

സർക്കാർ ഉദ്യോഗസ്ഥനെന്ന വ്യാജേന ബാങ്ക് അക്കൗണ്ട് പരിശോധനയുടെ പേരിൽ പണം തട്ടിയെടുത്ത സംഭവത്തിൽ അറബ് വനിതയ്ക്ക് ഒരു മില്യൺ ദിർഹത്തിലധികം തുക തിരികെ നൽകി ദുബായ് പൊലീസ്. തട്ടിപ്പുകാരൻ കൈക്കലാക്കിയ പണം വീണ്ടെടുത്താണ് പൊലീസ് യുവതിക്ക് തിരികെ നൽകിയത്. വിനോദയാത്രയ്ക്കായി വിദേശത്തായിരുന്നപ്പോഴാണ് തട്ടിപ്പുകാർ യുവതിയെ ബന്ധപ്പെട്ടതെന്നാണ് ദുബായ് പൊലീസ് വിശദീകരിക്കുന്നത് . യുവതിയുടെ ബാങ്ക് അക്കൗണ്ട് സംശയത്തിന്റെ നിഴലിലാണെന്നും താൻ പ്രതിനിധീകരിക്കുന്ന സർക്കാർ സ്ഥാപനത്തിന് അക്കൗണ്ട് പരിശോധിക്കേണ്ടതുണ്ടെന്നും തട്ടിപ്പ് സംഘം അറിയിക്കുകയായിരുന്നു. ഇക്കാര്യം മറ്റാരോടും പറയരുതെന്നും വിവരം പുറത്തറിഞ്ഞാൽ കേസ് നടപടികളെ ബാധിക്കുമെന്നും ഇയാൾ മുന്നറിയിപ്പ് നൽകുകയായിരുന്നുവെന്നാണ് ദുബായ് പൊലീസിലെ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനു കീഴിലുള്ള ആന്റി സൈബർ ക്രൈം സെന്റർ ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ അലി അൽ യമാഹി അറിയിച്ചത്.
യുവതിയുടെ വിശ്വാസവും ഭയവും മുതലെടുത്താണ് തട്ടിപ്പുകാരൻ നിർദേശങ്ങൾ അനുസരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. യുഎഇയിൽ തിരിച്ചെത്തിയ യുവതിയോട് പണം താൻ നിർദേശിക്കുന്ന ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാൻ ഇയാൾ ആവശ്യപ്പെട്ടു. പരിശോധനാ നടപടികൾ പൂർത്തിയായാൽ പണം തിരികെ നൽകുമെന്നായിരുന്നു വാഗ്ദാനം. പിന്നീട് ബാങ്കിലെത്തി അക്കൗണ്ട് വീണ്ടെടുക്കാൻ നിർദേശിച്ച ഇയാൾ ഔദ്യോഗിക ബാങ്ക് അവധിയായതിനാൽ ബാങ്ക് ജീവനക്കാരൻ നേരിട്ടെത്തി സഹായിക്കുമെന്നും അറിയിച്ചു. മണിക്കൂറുകളോളം കാത്തിരുന്നിട്ടും ആരും എത്താതായതോടെയാണ് താൻ വഞ്ചിക്കപ്പെട്ടതായി യുവതിക്ക് മനസ്സിലായത്. തുടർന്ന് ദുബായ് പൊലീസിൽ പരാതി നൽകുകയായിരുന്നു.
പരാതി ലഭിച്ച ഉടൻ പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ഒരു മില്യൺ ദിർഹത്തിലധികം വരുന്ന മുഴുവൻ തുകയും കണ്ടെത്തി യുവതിക്ക് തിരികെ നൽകിയതായി അലി അൽ യമാഹി വ്യക്തമാക്കി. സർക്കാർ ഉദ്യോഗസ്ഥരെന്ന വ്യാജേന ആളുകളെ സമീപിച്ച് സുരക്ഷാ പരിശോധനയുടെയോ ബാങ്ക് അക്കൗണ്ട് സ്ഥിരീകരണത്തിന്റെയോ പേരിൽ പണം തട്ടുന്ന സംഭവങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ദുബായ് പൊലീസ് മുന്നറിയിപ്പ് നൽകി. വ്യക്തിഗത വിവരങ്ങളോ ബാങ്കിങ് വിവരങ്ങളോ നൽകുന്നതിന് മുമ്പ് വെബ്സൈറ്റുകളുടെ വിശ്വാസ്യത ഉറപ്പാക്കണം. വിശ്വസനീയമല്ലാത്ത വ്യക്തികളുമായോ സ്ഥാപനങ്ങളുമായോ ക്രെഡിറ്റ് കാർഡ് വിവരങ്ങളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും പങ്കുവയ്ക്കരുതെന്നും പൊലീസ് നിർദേശിച്ചു.
അപരിചിതമായ സാമ്പത്തിക ഇടപാടുകളോ സംശയകരമായ പ്രവർത്തനങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ 901 കോൾ സെന്റർ, പോലീസ് ഐ (Police Eye) സേവനം, ഇക്രൈം (eCrime) പ്ലാറ്റ്ഫോം എന്നിവ വഴി റിപ്പോർട്ട് ചെയ്യാം. ദുബായ് പൊലീസിന്റെ ഔദ്യോഗിക ആപ്പിലൂടെയും വെബ്സൈറ്റിലൂടെയും ഇക്രൈം സേവനം ലഭ്യമാണ് തുടങ്ങിയ നിർദേശങ്ങളും അധികൃതർ നൽകി. തട്ടിപ്പിന്റെ പുതിയ രീതികളെക്കുറിച്ചുള്ള പൊതുജനങ്ങളുടെ അവബോധവും സമയബന്ധിതമായ പരാതികളും കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിനും വേഗത്തിൽ നടപടിയെടുക്കുന്നതിനും സമൂഹത്തെ സാമ്പത്തിക, സൈബർ തട്ടിപ്പുകളിൽനിന്ന് സംരക്ഷിക്കുന്നതിനും നിർണായകമാണെന്നും അലി അൽ യമാഹി കൂട്ടിച്ചേർത്തു.
Content Highlights: Dubai Police recovered more than Dh1 million lost in a fraud case and returned the money to the victim while warning the public about financial scams.