

ഷാർജയിലെ വിവിധ മേഖലകളിൽനിന്ന് അൽ ദൈദ് ഇത്തിഹാദ് റെയിൽ സ്റ്റേഷനിലേക്ക് മൂന്ന് പുതിയ പൊതുബസ് റൂട്ടുകൾ പ്രഖ്യാപിച്ച് ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (SRTA). പൊതുഗതാഗത സംവിധാനങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും യാത്രക്കാർക്ക് റെയിൽവേ സ്റ്റേഷനിലേക്ക് എളുപ്പത്തിൽ എത്തുന്നതിനുമായാണ് പുതിയ സർവീസുകൾ ആരംഭിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.
ER1 (അൽ മദം), ER2 (അൽ സജാ), ER3 (ഷാർജ) എന്നിവയാണ് പുതിയ ബസ് റൂട്ടുകൾ. മൂന്ന് റൂട്ടുകളും അൽ ദൈദിലെ ഇത്തിഹാദ് റെയിൽ സ്റ്റേഷനുമായി ബന്ധിപ്പിച്ചാണ് സർവീസ് നടത്തുക. അൽ സജാ ബസ് സ്റ്റേഷനിൽനിന്ന് അൽ ദൈദ് ഇത്തിഹാദ് റെയിൽ സ്റ്റേഷനിലേക്കുള്ള ER2 റൂട്ടിന്റെ സമയക്രമവും അതോറിറ്റി പ്രസിദ്ധീകരിച്ചു. ഏകദേശം 43 മിനിറ്റാണ് ഈ റൂട്ടിലെ യാത്രാസമയം വരുന്നത്. അൽ ദൈദ് സ്റ്റേഷനിൽനിന്ന് അൽ സജയിലേക്ക് ദിവസവും രാവിലെ 6.40 മുതൽ രാത്രി 8.55 വരെ ബസ് സർവീസുകൾ നടത്തും. ഈ ദിശയിൽ പ്രതിദിനം 12 സർവീസുകളാണ് സമയക്രമത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
പുതിയ ബസ് റൂട്ടുകൾ വഴി ഷാർജയിലെ പൊതുബസ് ശൃംഖലയും ഇത്തിഹാദ് റെയിൽ സർവീസും തമ്മിൽ കൂടുതൽ സൗകര്യപ്രദമായ യാത്രാസൗകര്യം ലഭ്യമാകുമെന്ന് അധികൃതർ പറഞ്ഞു. എമിറേറ്റിലെ പൊതുഗതാഗത സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും യാത്രക്കാർക്ക് തടസ്സമില്ലാത്ത യാത്ര ഉറപ്പാക്കുന്നതിനും പുതിയ സർവീസുകൾ സഹായിക്കുമെന്ന് എസ്ആർടിഎ അറിയിച്ചു.
Content Highlights: Sharjah Roads and Transport Authority has launched three new bus routes connecting Al Madam, Al Sajaa and Sharjah City to Etihad Rail Station in Al Dhaid.