പാലക്കാട് അടക്കം 12 വ്യാവസായിക സ്മാർട്ട് സിറ്റികൾ വരുന്നു; സാധ്യത 40 ലക്ഷത്തോളം തൊഴിലവസരങ്ങള്‍ക്ക്

പദ്ധതി ഏകദേശം 9.39 ലക്ഷം നേരിട്ടുള്ള തൊഴിലവസരങ്ങളും 30 ലക്ഷം വരെ പരോക്ഷ തൊഴിലവസരങ്ങളും സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ.
പാലക്കാട് അടക്കം 12 വ്യാവസായിക സ്മാർട്ട് സിറ്റികൾ വരുന്നു; സാധ്യത 40 ലക്ഷത്തോളം തൊഴിലവസരങ്ങള്‍ക്ക്
Updated on

പത്ത് സംസ്ഥാനങ്ങളിലെ പന്ത്രണ്ട് വ്യാവസായിക സ്മാർട്ട് സിറ്റികളുടെ വികസനത്തിന് അം​ഗീകാരം നൽകിയിരിക്കുകയാണ് കേന്ദ്രമന്ത്രിസഭ‌. ഇതോടെ 40 ലക്ഷത്തോളം തൊഴിലവസരങ്ങള്‍ക്കുള്ള സാധ്യത കൂടിയാണ് തെളിയുന്നത്. ആകെ 28,602 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്. പദ്ധതിയുടെ ഭാ​ഗമായി 1.52 ലക്ഷം കോടി രൂപയുടെ നിക്ഷേപം ആകർഷിക്കപ്പെടുമെന്നാണ് കണക്കുകൂട്ടല്‍. ഏകദേശം 9.39 ലക്ഷം നേരിട്ടുള്ള തൊഴിലവസരങ്ങളും 30 ലക്ഷം വരെ പരോക്ഷ തൊഴിലവസരങ്ങളും പദ്ധതിയിലൂടെ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അമൃത്സർ-കൊൽക്കത്ത, ഡൽഹി-മുംബൈ, വിശാഖപട്ടണം-ചെന്നൈ, ഹൈദരാബാദ്-ബെംഗളൂരു, ഹൈദരാബാദ്-നാഗ്പൂർ, ചെന്നൈ-ബെംഗളൂരു എന്നീ ആറ് വ്യാവസായിക ഇടനാഴികളിലായി ഈ പദ്ധതികൾ നടപ്പാക്കുമെന്നാണ് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ബുധനാഴ്ച അറിയിച്ചത്. ഉത്തരാഖണ്ഡിലെ ഖുർപിയ, പഞ്ചാബിലെ രാജ്‌പുര-പാട്യാല, മഹാരാഷ്ട്രയിലെ ദിഗി, കേരളത്തിലെ പാലക്കാട്, യുപിയിലെ ആഗ്ര, പ്രയാഗ്‌രാജ്, ബീഹാറിലെ ഗയ, തെലങ്കാനയിലെ സഹീറാബാദ്, ആന്ധ്രാപ്രദേശിലെ ഒർവക്കൽ, കൊപ്പർത്തി, രാജസ്ഥാനിലെ ജോധ്പൂർ-പാലി എന്നിവിടങ്ങളിലാണ് ഈ വ്യവസായ മേഖലകൾ സ്ഥാപിക്കുക.

റെയിൽ പദ്ധതി

6,456 കോടി രൂപ ചെലവ് കണക്കാക്കുന്ന 296 കിലോമീറ്റർ ദൈർഘ്യമുള്ള മൂന്ന് പ്രധാന റെയിൽവെ അടിസ്ഥാന സൗകര്യ പദ്ധതികൾക്കും മന്ത്രിസഭ പച്ചക്കൊടി കാട്ടിയിട്ടുണ്ട്. ഈ പദ്ധതികൾ റെയിൽ കണക്റ്റിവിറ്റി ഗണ്യമായി വർദ്ധിപ്പിക്കുകയും പ്രാദേശിക വികസനം ഉത്തേജിപ്പിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പ്രത്യേകിച്ച് ഒഡീഷയിലെ നുവാപദ, ജാർഖണ്ഡിലെ ഈസ്റ്റ് സിംഗ്ഭൂം ജില്ലകളിലെ റെയിൽവെ പദ്ധതികൾ ഈ നിലയിലാണ് സ‍ർക്കാർ വിഭാവനം ചെയ്തിരിക്കുന്നത്.

കാർഷിക മേഖലയിലെ അടിസ്ഥാന സൗകര്യ വികസന ഫണ്ടിൻ്റെ വിപുലീകരണം

ഒരു ലക്ഷം കോടി രൂപ ബജറ്റിൽ 2020 ൽ ആരംഭിച്ച അഗ്രി ഇൻഫ്രാസ്ട്രക്ചർ ഫണ്ടിൻ്റെ വിപുലീകരണവും മന്ത്രിസഭ പ്രഖ്യാപിച്ചു. പാക്ക് ഹൗസുകൾ, കോൾഡ് സ്റ്റോറേജ്, ശീതീകരിച്ച വാഹനങ്ങൾ, പ്രാഥമിക സംസ്കരണ യൂണിറ്റുകൾ തുടങ്ങിയ വിളവെടുപ്പിന് ശേഷമുള്ള കാർഷിക അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ടാണ് ഈ ഫണ്ട് വിനിയോ​ഗമെന്നാണ് സ‍‍ർക്കാർ വ്യക്തമാക്കുന്നത്. സംയോജിത ദ്വിതീയ പ്രോസസ്സിംഗും പിഎം-കുസും പദ്ധതിയുടെ ഘടകഭാഗം എയുടെ കവറേജും ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന വിപുലീകരണത്തിൽ ഉൾപ്പെടും. ഇവ ഈ പ്രോജക്റ്റുകൾക്ക് ക്രെഡിറ്റ് ഗ്യാരണ്ടി നൽകും. കർഷകരെ അവരുടെ ഉൽപന്നങ്ങളുടെ മൂല്യം വർദ്ധിപ്പിക്കുന്നതിനും കാർഷികാധിഷ്ഠിത വ്യവസായങ്ങൾ സ്ഥാപിക്കുന്നതിനും സഹായിക്കുക എന്നതാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്.

വടക്കുകിഴക്കൻ മേഖലയിലെ ജലവൈദ്യുത പദ്ധതികൾക്ക് പിന്തുണ

62 ജിഗാവാട്ട് ജലവൈദ്യുതി ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ള വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ ജലവൈദ്യുത പദ്ധതികളുടെ വികസനത്തിന് 4,136 കോടി രൂപയുടെ ഓഹരി പിന്തുണ കേന്ദ്ര സ‍ർ‌ക്കാർ നൽകും. ഈ ക്ലീൻ എനർജി സംരംഭം രാജ്യത്തിൻ്റെ കാലാവസ്ഥാ സംരക്ഷണ ലക്ഷ്യങ്ങളിൽ ഗണ്യമായ സംഭാവന നൽകുമെന്നും വടക്കു കിഴക്കൻ മേഖലയിൽ വികസനം കൊണ്ടുവരുമെന്നുമാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com