

ഡിജിറ്റൽ ഇടപാടുകൾക്കുള്ള സുരക്ഷയും സംരക്ഷണവും ശക്തമാക്കുന്നതിന്റെ ഭാഗമായി പുതിയ മുന്നറിയിപ്പുമായി സൗദി അറേബ്യ. രാജ്യത്ത് ഇലക്ട്രോണിക് ഇടപാടുകളും ഡിജിറ്റൽ ഒപ്പുകളും ദുരുപയോഗം ചെയ്യുന്നവർക്ക് അഞ്ച് വർഷം വരെ തടവും അഞ്ച് മില്യൺ റിയാൽ വരെ കനത്ത പിഴയും ലഭിക്കുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.
ഇലക്ട്രോണിക് ഇടപാടുകളിലും ഒപ്പുകളിലും ഉണ്ടാകുന്ന വഞ്ചനയും ദുരുപയോഗവും തടയുന്നതിനും ഡിജിറ്റൽ മേഖലയിലെ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് കർശനമായ ക്രിമിനൽ സുരക്ഷാ സംവിധാനങ്ങൾ സൗദിയിൽ നടപ്പിലാക്കുന്നത്. പുതിയ നിർദ്ദേശപ്രകാരം, സർട്ടിഫിക്കറ്റ് അപേക്ഷകരിൽ നിന്ന് ശേഖരിക്കുന്ന വ്യക്തിഗത വിവരങ്ങൾ അവരുടെ മുൻകൂർ അനുമതിയില്ലാതെ മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിൽ നിന്ന് സർട്ടിഫിക്കേഷൻ സേവന ദാതാക്കളെ വിലക്കിയിട്ടുണ്ട്.
നിയമലംഘനം നടത്തുന്നവർക്ക് അഞ്ച് വർഷം വരെ തടവും 5 ദശലക്ഷം റിയാൽ വരെ പിഴയും ലഭിക്കും. കൂടാതെ കുറ്റകൃത്യം ചെയ്യാൻ ഉപയോഗിച്ച കമ്പ്യൂട്ടർ സിസ്റ്റങ്ങൾ, സോഫ്റ്റ്‌വെയറുകൾ, മറ്റ് ഉപകരണങ്ങൾ എന്നിവ കണ്ടുകെട്ടുകയും ചെയ്യും. ഇതിനുപുറമെ കുറ്റവാളികൾക്കെതിരെയുള്ള അന്തിമ കോടതി വിധികൾ അവരുടെ സ്വന്തം ചിലവിൽ മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കുമെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. ഡിജിറ്റൽ സേവനങ്ങളിലും ഇ-കൊമേഴ്‌സ് ചട്ടക്കൂടുകളിലും ജനങ്ങളുടെ വിശ്വാസവും സുരക്ഷിതത്വവും വർദ്ധിപ്പിക്കാനാണ് സൗദി അറേബ്യ ഈ നിയമങ്ങളിലൂടെ ലക്ഷ്യമിടുന്നത്.
Content Highlights: Saudi Arabia plans to impose tougher punishments for electronic misuse and cyber-related offenses as part of efforts to improve cybersecurity and safeguard digital transactions. The move aims to protect individuals and businesses from online threats and fraud.