
കൊളംബോ: ഏകദിന കരിയറിൽ പുതിയ നാഴികക്കല്ല് പിന്നിട്ട് ഇന്ത്യയുടെ സ്റ്റാർ സ്പിന്നർ രവീന്ദ്ര ജഡേജ. 200 ഏകദിന വിക്കറ്റുകൾ എന്ന നേട്ടമാണ് 34കാരനായ താരം സ്വന്തം പേരിലെഴുതിച്ചേർത്തത്. 175 ഇന്നിങ്സുകളിൽ നിന്നാണ് ജഡേജ 200 വിക്കറ്റ് ക്ലബ്ബിലേക്ക് പ്രവേശിച്ചത്. ഈ നേട്ടം സ്വന്തമാക്കുന്ന ഏഴാമത്തെ ഇന്ത്യൻ താരവും ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഒരേയൊരു ഇടംകൈയ്യൻ സ്പിന്നറുമാണ് ജഡ്ഡു.
ഏഷ്യാ കപ്പ് സൂപ്പർ ഫോറിൽ മത്സരത്തിൽ ബംഗ്ലാദേശിന്റെ ഷമീം ഹുസൈനെ വിക്കറ്റ് മുന്നിൽ കുടുക്കിയാണ് ചരിത്രനേട്ടത്തിലേക്ക് ജഡ്ഡു ചുവടുവെച്ചത്. മത്സരത്തിൽ പത്ത് ഓവർ എറിഞ്ഞ താരം 53 റൺസ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് വീഴ്ത്തി. ഇതോടെ 2000 റൺസും 200 വിക്കറ്റും നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമെന്ന നേട്ടവും സൗരാഷ്ട്രക്കാരൻ സ്വന്തമാക്കി. മുൻപ് കപിൽ ദേവ് മാത്രമാണ് ഈ റെക്കോർഡ് സ്വന്തമാക്കിയിട്ടുള്ളത്. 182 ഏകദിനങ്ങളിൽ നിന്ന് 2578 റൺസാണ് ജഡേജയുടെ സമ്പാദ്യം. 225 ഏകദിനങ്ങൾ കളിച്ചിട്ടുള്ള കപിൽ ദേവ് 3783 റൺസും 253 വിക്കറ്റുകളുമാണ് നേടിയിട്ടുള്ളത്.
2009ൽ വഡോദരയിൽ ഓസ്ട്രേലിയക്കെതിരായ മത്സരത്തിൽ റിക്കി പോണ്ടിങ്ങിനെ പുറത്താക്കിയാണ് ജഡേജ കരിയർ ആരംഭിക്കുന്നത്. 50 ഓവർ ഫോർമാറ്റിൽ ഏഴ് തവണ നാല് വിക്കറ്റും ഒരു തവണ അഞ്ച് വിക്കറ്റും ജഡേജ സ്വന്തമാക്കിയിട്ടുണ്ട്. 2013ലെ ചാമ്പ്യൻസ് ട്രോഫിയിൽ വിൻഡീസിനെതിരെ നേടിയ അഞ്ച് വിക്കറ്റ് നേട്ടമാണ് (5/36) ഏറ്റവും മികച്ച ഏകദിന പ്രകടനം.