ക്രിസ്മസ് സന്തോഷത്തിന്‍റെ പെരുന്നാൾ,വെറുപ്പുണ്ടാക്കുന്നവരുടെ ഹൃദയത്തിൽ വെളിച്ചംവീശട്ടെ; ക്ലീമിസ് കാതോലിക്ക ബാവ

ഇന്ത്യയില്‍ മാത്രമല്ല, ലോകത്ത് എല്ലായിടത്തും ഇത്തരം പ്രശ്‌നങ്ങളുണ്ട്. വെറുപ്പ് ഉണ്ടാക്കുന്നവരോട് എന്താണ് നാം പറയേണ്ടത്. അവരുടെ ഹൃദയത്തിലേക്ക് വെളിച്ചം വീശണമേയെന്നും പ്രതികരണം

ക്രിസ്മസ് സന്തോഷത്തിന്‍റെ പെരുന്നാൾ,വെറുപ്പുണ്ടാക്കുന്നവരുടെ ഹൃദയത്തിൽ വെളിച്ചംവീശട്ടെ; ക്ലീമിസ് കാതോലിക്ക ബാവ
dot image

തിരുവനന്തപുരം: ക്രിസ്മസ് ആശംസകളുമായി മലങ്കര കത്തോലിക്കാ സഭയുടെ തലവന്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ. ക്രിസ്മസ് പ്രത്യാശ നല്‍കുന്ന സന്തോഷത്തിന്റെ പെരുന്നാളെന്നും ഭയമില്ലാത്ത, സന്തോഷത്തിന്റെ നല്ല അനുഭവത്തില്‍ ക്രിസ്മസ് ആഘോഷിക്കാമെന്നും ക്ലീമിസ് കാതോലിക്ക ബാവ പറഞ്ഞു. കരോള്‍ സംഘങ്ങളെ ആക്രമിക്കുന്ന പ്രതികൂല സാഹചര്യങ്ങള്‍ വര്‍ധിച്ച് വരികയാണ്. നമ്മുടെ പ്രാര്‍ത്ഥനയില്‍ ഈ പ്രിയ സഹോദരങ്ങളെയും ഓര്‍ക്കണം. ഇന്ത്യയില്‍ മാത്രമല്ല, ലോകത്ത് എല്ലായിടത്തും ഇത്തരം പ്രശ്‌നങ്ങളുണ്ട്. വെറുപ്പ് ഉണ്ടാക്കുന്നവരോട് എന്താണ് നാം പറയേണ്ടത്. അവരുടെ ഹൃദയത്തിലേക്ക് വെളിച്ചം വീശണമേയെന്നും ക്ലീമിസ് കാതോലിക്ക ബാവ പ്രതികരിച്ചു.

ക്രിസ്മസ് ദിനത്തിന്റെ പ്രാധാന്യം തകര്‍ക്കാന്‍ പലരും ശ്രമിക്കുന്നുണ്ട്. അതിന്റെ പൊലിമ കളയാന്‍ മറ്റ് ആഘോഷങ്ങള്‍ പ്രഖ്യാപിക്കുന്നു. യേശുവിന്റെ നാമം ഭൂമിയില്‍ നിന്ന് എടുത്ത് കളയാന്‍ ദൈവത്തിനല്ലാതെ മറ്റാര്‍ക്കും കഴിയില്ല. ജീവനെടുക്കാനും മര്‍ദ്ദിക്കാനും ഭയപ്പെടുത്താനും എല്ലാവര്‍ക്കും കഴിയും. ചേര്‍ത്ത് പിടിക്കാനും ധൈര്യം നല്‍കാനും നമുക്ക് കഴിയണം. ഭരണാധികാരികള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാം. ദൈവഭയത്തോടും നന്മയോടും കൂടി ജനങ്ങളെ നയിക്കാന്‍ കഴിയണമേ എന്ന് പ്രാര്‍ത്ഥിക്കാമെന്നും ക്ലീമിസ് കാതോലിക്ക ബാവ കൂട്ടിച്ചേര്‍ത്തു.

അതേസമയം ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് നേരെയുള്ള ആക്രമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു. ഇത്തരം ആക്രമണങ്ങള്‍ക്ക് പിന്നില്‍ സംഘപരിവാറാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ ആരോപണം.
ലോകത്തിനാകെ വെളിച്ചം പകരുന്ന നന്മയുടെയും സമാധാനത്തിന്റെയും സന്ദേശത്തിന്റെയും പ്രഭ കെടുത്തും വിധം ക്രിസ്മസ് ആഘോഷങ്ങളെ കടന്നാക്രമിക്കുന്ന അവസ്ഥ നമ്മെ അസ്വസ്ഥരാക്കുന്നതാണെന്നും ഇതിനെല്ലാം പിന്നില്‍ സംഘപരിവാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പത്രമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

Content Highlight; "May Christmas be a festival of joy and enlighten the hearts of those who spread hatred," says Catholic Bishop Cleemis

dot image
To advertise here,contact us
dot image