ക്കത്ത 'നൈറ്റ്'; നരൈന്‍-വെങ്കടേഷ് കൊടുങ്കാറ്റില്‍ ബെംഗളൂരു തകര്‍ന്നു

ബെംഗളൂരു: റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് അനായാസ വിജയം. ബെംഗളൂരുവിന്റെ തട്ടകമായ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റ് വിജയമാണ് കെകെആര്‍ സ്വന്തമാക്കിയത്. ബെംഗളൂരു ഉയര്‍ത്തിയ 183 റണ്‍സ് വിജയലക്ഷ്യം 16.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സ് നേടി കൊല്‍ക്കത്ത മറികടന്നു.

സുനില്‍ നരൈന്‍ നല്‍കിയ വെടിക്കെട്ട് തുടക്കമാണ് കൊല്‍ക്കത്തയുടെ വിജയം എളുപ്പമാക്കിയത്. ഫില്‍ സാള്‍ട്ട്- സുനില്‍ നരൈന്‍ കൂട്ടുകെട്ട് ഓപ്പണിങ് വിക്കറ്റില്‍ 86 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഏഴാം ഓവറില്‍ നരൈന്‍ കൂടാരം കയറി. 22 പന്തില്‍ നിന്ന് 47 റണ്‍സെടുത്ത നരൈനെ മായങ്ക് ദഗര്‍ ബൗള്‍ഡാക്കുകയായിരുന്നു. തൊട്ടടുത്ത ഓവറില്‍ ഫില്‍ സാള്‍ട്ടിനും (30) മടങ്ങേണ്ടിവന്നു.

പിന്നീട് ക്രീസിലൊരുമിച്ച വെങ്കടേഷ് അയ്യരും ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും തകര്‍ത്തടിച്ചതോടെ കൊല്‍ക്കത്ത അതിവേഗം ലക്ഷ്യത്തിലേക്ക് കുതിച്ചു. 16-ാം ഓവറിലെ ആദ്യ പന്തില്‍ വെങ്കടേഷ് അയ്യരുടെ വിക്കറ്റ് വീണു. 30 പന്തില്‍ 50 റണ്‍സെടുത്ത താരത്തെ യഷ് ദയാല്‍ വിരാട് കോഹ്‌ലിയുടെ കൈകളിലെത്തിച്ചു. അഞ്ചാമനായി ക്രീസിലെത്തിയ റിങ്കു സിങ്ങിനെ (5*) കൂട്ടുപിടിച്ച് ശ്രേയസ് അയ്യര്‍ (39*) കൊല്‍ക്കത്തയെ വിജയതീരത്ത് എത്തിച്ചു.

ചിന്നസ്വാമിയില്‍ കൊല്‍ക്കത്ത 'നൈറ്റ്'; നരൈന്‍-വെങ്കടേഷ് കൊടുങ്കാറ്റില്‍ ബെംഗളൂരു തകര്‍ന്നു
'കംപ്ലീറ്റ് കിംഗ് ഷോ'; കോഹ്‌ലിയുടെ ഒറ്റയാള്‍ പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്സിന് മികച്ച സ്കോര്‍

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബെംഗളൂരു നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 182 റണ്‍സ് അടിച്ചുകൂട്ടിയത്. സൂപ്പര്‍ താരം വിരാട് കോഹ്ലിയുടെ ഒറ്റയാള്‍ പോരാട്ടത്തിന്റെ കരുത്തിലാണ് റോയല്‍ ചലഞ്ചേഴ്സ് 182 റണ്‍സെടുത്തത്. ഓപ്പണറായി ഇറങ്ങി 59 പന്തില്‍ നിന്ന് പുറത്താവാതെ 83 റണ്‍സെടുത്ത വിരാട് കോഹ്ലിയാണ് ബെംഗളൂരുവിന്റെ ടോപ് സ്‌കോറര്‍.

Related Stories

No stories found.
logo
Reporter Live
www.reporterlive.com