
May 21, 2025
10:52 PM
നൈനിറ്റാൾ: ഇന്ത്യയുടെ ലോകകപ്പ് ഹീറോ മുഹമ്മദ് ഷമി ജീവിത്തിലും ഹീറോയാകുന്നു. അപകടത്തിൽപ്പെട്ടയാളുടെ ജീവൻ രക്ഷിച്ചാണ് ഇത്തവണ ഷമി ഹീറോയായത്. ഗുരുതര സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ താനും കൂടെയുള്ളവരും ചേർന്ന് അപകടത്തിൽപ്പെട്ടയാളെ രക്ഷിച്ചുവെന്ന് മുഹമ്മദ് ഷമി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു. ഇതിൽ താൻ സന്തോഷവാനെന്നും ഷമി വ്യക്തമാക്കി.
ശനിയാഴ്ച നൈനിറ്റാളിൽ വെച്ചാണ് അപകടമുണ്ടായത്. തന്റെ മുന്നിൽ ഓടിയിരുന്ന വാഹനം കുന്നിന്റെ സൈഡിലേക്ക് മറിയുകയായിരുന്നുവെന്ന് ഷമി പറഞ്ഞു. ദൈവം അയാൾക്ക് രണ്ടാം ജന്മം നൽകിയെന്നാണ് ഷമി ഇതിനോട് പ്രതികരിച്ചത്.
യാത്രകൾ ഇഷ്ടപ്പെടുന്ന ആളാണ് താനെന്ന് മുഹമ്മദ് ഷമി മുമ്പൊരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. കാറിലും ബൈക്കിലും സഞ്ചരിക്കാൻ ഏറെ ഇഷ്ടമാണ്. എന്നാൽ ക്രിക്കറ്റ് താരമായ ശേഷം താൻ ബൈക്കിൽ സഞ്ചരിക്കാറില്ല. ബൈക്കിൽ നിന്ന് വീണ് പരിക്ക് പറ്റിയാൽ തനിക്ക് ക്രിക്കറ്റ് കളിക്കാൻ സാധിക്കില്ലെന്നും ഷമി പറഞ്ഞു.
ഏകദിന ലോകകപ്പിലും ഇന്ത്യയുടെ ഹീറോ ആയിരുന്നു മുഹമ്മദ് ഷമി. ഈ ലോകകപ്പിൽ ഏഴ് മത്സരങ്ങളിൽ നിന്നായി ഷമി വീഴ്ത്തിയത് 24 വിക്കറ്റുകളാണ്. ഇതുവരെ മൂന്ന് ലോകകപ്പുകൾ കളിച്ച ഷമി 18 മത്സരങ്ങളിൽ നിന്ന് 55 വിക്കറ്റുകളാണ് വീഴ്ത്തിയത്.